ഗാന്ധി പറഞ്ഞിട്ടാണോ സവര്‍ക്കര്‍ മാപ്പ് പറഞ്ഞത് ? സംഘപരിവാര്‍ വാദങ്ങളുടെ സത്യാവസ്ഥ
അന്ന കീർത്തി ജോർജ്

മഹാത്മ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഹിന്ദുത്വവാദിയായ സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പ് അപേക്ഷിച്ചതെന്ന വാദത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടോ? അത് തെളിയിക്കുന്ന ഏതെങ്കിലും ചരിത്രരേഖയുണ്ടോ? 1914ല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഗാന്ധി 1911 മുതല്‍ മാപ്പെഴുതാന്‍ തുടങ്ങിയ സവര്‍ക്കര്‍ക്ക് എങ്ങനെ ഉപദേശം നല്‍കും? സവര്‍ക്കരോട് മാപ്പെഴുതി നല്‍കാന്‍ ഉപദേശിച്ച ഗാന്ധിജിക്ക് 11 തവണ ബ്രിട്ടീഷുകാര്‍ ജയിലിലടച്ചിട്ടും ഒരിക്കല്‍ പോലും സ്വയം മാപ്പ് അപേക്ഷിക്കണമെന്ന് തോന്നിയില്ലേ?

ഇപ്പറഞ്ഞ തികച്ചും സാമാന്യബുദ്ധി മാത്രമുള്ള ചില ചോദ്യങ്ങള്‍കൊണ്ട്, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം അവകാശപ്പെട്ട സവര്‍ക്കറുടെ മാപ്പിന് പിന്നില്‍ ഗാന്ധിജിയാണെന്ന വെള്ളപ്പൂശല്‍ നരേറ്റിവിനെ പൊളിക്കാവുന്നതേയുള്ളു. പക്ഷെ രാജ്യചരിത്രത്തെ തങ്ങള്‍ക്കുവേണ്ടി മാറ്റിയെഴുതാന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും സര്‍ക്കാരും കച്ചക്കെട്ടിയിറങ്ങിയിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ചില തെളിവുകള്‍ കൂടുതല്‍ വിശദീകരിക്കേണ്ടത് അനിവാര്യമാണ്.

മാത്രമല്ല, വര്‍ഷങ്ങള്‍ കഴിയും തോറും ഇത്തരം കെട്ടുകഥകള്‍ സത്യത്തേക്കാള്‍ വലിയ പ്രചാരം നേടുന്നതിനെ അത്ര നിസാരമായി കാണാനാവില്ല. അവഗണിക്കുകയോ ചിരിച്ച് തള്ളിക്കളയുകയോ ചെയ്തുകൊണ്ടു മാത്രം പ്രതിരോധിക്കാനുമാവില്ല.

വിനായക് ദാമോദര്‍ സവര്‍ക്കറെ കുറിച്ച് തെറ്റായ നിരവധി പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് അതിലൊന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പ് അപേക്ഷിച്ചു എന്നുള്ളത്. എന്നാല്‍ തന്റെ മോചനത്തിന് വേണ്ടി സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചിട്ടില്ല. ഒരു തടവുപുള്ളിക്ക് മാപ്പ് അപേക്ഷ നല്‍കാനുള്ള അവകാശമുണ്ട്. ഗാന്ധിജിയാണ് അങ്ങനെയൊരു അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചത്, കഴിഞ്ഞ ദിവസം രാജ്‌നാഥ് സിംഗ് പറഞ്ഞ പ്രസ്താവനയിലെ പ്രധാന ഭാഗങ്ങള്‍.

ഉദയ് മഹുര്‍ക്കര്‍ രചിച്ച ‘വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വെച്ചായിരുന്നു രാജ്നാഥ് സിംഗിന്റെ പരാമര്‍ശം. രാജ്‌നാഥ് സിംഗിന്റെ ഈ വാദങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ വാദം പാടെ കള്ളമാണെന്നും ഒരിക്കലും നടന്നിട്ടില്ലാത്ത കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ മുന്നോട്ടുവെക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ അംഗങ്ങളും ചരിത്രകാരന്മാരും സാമൂഹ്യപ്രവര്‍ത്തരുമെല്ലാം വിമര്‍ശനങ്ങളില്‍ പറയുന്നുണ്ട്.

തുടക്കത്തില്‍ പറഞ്ഞ ചോദ്യങ്ങള്‍ തന്നെയാണ് രാജ്‌നാഥ് സിംഗിന്റെ വാദത്തെ എതിര്‍ത്തുകൊണ്ട് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്. സവര്‍ക്കറുടെ മാപ്പപേക്ഷ ഗാന്ധിജി പറഞ്ഞതുകൊണ്ടായിരുന്നു എന്നതിന് രാജ്‌നാഥ് സിംഗിന്റെ വാക്കുകളല്ലാതെ മറ്റൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്ന് രാജ്‌നാഥ് സിംഗും വ്യക്തമാക്കിയിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Did Savarkar filed mercy petition as per Gandhi’s advice|Fact check video

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.