ഭീഷണികള്‍ വേണ്ട: ഉപരോധം ഏര്‍പ്പെടുത്തിയാല്‍ വലിയ നടപടി; മുന്നറിയിപ്പുമായി സൗദി
Middle East
ഭീഷണികള്‍ വേണ്ട: ഉപരോധം ഏര്‍പ്പെടുത്തിയാല്‍ വലിയ നടപടി; മുന്നറിയിപ്പുമായി സൗദി
ന്യൂസ് ഡെസ്‌ക്
Monday, 15th October 2018, 12:53 pm

 

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദിയ്‌ക്കെതിരെ ഉപരോധം കൊണ്ടുവന്നാല്‍ വലിയ നടപടികളുണ്ടാകുമെന്ന് സൗദിയുടെ മുന്നറിയിപ്പ്. സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബര്‍ രണ്ടിന് സൗദി കോണ്‍സുലേറ്റിനുള്ളില്‍വെച്ച് കാണാതായ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞാല്‍ സൗദിയ്ക്ക് “വലിയ ശിക്ഷ” ലഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സൗദി വാര്‍ത്താ ഏജന്‍സിയില്‍ വിശദീകരണം വന്നിരിക്കുന്നത്.

സൗദിയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നത് തടയാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ ട്രംപ് “ശിക്ഷിക്കാന്‍ മറ്റുവഴികളുണ്ട്” എന്നും പറഞ്ഞിരുന്നു.

“സൗദിയെ അടിച്ചമര്‍ത്താനുള്ള എല്ലാ ശ്രമങ്ങളേയും ഭീഷണികളേയും രാജ്യം തള്ളിക്കളയുന്നു. അത് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നുള്ള ഭീഷണിയായാലും, രാഷ്ട്രീയ സമ്മര്‍ദ്ദമയാലും വ്യാജ ആരോപണങ്ങളായാലും.” സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നത്.

Also Read: റാഫേല്‍ കരാര്‍ ഇന്ത്യയ്ക്ക് ലഭിച്ചതാണ് രാഹുലിനെ ചൊടിപ്പിച്ചത്; പാക്കിസ്ഥാന് ലഭിച്ചിരുന്നെങ്കില്‍ സന്തോഷിച്ചേനെ: രാജസ്ഥാന്‍ മന്ത്രി

സൗദിയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ഉപരോധം കൊണ്ടുവരുമെന്ന റിപ്പോര്‍ട്ടുകള്‍ സൗദി ഓഹരി വിപണിയെ വലിയ തോതില്‍ ബാധിച്ചിരുന്നു. റിയാദിലെ പ്രധാന സ്റ്റോക്ക് മാര്‍ക്കറ്റ് ഇന്റക്‌സില്‍ 7% ഇടിവാണ് ഞായറാഴ്ചയുണ്ടായത്. മുന്‍നിര സൗദി കമ്പനികളുടെ മൂല്യത്തില്‍ ലക്ഷക്കണക്കിന് ഡോളറുകളുടെ ഇടിവാണ് ഞായറാഴ്ചയുണ്ടായത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി സമ്പദ് വ്യവസ്ഥയെ ആധുനികവത്കരിക്കാനുള്ള ശ്രമത്തിലാണ് സൗദി. ഇതിന്റെ ഭാഗമായി എണ്ണയെ മാത്രം ആശ്രയിക്കുന്നതിനു പകരം മറ്റു മേഖലകളെക്കൂടി ശ്രദ്ധ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിഷന്‍ 2030 എന്ന പേരില്‍ കൊണ്ടുവന്ന പദ്ധതികള്‍ വിദേശ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും ടൂറിസത്തിന്റെയും സ്വകാര്യമേഖലയുടെയും വളര്‍ച്ചയും ലക്ഷ്യമിട്ടുള്ളതായിരുന്നു.