ഇത് വാദിച്ചാല്‍ നിങ്ങള്‍ വിലക്ക് നേരിടേണ്ടി വരും; മുസ്‌ലിംങ്ങളെ പാകിസ്ഥാനിലേക്കയക്കണമെന്ന ഹരജിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം
national news
ഇത് വാദിച്ചാല്‍ നിങ്ങള്‍ വിലക്ക് നേരിടേണ്ടി വരും; മുസ്‌ലിംങ്ങളെ പാകിസ്ഥാനിലേക്കയക്കണമെന്ന ഹരജിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യൂസ് ഡെസ്‌ക്
Friday, 15th March 2019, 4:46 pm

ന്യൂദല്‍ഹി: ഇന്ത്യയിലെ മുസ്‌ലിംങ്ങളെ പാകിസ്ഥാനിലേക്കയക്കണമെന്ന പൊതു താല്‍പര്യ ഹരജി തള്ളി സുപ്രീം കോടതി. വാദം കേള്‍ക്കാന്‍ ബെഞ്ച് തയ്യാറാണെന്നും, എന്നാല്‍ ഹരജിക്കാരന് വേണ്ടി ഹാജരാവുന്ന അഭിഭാഷകന് വിലക്ക് നേരിടേണ്ടി വരുമെന്നും കോടതി അറിയിച്ചപ്പോള്‍, അഭിഭാഷകന്‍ കേസില്‍ നിന്നും പിന്മാറുകയായിരുന്നു. റോഹിങ്ങ്ടണ്‍ നരിമാന്‍, വിനീത് സരണ്‍ എന്നിവരടങ്ങിയ ബെഞ്ച് ആയിരുന്നു ഹരജി പരിഗണിച്ചത്.

ബാര്‍ ആന്റ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം പ്രസ്തുത ഹരജിയില്‍ ബെഞ്ച് അസ്വസ്ഥരായിരുന്നെന്നും, ഹരജിക്കാരനോട് കോടതിയില്‍ ഹരജി പരസ്യമായി വായിച്ചു കേള്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

“ഇതെന്താണ്? നിങ്ങള്‍ക്ക് ഈ കേസ് വാദിക്കാന്‍ ശരിക്കും താല്‍പര്യമുണ്ടോ? നിങ്ങള്‍ക്ക് ഉറപ്പുണ്ടോ?”- ജസ്റ്റിസ് നരിമാന്‍ അഭിഭാഷകനോട് ചോദിച്ചു. വാദം കേള്‍ക്കാന്‍ കോടതി തയ്യാറാകുമെന്നും എന്നാല്‍ അഭിഭാഷകന് വിലക്കേര്‍പ്പെടുത്തുമെന്നും ബെഞ്ച് വ്യക്തമാക്കി. ഇതിന് പിന്നാലെ വാദത്തില്‍ നിന്ന് അഭിഭാഷകന്‍ പിന്മാറുകയും, കോടതി പിരിയുകയും ചെയ്യുകയായിരുന്നു.

എന്നാല്‍, ഇതിനു പിന്നാലെ കോടതിയുടെ സമയം പാഴാക്കിയതിനും, ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജി കോടതിയില്‍ സമര്‍പ്പിച്ചതിനും ഹരജിക്കാരനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയെ ഒരു ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണമെന്ന് മേഘാലയ ഹൈക്കോടതി ജഡ്ജി സുദിപ് സെന്‍ അഭിപ്രായപ്പെട്ടിരുന്നു. വിഭജന സമയത്ത് പാകിസ്ഥാന്‍ മുസ്‌ലിം രാജ്യമായത് ചൂണ്ടിക്കാട്ടിയായിരുന്നു സുദീപിന്റെ അഭിപ്രായം.

സുദീപിന്റെ അഭിപ്രയാം നിയമപരമായി തെറ്റാണെന്നും, ചരിത്രപരമായി തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം അഭിഭാഷകര്‍ സുദീപിനെതിരെ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.