രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗികാരോപണം ഗൂഢാലോചനയെന്ന വെളിപ്പെടുത്തല്‍: അഭിഭാഷകനോട് നേരിട്ട് ഹാജരാവാന്‍ സുപ്രീം കോടതി
India
രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗികാരോപണം ഗൂഢാലോചനയെന്ന വെളിപ്പെടുത്തല്‍: അഭിഭാഷകനോട് നേരിട്ട് ഹാജരാവാന്‍ സുപ്രീം കോടതി
ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2019, 2:19 pm

ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച അഭിഭാഷകന് സുപ്രീം കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ ഉത്സവ് സിങ് ബെയ്ന്‍സിനാണ് കോടതി നോട്ടീസ് നല്‍കിയത്.

ബുധനാഴ്ച രാവിലെ 10.30ന് കോടതിക്കു മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം.

ജെറ്റ് എയര്‍വേഴ്‌സിന്റെ കേസില്‍ ചീഫ് ജസ്റ്റിസിനെ കൈക്കൂലി നല്‍കി വശത്താക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടപ്പോഴാണ് ലൈംഗിക ആരോപണം ഉയര്‍ന്നതെന്നായിരുന്നു ബെയിന്‍സ് പറഞ്ഞത്.

ജെറ്റ് എയര്‍വേഴ്‌സിന്റെ മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന നരേഷ് ഗോയലും വാതുവെപ്പുകാരനും ഇടനിലക്കാരനുമായ രമേശ് ശര്‍മ്മയുമാണ് ഈ ആരോപണത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജെറ്റ് എയര്‍വേഴ്‌സിന്റെ കടങ്ങള്‍ എഴുതിതള്ളാനും അനുകൂല വിധി ലബിക്കാനും മരേഷ് ഗോയല്‍ ചീഫ് ജസ്റ്റിസിന് കോഴ കൊടുക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം സ്വമേധയാ കേസെടുത്ത് പരിഗണിക്കുന്നത്.

ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ റസിഡന്‍സ് ഓഫീസില്‍വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നായിരുന്നു ആരോപണം. സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യാറുള്ള 35 കാരിയാണ് ആരോപണം ഉ്‌നയിച്ചത്. ഏപ്രില്‍ 19ന് സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ചീഫ് ജസ്റ്റിസിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

2018 ഒക്ടോബര്‍ 10ന് രഞ്ജന്‍ ഗോഗോയ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഏതുതരത്തിലുള്ള പീഡനമാണ് തനിക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് വളരെ വിശദമായി സത്യവാങ്മൂലത്തില്‍ യുവതി പറഞ്ഞിട്ടുണ്ട്.

2018 ആഗസ്റ്റില്‍ തനിക്ക് ചീഫ് ജസ്റ്റിസിന്റെ റസിഡന്‍സ് ഓഫീസിലായിരുന്നു ഡ്യൂട്ടി. ചീഫ് ജസ്റ്റിസിനെ തള്ളിമാറ്റിയശേഷം താന്‍ അവിടെ പുറത്തിറങ്ങുകയാണുണ്ടായതെന്നും യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

രണ്ടുമാസത്തിനുശേഷം ഡിസംബര്‍ 21ന് തന്നെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. അനുമതിയില്ലാതെ ഒരു ദിവസത്തെ കാഷ്വല്‍ ലീവെടുത്തുവെന്നതാണ് പിരിച്ചിവിടാനുള്ള ഒരു കാരണമായി പരാമര്‍ശിച്ചതെന്നും യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

പിരിച്ചുവിട്ടശേഷവും തന്നെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. തന്റെ കുടുംബത്തെ മുഴുവന്‍ അത് ബാധിച്ചു. ദല്‍ഹി പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ തന്റെ ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും ഡിസംബര്‍ 28ന് സസ്പെന്റ് ചെയ്തു. 2012ല്‍ ഒത്തുതീര്‍പ്പാക്കിയ കോളനി തര്‍ക്ക കേസുമായി ബന്ധപ്പെട്ടായിരുന്നു ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് യുവതി ആരോപിച്ചത്.