'എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി'; സൈബര്‍ സദാചാരവാദികള്‍ക്ക് പുതിയ ഫോട്ടോയിലൂടെ മറുപടി നല്‍കി സയനോര
Malayalam Cinema
'എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി'; സൈബര്‍ സദാചാരവാദികള്‍ക്ക് പുതിയ ഫോട്ടോയിലൂടെ മറുപടി നല്‍കി സയനോര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th September 2021, 2:04 pm

കഴിഞ്ഞ ദിവസം നടിമാരായ ഭാവനയും രമ്യ നമ്പീശനും ശില്‍പ ബാലയും ഗായിക സയനോരയും മൃദുല മുരളിയും ഒരുമിച്ച് ചെയ്ത ഒരു ഡാന്‍സ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന പാടിന് അതിമനോഹരമായ നൃത്തച്ചുവടുകളുമായിട്ടായാരുന്നു ഇവര്‍ എത്തിയത്.

എന്നാല്‍ താരങ്ങള്‍ പോസ്റ്റു ചെയ്ത ഈ വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള വിദ്വേഷ കമന്റുകള്‍ നിറഞ്ഞു. കൂടുതലും സയനോരയ്ക്ക് എതിരായുള്ള കമന്റുകളായിരുന്നു വന്നത്.

സയനോര ഷോര്‍ട്ട് ധരിച്ച് ഡാന്‍സ് ചെയ്തതായിരുന്നു സൈബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചത്. നമ്മുടെ സംസ്‌ക്കാരത്തിന് ചേര്‍ന്ന വസ്ത്രധാരണമല്ല ഇതെന്നും കൊച്ചുകുട്ടികള്‍ അടങ്ങുന്ന ഒരു സമൂഹം ഇതൊക്കെ കാണുന്നുണ്ട് എന്നോര്‍മ്മ വേണം എന്നൊക്കെയുള്ള കമന്റുകളായിരുന്നു വന്നത്. സയനോരയുടെ നിറത്തെ കുറിച്ചും ശരീരത്തെ കുറിച്ചും അങ്ങേയറ്റം അസഭ്യം കലര്‍ന്ന രീതിയിലുള്ള കമന്റുകളായിരുന്നു ചിലര്‍ എഴുതിവിട്ടത്.

എന്നാല്‍ സൈബര്‍ സദാചാരവാദികളുടെ വായടപ്പിച്ച് മറ്റൊരു ഫോട്ടോ കൂടി ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ് സയനോര. ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന കുറിപ്പോടെയാണ് ഷോട്ട്‌സ് ഇട്ട് വളരെ കൂളായി ഇരിക്കുന്ന തന്റെ ഫേട്ടോ സയനോര പങ്കുവെച്ചത്. ‘മൈ ലൈഫ്, മൈ ബോഡി, മൈ വേ’ എന്നിങ്ങനെയുള്ള ഹാഷ് ടാഗും താരം ഉപയോഗിച്ചിട്ടുണ്ട്.

നേരത്തെ കളിച്ച വീഡിയോയില്‍ ഇട്ട അതേ ടോപ്പാണ് ഈ ഫോട്ടോയിലും താരം ധരിച്ചത്.

എന്നാല്‍ ഈ ഫോട്ടോയ്ക്ക് താഴെയും അധിക്ഷേപ കമന്റുമായി ചിലര്‍ എത്തിയിട്ടുണ്ട്. വീട്ടില്‍ ആരും നോക്കാന്‍ ഇല്ലാത്തതിന്റെ കേടാണെന്നും ,എവിടെയോ കണ്ട് പരിചയം ഉണ്ട്. ആഫ്രിക്കയിലാണോ എന്നൊരു സംശയം എന്നൊക്കെ പറഞ്ഞാണ് ചിലരുടെ കമന്റുകള്‍. അതേസമയം സയനോരയെ പിന്തുണച്ചും നിരവധി പേര്‍ കമന്റിട്ടിട്ടുണ്ട്.

‘സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം’ എന്നാണ് ഒരു കമന്റ്. സൈബര്‍ സദാചാരവാദികളുടെ കുരുപൊട്ടുന്നത് ഇനി കാണാമെന്നും നിങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം തന്നെ ധരിക്കണമെന്നും പറഞ്ഞാണ് ചിലര്‍ പിന്തുണ അറിയിച്ചത്.

ലുക്ക് ലൈക്ക് സെറീന വില്യംസ് എന്നാണ് ചിലരുടെ കമന്റ്. ഇത്തരത്തിലുള്ള ഫോട്ടോകള്‍ ഇനിയും പോസ്റ്റു ചെയ്യണമെന്നും ഫാന്‍സ് ഒപ്പമുണ്ടെന്നും ചിലര്‍ പ്രതികരിച്ചു. സദാചാര ആങ്ങളമാര്‍ക്ക് കൊടുക്കാന്‍ പറ്റിയ മികച്ച മറുപടിയാണ് ഇതെന്നും ഇങ്ങനെ തന്നെയാണ് ഇത്തരക്കാരോട് പ്രതികരിക്കേണ്ടതെന്നും ചിലര്‍ പറഞ്ഞു.

‘ഇത് തൊലി വെളുത്തവരുടെയും ബോഡിഫിറ്റ് ആയവരുടെയും മാത്രം ലോകമല്ല. ഇവിടെ എല്ലാതരം ജീവിതം ജീവിച്ചു തീര്‍ക്കുന്ന മനുഷ്യരും ഉണ്ട്…Beautyയും vulgarityയുമെല്ലാം വളരെ സബ്‌ജെക്റ്റീവ് ആയ കാര്യങ്ങളാണ്. നിങ്ങള്‍ക്ക് അഭംഗിയായി തോന്നുന്ന കാര്യങ്ങളെല്ലാം എല്ലാവര്‍ക്കും അങ്ങനെയാണെന്ന് ധരിക്കരുത്.

ഏത് ജന്‍ഡര്‍ ആയാലും ഒരു വ്യക്തിയുടെ വളരെ പേര്‍സണല്‍ ആയ കാര്യങ്ങളാണ് ശരീരവണ്ണവും വസ്ത്രധാരണവുമെല്ലാം. അതിന്റെ വണ്ണത്തിലും നീളത്തിലുമെല്ലാം ഒരു പരിചയവുമില്ലാത്ത നിങ്ങള്‍ക്ക് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്.
വല്ല ഷുഗറോ കൊളെസ്‌ട്രോളോ ആരോഗ്യപ്രശ്‌നങ്ങളോ വരുമ്പോള്‍ അവര് നോക്കിക്കോളും. അല്ലാത്ത പക്ഷം എല്ലാ പെണ്ണുങ്ങളും സൗന്ദര്യമത്സരത്തിന് നിങ്ങളുടെ ജഡ്ജ്‌മെന്റ് കാത്തുനില്‍ക്കുന്നവരല്ല, എന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sayanora Phoilip Responds to Cyber attackers with a new photo