| Tuesday, 24th January 2012, 10:39 am

യമുനയെ സുന്ദരിയാക്കാന്‍ ശാസ്ത്രജ്ഞന്‍മാരുടെ കാടുനിര്‍മാണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 200ലധികം സ്പീഷീസുകളില്‍പെട്ട പക്ഷികളും 900ത്തിലധികം ചെടികളും തിങ്ങിനിറഞ്ഞ മനോഹരമായ പ്രദേശമായിരുന്നു യമുന ബയോഡൈവേഴ്‌സിറ്റി പാര്‍ക്ക്. എന്നാല്‍ ഇടക്കാലത്ത് ഈ സ്ഥലത്തിന്റെ സ്ഥിതി ഓവുചാലിനേക്കാള്‍ കഷ്ടമായിരുന്നു. ഇതിനടുത്തുകൂടെ സഞ്ചരിക്കുന്നവര്‍ക്ക് മൂക്ക് പൊത്താതെ മൂന്നോട്ട്‌പോകാനാവുമായിരുന്നില്ല. ഇതുവരെ ഈ ചീഞ്ഞുനാറലിനെ കുറ്റം പറയുകമാത്രമാണ് എല്ലാവരും ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ചിലരുടെ ഭാഗത്തുനിന്നെങ്കിലും ഇത് ശുദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുകയാണ്.

നദിയുടെ തീരത്തുള്ള യഥാര്‍ത്ഥ പരിസ്ഥിതി വീണ്ടെടുക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുവന്നിരിക്കുന്നത് ഒരു കൂട്ടം ശാസ്ത്രജ്ഞരാണ്. ബയോളജിസ്റ്റ് ഫയാസ് ഖുന്‍സറിന്റെ നേതൃത്വത്തിലാണ് ഇവിടുത്തെ ആവാസവ്യവസ്ഥ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

” നിറയെ ഉപ്പുള്ള ഒരു തരിശുഭൂമിയായിരുന്നു ഇത്. ഈ ഉപ്പ് കുറയ്ക്കാന്‍ ഞങ്ങള്‍ കെമിക്കല്‍സ് ഒന്നും ഉപയോഗിച്ചില്ല. പകരം യമുനയുടെ തീരത്ത് തന്നെ സുലഭമായ സസ്യജാലങ്ങള്‍ ഉപയോഗിച്ചു. നിരവധി പുല്ലുകളും പയര്‍ചെടികളും ഞങ്ങള്‍ ഇവിടെ നട്ടുവളര്‍ത്തി. അങ്ങനെ ഇപ്പോള്‍ നിങ്ങള്‍ കാണുന്ന കാടിന് എട്ടുവയസ്സായി. ഇത് ഏറെ വ്യത്യസ്തവും മനോഹരവുമാണ്.” ഫയാസ് പറഞ്ഞു.

ഈ 450 ഏക്കര്‍ വനഭൂമിയും ഇവരുണ്ടാക്കിയത് തരിശിലാണ്. മുമ്പ് യമുനയില്‍ നിന്ന് അപ്രത്യക്ഷമായ  100 ലധികം വര്‍ഗം ജലസസ്യങ്ങളും 20 മത്സ്യയിനങ്ങളും ഇന്ന് ഇവിടെയുണ്ട്. ഇതിന്റെ ഫലമായി ആയിരക്കണക്കിന് പക്ഷികള്‍ ഇവിടെയെത്താന്‍ തുടങ്ങി.

റെഡ് ക്രസ്റ്റഡ് പൊഞ്ചാര്‍ഡ് കാണപ്പെടുന്ന ദല്‍ഹിയിലെ ഏക പ്രദേശമാണിത്. അതിനര്‍ത്ഥം ഇവിടുത്ത ആവാസ്ഥ വ്യവസ്ഥ യഥാസ്ഥിതിയിലേക്ക് വരുന്നുവെന്നുതന്നെയാണ്.” ഫയാസ് പറഞ്ഞു.
” വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്പണ്‍ എയര്‍ ലബോറട്ടറിയെന്ന് വിളിക്കാനാവുന്ന പ്രദേശമാണിത്. പൂമ്പാറ്റയുടെ ജീവിതചക്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇവിടെ വന്ന് അത് നേരിട്ട് കണ്ട് മനസിലാക്കി പോകുന്നു. പക്ഷികള്‍ പഴങ്ങള്‍ തിന്നുന്നതും പ്രാണികളെ പിടിക്കുന്നതും, മറ്റ് പക്ഷികളെ കൊല്ലുന്നതുമൊക്കെ അവര്‍ നേരിട്ട് കാണുന്നു.” അദ്ദേഹം വ്യക്തമാക്കി.

യമുനയും സമീപ പ്രദേശങ്ങളും വീണ്ടും പഴയപോലെയാവുകയാണ്. അതിന്റെ മുഴുവന്‍ ക്രഡിറ്റും ഫയാസിനും സംഘത്തിനുമാണ്.

http://features.ibnlive.in.com/videos/embed/223639/C1520A46F5A03B820B85FADC2E7111C8385B6EFE0E8D09D692202B007C9F6465250AF9776187481B42E0EC7A9A0B83F19C6669118A745B72F748D35DA7C37F771C368966732210E26A6ACE790757A2FA7A953D88EF9D666911/01_2012/restoring_yamuna_ip1_271x181.jpg

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more