സിന്ധ്യ ക്യാംപിലെ ഭൂരിഭാഗം പേരും മന്ത്രി സ്ഥാനത്തേക്ക്; മധ്യപ്രദേശ് ബി.ജെ.പിയില്‍ അസ്വസ്ഥത
Madhyapradesh
സിന്ധ്യ ക്യാംപിലെ ഭൂരിഭാഗം പേരും മന്ത്രി സ്ഥാനത്തേക്ക്; മധ്യപ്രദേശ് ബി.ജെ.പിയില്‍ അസ്വസ്ഥത
ന്യൂസ് ഡെസ്‌ക്
Thursday, 2nd July 2020, 11:37 am

ഭോപ്പാല്‍: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ മധ്യപ്രദേശില്‍ മന്ത്രിസഭാ രൂപീകരണം. ശിവരാജ് സിംഗ് ചൗഹാനും നേരത്തെ സത്യപ്രതിജ്ഞ ചെയ്ത അഞ്ച് മന്ത്രിമാര്‍ക്കും പുറമെ ഇന്ന് 28 പേര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യും.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കിയ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പമുള്ള 12 പേര്‍ മന്ത്രിമാരാകുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപീകരിച്ച് മൂന്ന് മാസത്തിന് ശേഷമാണ് മന്ത്രിസഭാ വികസനം നടക്കുന്നത്.

സംസ്ഥാനത്തെ പല മുതിര്‍ന്ന ബി.ജെ.പി നേതാക്കളെയും തഴഞ്ഞാണ് സിന്ധ്യ ക്യാംപിലുള്ളവര്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയത് എന്നതിനാല്‍ നേതാക്കള്‍ അതൃപ്തിയിലാണ്. ഗോപാല്‍ ഭാര്‍ഗവിനെപ്പോലുള്ള നേതാക്കള്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിട്ടുമുണ്ട്.

ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ ആരോഗ്യസ്ഥിതി മോശമായതിനെ ആശുപത്രിയിലായതിനാല്‍ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് മധ്യപ്രദേശിന്റെ അധിക ചുമതല നല്‍കിയിരുന്നു.

ബി.ജെ.പിയിലെ പ്രമുഖ നേതാക്കളും മന്ത്രിപദവിക്ക് വേണ്ടി ചരടുവലി നടത്തിയിരുന്നു. ഇതോടെയാണ് ശിവരാജ് സിംഗ് ചൗഹാന്‍ വെട്ടിലായത്. മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതിന് ചൗഹാന്‍ പലതവണ ദല്‍ഹി യാത്ര നടത്തിയിരുന്നു.

കൊറോണ പ്രതിസന്ധി വേളയിലും അഞ്ച് മന്ത്രിമാരുമായിട്ടാണ് മധ്യപ്രദേശിലെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരണം വേഗത്തിലാക്കാന്‍ കേന്ദ്ര നേതാക്കള്‍ ചൗഹാന് നിര്‍ദേശം നല്‍കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ