ഭാവനയ്‌ക്കൊപ്പം നിന്നാല്‍ അവസരം നിഷേധിക്കപ്പെടുമെന്നും ഒറ്റപ്പെടുമെന്നും അറിയാമായിരുന്നു: സയനോര
Entertainment news
ഭാവനയ്‌ക്കൊപ്പം നിന്നാല്‍ അവസരം നിഷേധിക്കപ്പെടുമെന്നും ഒറ്റപ്പെടുമെന്നും അറിയാമായിരുന്നു: സയനോര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th April 2022, 7:44 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സയനോര. ഇത്രയും കാലം നിലനിന്നിരുന്ന രീതികളില്‍ നിന്നും വ്യത്യസ്തമായ അപ്പ്രോച്ചായിരുന്നു സയനോര മലയാള സംഗീത ലോകത്തിന് സമ്മാനിച്ചത്.

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്നതിന്റെ പേരില്‍ ഒരുപാട് അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് അറിയാമായിരുന്നു എന്ന് പറയുകയാണ് സയനോര. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സയനോര ഇക്കാര്യം തുറന്നുപറഞ്ഞത്.

‘ആ യാത്രയില്‍ അവളുടെ ദുഃഖമാണോ കൂടുതല്‍ ഞങ്ങളുടെ ദുഃഖമാണോ കൂടുതല്‍ എന്ന് ചോദിച്ചാല്‍ നമ്മളുടെ എല്ലാവരുടെയും ദുഃഖമായരുന്നു ഒരുമിച്ചിട്ടുള്ളത്. നീ ഞാന്‍ എന്ന കോണ്‍സെപ്റ്റ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.

സംഭവം നടന്ന ദിവസം എനിക്കോര്‍മയുണ്ട്. എനിക്ക് കണ്ണൂരില്‍ നിന്നും കൊച്ചിക്ക് ടിക്കറ്റ് കിട്ടിയിരുന്നില്ല. ആ സമയത്ത് ഇവരെല്ലാരും രമ്യയുടെ വീട്ടില്‍ ഉണ്ടായിരുന്നു. ഷഫ്‌നയും ശില്‍പയും എന്നെ വിളിച്ച് കരയുകയായിരുന്നു. ടി.വിയില്‍ ഇത് കണ്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്കാണെങ്കില്‍ കയ്യും കാലും വിറച്ചിട്ട് എന്താ ചെയ്യേണ്ടേ എന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല.

ഞാന്‍ ഇങ്ങനെ അവള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ പല സ്ഥലങ്ങളില്‍ ഒറ്റപ്പെടുമെന്നും എനിക്കറിയാമായിരുന്നു. പക്ഷേ, നമ്മുടെ ഫ്രണ്ടിനെ ചേര്‍ത്തുനിര്‍ത്തുന്നതല്ലേ മനുഷ്യത്വം. ഇനിയിപ്പോള്‍ ഇവളോട് മിണ്ടാന്‍ നില്‍ക്കേണ്ട എന്നൊന്നും എനിക്ക് ചിന്തിക്കാന്‍ പറ്റില്ല.

ഞാന്‍ അങ്ങനെ ഒരു സ്റ്റാന്‍ഡ് എടുത്തതില്‍ എന്റെ ഡാഡി വളരെ പ്രൗഡ് ആണ്. ഡാഡി മാത്രമല്ല ഫുള്‍ ഫാമിലി സപ്പോര്‍ട്ട് ആയിരുന്നു. കാരണം ഭാവന ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു. എന്റെ ഫാമിലിക്കാണ് ഇത് സംഭവിച്ചിരിക്കുന്നത്. സോ ഞാന്‍ അവളുടെ കൂടെ നില്‍ക്കും.

സമൂഹമാണ് തീരുമാനിക്കുന്നത് അവള്‍ക്ക് ഇനിയും ചാന്‍സ് കിട്ടണമായിരുന്നു അല്ലെങ്കില്‍ അവള്‍ക്ക് ചാന്‍സ് കിട്ടുന്നില്ല എന്നൊക്കെ. ഇതൊക്കെ അവര്‍ വിചാരിക്കുന്നതാണ്. എനിക്കെന്റെ ചാന്‍സ് നഷ്ടപ്പെട്ടു എന്ന എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഇഷ്ടം പോലെ ചിലപ്പോള്‍ പോയിട്ടുണ്ടാവാം. ബട്ട് ഐ ഡോണ്ട് കെയര്‍, അത് എനിക്ക് പ്രശ്‌നമല്ല. ഇപ്പോഴും ഞാന്‍ അങ്ങനെ തന്നെയാണ് പറയുന്നത്.

അങ്ങനെയല്ല അത് ചിന്തിക്കേണ്ടത്. ഇങ്ങനെ ഒരു പ്രശ്‌നം സിനിമാ ഇന്‍ഡസ്ട്രിയില്‍ നടന്നിട്ടും ശക്തരായ എത്രയോ പേര്‍ക്ക് പ്രതികരിക്കാമായിരുന്നു. ഇവര്‍ നമ്മളെ പ്രൊടക്ട് ചെയ്യും അല്ലെങ്കില്‍ ഇവര്‍ നമുക്ക് വേണ്ടി സംസാരിക്കും എന്ന് കരുതിയ ഒരുപാട് പേര്‍ ഉണ്ടായിരുന്നു.

എന്നാല്‍ അത്തരത്തില്‍ ഒരു സപ്പോര്‍ട്ടും അവള്‍ക്ക കിട്ടാതെ വന്നപ്പോഴാണ്, എല്ലാവരും ചേര്‍ന്ന് അവളെ കുരിശില്‍ തളയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ഡബ്ല്യു.സി.സി പോലുള്ള സംഘടനകള്‍ ഉണ്ടായത്. ഇങ്ങനെ ഒരു സംഭവം ഇനി ഒരു സ്ത്രീയ്ക്കും സംഭവിക്കരുത് എന്ന ദൃഢനിശ്ചയത്തിന്റെ പേരിലാണ് അത് ഫോം ചെയ്യുന്നത്.

എനിക്ക് മാത്രമല്ല. ഡബ്ല്യു.സി.സിയിലെ എല്ലാവര്‍ക്കും ഇത് നേരിടേണ്ടി വരുന്നുണ്ട്. അവരെല്ലാവരും ഇത് തന്നെയാണ് ചിന്തിക്കുന്നത്. അവര്‍ ആ സഹോദരിയെ അല്ലെങ്കില്‍ ആ ഫ്രണ്ടിനെ ചേര്‍ത്തുനിര്‍ത്തിയിട്ട് മാത്രമേ ഉള്ളൂ.

സമൂഹത്തില്‍ നിന്ന് നമ്മള്‍ മാറ്റിനിര്‍ത്തപ്പെട്ടേക്കും ചിലപ്പോള്‍ വലിയ അവസരങ്ങള്‍ നമുക്ക് കിട്ടാതെ വരും. പക്ഷേ മനുഷ്യര്‍ എന്നുള്ള നിലയില്‍ നമ്മള്‍ ചെയ്യേണ്ട ചില കടമകളുണ്ട്. അത് നമ്മള്‍ ചെയ്‌തേ മതിയാവൂ. അതിനകത്ത് ലാഭനഷ്ട കണക്കുകള്‍ പറഞ്ഞാല്‍ നമ്മള്‍ മനുഷ്യരല്ല,’ സയനോര പറയുന്നു.

Content Highlight: Sayanora says she knew that opportunity will be denied if she stands with Bhavana