മേഘാലയ ഖനി അപകടം; രക്ഷാപ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി
national news
മേഘാലയ ഖനി അപകടം; രക്ഷാപ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd January 2019, 1:47 pm

ഷില്ലോങ്ങ്: മേഘാലയിലെ ഈസ്റ്റ് ജയന്ത ഹില്‍സിലെ ഖനിയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ഡിസംബര്‍ 13 മുതല്‍ 15 ഖനി തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങി കിടക്കുകയാണ്.

“അവര്‍ എല്ലാവരും മരിച്ചു പോയിരുന്നാലും, ചിലര്‍ക്ക് ജീവനുണ്ടെങ്കിലും, എല്ലാവരും ജീവനോടെ ഉണ്ടെങ്കിലും എന്തു തന്നെയാണെങ്കില്‍ ഇവരെ എല്ലാവരെയും എത്രയും പെട്ടെന്ന് പുറത്തെത്തിക്കണം”- സുപ്രീം കോടതി പറഞ്ഞു. “ഇവര്‍ ജീവനോടെ ഉണ്ടായിരിക്കണമെന്ന് തങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നെന്നും” കോടതി പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളും മരണപ്പെട്ടിരിക്കാമെന്ന് ദുരന്തനിവാരണ സേന; ; ഖനിക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം പുറത്തുവരുന്നെന്നും ഉദ്യോഗസ്ഥര്‍

ദേശീയ ദുരന്തപ്രതികരണ സേനയില്‍ നിന്ന് 72 പേരും, ഇന്ത്യന്‍ നാവിക സേനയില്‍ നിന്ന് 14 പേരും, കോള്‍ ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഡിസംബര്‍ 14 മുതല്‍ ദുരന്തം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. “എന്നിട്ട്, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്തു കൊണ്ട് ഫലം കാണുന്നില്ലാ” എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ സൈന്യത്തിന്റെ സേവനം സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കാഞ്ഞതെന്തെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.

രക്ഷാപ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും നിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. രക്ഷാപ്രവര്‍ത്തിന് ഉപയോഗിക്കുന്ന ശക്തിയേറിയ മോട്ടോറുകള്‍ തകരാറിലായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

Also Read മേഘാലയ ഖനി അപകടം; കൂടുതല്‍ സേനകളെത്തി, തിരച്ചില്‍ നാളെ പുനരാരംഭിക്കും

ഡിസംബര്‍ 13നായിരുന്നു അപകടം. സമീപത്തുള്ള ലിറ്റീന്‍ നദിയില്‍ വെള്ളപ്പൊക്കമുണ്ടായതാണ് തൊഴിലാളികള്‍ ഖനിയില്‍ പെടാന്‍ കാരണമായത്. 70 അടി ഉയരത്തില്‍ ഖനിയില്‍ വെള്ളമുള്ള സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനാവാതിരുന്ന സാഹചര്യമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്.

ഇതുവരെ മൂന്ന് ഹെല്‍മെറ്റുകള്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. ഖനിക്കകത്തു നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും അത് നല്ല സൂചനയല്ലെന്നും എന്‍.ഡി.ആര്‍.എഫ് പറഞ്ഞിരുന്നു.