ആര്‍ത്തവ ഉല്‍പന്നങ്ങള്‍ സൗജന്യമായി നല്‍കുന്ന ആദ്യ രാജ്യമായി സ്‌കോട്‌ലാന്‍ഡ്
World News
ആര്‍ത്തവ ഉല്‍പന്നങ്ങള്‍ സൗജന്യമായി നല്‍കുന്ന ആദ്യ രാജ്യമായി സ്‌കോട്‌ലാന്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th August 2022, 8:15 am

എഡിന്‍ബര്‍ഗ്: സ്ത്രീകള്‍ക്ക് ആര്‍ത്തവ ഉല്‍പന്നങ്ങള്‍ സൗജന്യമായി നല്‍കുന്ന ആദ്യ രാജ്യമായി സ്‌കോട്‌ലാന്‍ഡ്.

ആര്‍ത്തവ ഉല്‍പന്നങ്ങള്‍ സൗജന്യമായി ലഭിക്കുന്നതിനുള്ള അവകാശം (right to access free period products) നിയമമാണ് തിങ്കളാഴ്ച മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്.

നിയമപ്രകാരം, ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ ആവശ്യമുള്ള ആര്‍ക്കും (സൗജന്യമായി) പ്രാദേശിക ഉദ്യോഗസ്ഥരും വിദ്യാഭ്യാസരംഗത്തെ അധികൃതരും ചേര്‍ന്ന് അത് ലഭ്യമാക്കേണ്ടതുണ്ട്.

2020 നവംബറിലായിരുന്നു സ്‌കോട്ടിഷ് പാര്‍ലമെന്റ് പിരീയഡ് പ്രൊഡക്ട്‌സ് (ഫ്രീ പ്രൊവിഷന്‍) (സ്‌കോട്‌ലാന്‍ഡ്) ആക്ട് ഏകകണ്ഠമായി പാസാക്കിയത്. ഇതോടെ പൊതു ഇടങ്ങളില്‍ സാനിറ്ററി ഉല്‍പന്നങ്ങള്‍ സൗജന്യമായി ലഭിക്കുന്നത് നിയമപരമായ അവകാശമായി മാറി.

നേരത്തെ സ്‌കോട്‌ലാന്‍ഡിന്റെ പ്രഥമ മന്ത്രി നിക്കോളാ സ്റ്റര്‍ജന്‍ വിപ്ലവകരമായ ഈ നിയമനിര്‍മാണത്തെ പ്രശംസിക്കുകയും ഇത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വളരെ പ്രധാനപ്പെട്ട നിയമമാണെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു.

”ജീവിതച്ചെലവ് മൂലമുള്ള പ്രതിസന്ധികള്‍ കാരണം ആളുകള്‍ ബുദ്ധിമുട്ടുള്ള തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ നിര്‍ബന്ധിതരാവുകയാണ്.

ആര്‍ത്തവകാല ഉല്‍പന്നങ്ങള്‍ സൗജന്യമായി നല്‍കുന്നത് തുല്യതയ്ക്കും അന്തസ്സിനും അടിസ്ഥാനമായ കാര്യമാണ്. അവ വാങ്ങുന്നതിനുള്ള സാമ്പത്തിക തടസങ്ങള്‍ ഇതോടെ ഇല്ലാതാക്കുന്നു.

ഇത്തരം ഉല്‍പന്നങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള ഏറ്റവും മികച്ച സംവിധാനം വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ച എല്ലാ സ്ത്രീകളോടും പെണ്‍കുട്ടികളോടും ഞാന്‍ നന്ദി പറയുന്നു,” സ്‌കോട്‌ലാന്‍ഡിന്റെ സാമൂഹിക നീതി സെക്രട്ടറി ഷോണ റോബിസണ്‍ ഞായറാഴ്ച അഭിപ്രായപ്പെട്ടു.

ആര്‍ത്തവ ഉല്‍പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് PickupMyPeriod എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ച് അവരുടെ അടുത്തുള്ള കളക്ഷന്‍ പോയിന്റ് കണ്ടെത്താനാകും.

സൗജന്യ ഉല്‍പന്നങ്ങള്‍ സൗജന്യമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനു പുറമേ സ്‌കൂളുകളിലെ ആര്‍ത്തവാരോഗ്യ റിസോഴ്‌സുകള്‍ മെച്ചപ്പെടുത്താനും ആന്റി സ്റ്റിഗ്മ ക്യാമ്പെയ്ന്‍ വിജയകരമായി നടപ്പാക്കാനും സ്‌കോട്‌ലാന്‍ഡ് സര്‍ക്കാര്‍ ഫണ്ടിങ് നടത്തുന്നുണ്ട്.

Content Highlight: Scotland becomes the first country to provide free period products