പാകിസ്താനില്‍ മാനസികാസ്വാസ്ഥ്യമുള്ള പൊലീസ് ഓഫീസര്‍ക്ക് വധശിക്ഷ; സുപ്രീംകോടതി ഹരജി നാളെ പരിഗണിക്കും
world
പാകിസ്താനില്‍ മാനസികാസ്വാസ്ഥ്യമുള്ള പൊലീസ് ഓഫീസര്‍ക്ക് വധശിക്ഷ; സുപ്രീംകോടതി ഹരജി നാളെ പരിഗണിക്കും
ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 7:34 pm

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ സുഹൃത്തിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ മാനസികാസ്വാസ്ഥ്യമുള്ള പൊലീസ് ഓഫീസര്‍ക്ക് വധശിക്ഷ വിധിച്ച കേസില്‍ പാക് സുപ്രീംകോടതി തിങ്കളാഴ്ച അന്തിമ ഹരജി പരിഗണിക്കും. ചൊവ്വാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കോടതിയുടെ നടപടി.

ഖൈസാര്‍ ഹയാത്ത് എന്ന ഉദ്യോഗസ്ഥനാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ഇയാളുടെ മാതാവ് ഇക്ബാല്‍ ബാനുവാണ് ശനിയാഴ്ച കോടതിയില്‍ ഹരജി നല്‍കിയത്. ജില്ലാ സെഷന്‍സ് കോടതിയാണ് ഹയാതിന്റെ വധശിക്ഷ നടപ്പിലാക്കാനൊരുങ്ങുന്നത്.

2003ല്‍ സുഹൃത്തും സഹ ഓഫീസറുമായ ആളെ വെടിവെച്ച് കൊന്ന കേസിലാണ് ഖൈസാറിന് വധശിക്ഷ വിധിച്ചത്. 15 വര്‍ഷമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഖൈസറിന് മാനസികരോഗമായ സ്‌കിസോഫ്രീനിയ ഉണ്ടെന്ന് 2008ല്‍ വൈദ്യപരിശോധനയില്‍ വ്യക്തമായിരുന്നു. ഖൈസറിന് ചികിത്സ ആവശ്യമാണെന്ന് 2010ല്‍ ജയില്‍ ഓഫീസര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തിരുന്നില്ല.

തിങ്കളാഴ്ച ജസ്റ്റിസ് മന്‍സൂര്‍ അഹ്മദ് മാലിക്, ജസ്റ്റിസ് സര്‍ദാര്‍ താരീഖ് മസൂഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക.