റമദാന്‍ മാസമാണ്, വിട്ടയക്കണമെന്നാവശ്യപ്പെട്ട് സൗദി രാജകുമാരി വീണ്ടും രംഗത്ത്, തടവില്‍ കിടക്കുന്നത് സൗദിയുടെ രണ്ടാമത്തെ അധികാരിയുടെ മകള്‍
World News
റമദാന്‍ മാസമാണ്, വിട്ടയക്കണമെന്നാവശ്യപ്പെട്ട് സൗദി രാജകുമാരി വീണ്ടും രംഗത്ത്, തടവില്‍ കിടക്കുന്നത് സൗദിയുടെ രണ്ടാമത്തെ അധികാരിയുടെ മകള്‍
ന്യൂസ് ഡെസ്‌ക്
Wednesday, 29th April 2020, 9:01 am

റിയാദ്: ജയിലില്‍ കഴിയുന്ന സൗദി രാജകുമാരി ബസ്മ ബിന്ദ് സൗദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് മോചനം ആവശ്യപ്പെട്ട് വീണ്ടും രംഗത്ത്. റമദാന്‍ മാസം കണക്കിലെടുത്ത് വിട്ടയക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

‘ ഈ ആഴ്ച ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങള്‍ക്ക് വിശുദ്ധ റമദാന്‍ മാസം ആരംഭിക്കുന്നു. ഇപ്പോള്‍ നടക്കുന്ന പകര്‍ച്ചവ്യാധി കാരണം വളരെ പരിമിതമാണെങ്കിലും നമ്മളില്‍ ഭൂരിഭാഗവും കുടുംബത്തില്‍ ചെലവഴിക്കും. എന്റെ അമ്മാവന്‍, രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരനായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്, അമ്മാവന്റെ മകന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് എന്നിവര്‍ എന്നെ മോചിപ്പിക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ ഞാന്‍ ഈ മാസം ജയിലില്‍ കഴിയും,’ ബസ്മ രാജകുമാരി നല്‍കിയ അപേക്ഷയില്‍ പറയുന്നു.

ഏപ്രില്‍ രണ്ടാം വാരമാണ് ഒരു വര്‍ഷത്തോളമായി കാണാതായ താന്‍ തടങ്കലിലാണെന്നറിയിച്ച് സൗദി രാജകുമാരി രംഗത്ത് വന്നത്. തടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്ന് സൗദി രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോടും ആവശ്യപ്പെട്ടിരുന്നു. അല്‍-ഹൈര്‍ ലെ തടങ്കലിലാണ് താനെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ വിട്ടയക്കണമെന്നുമാണ് രാജകുമാരിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ പ്രതിനിധി മുഖാന്തരം അറിയിച്ചത്. തന്റെ ആരോഗ്യനില മോശമാണെന്നും മെഡിക്കല്‍ ചികിത്സ ലഭ്യമായിട്ടില്ലെന്നും രാജകുടുംബത്തിന് അയച്ച കത്തുകള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും ട്വീറ്റിലുണ്ടായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇവരെ കാണാനില്ലായിരുന്നു. ജര്‍മ്മന്‍ മാധ്യമമായ ഡി.ഡബ്ലുവിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇവരെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സൗദിയില്‍ നിന്നും പാലായനം ചെയ്യാനിരിക്കെ അറസ്റ്റ് ചെയ്യുകയായിരുന്നു. 55 കാരിയായ ബസ്മ രാജകുമാരി സൗദി അറേബ്യയുടെ രണ്ടാമത്തെ അധികാരിയായിരുന്ന സൗദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍-സൗദിന്റെ മകളാണ്.

സൗദി രാജകുടുംബത്തിലെ രാഷ്ട്രീയ ശബ്ദമായിരുന്നു ബസ്മ. 2012 ല്‍ ദ ഇന്‍ഡിപെന്റഡിനു നല്‍കിയ അഭിമുഖത്തില്‍ സൗദി ഭരണകൂടം മതപരമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നതിനെതിരെയും സൗദിയിലെ സാമ്പത്തിക അസമത്വത്തിനെതിരെയും വിമര്‍ശനമുന്നയിച്ചിരുന്നു.

2018 ജനുവരിയില്‍ ബി.ബി.സി അറബിക്കിന് നല്‍കിയ അഭിമുഖത്തില്‍ യെമനില്‍ സൗദി സേന നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷം മുഖ്യധാരാ മാധ്യമങ്ങളില്‍ ഇവരെ കണ്ടിട്ടില്ല. ഇവരുടെ അഭിഭാഷകന്‍ ലിയോനാര്‍ഡ് ബെന്നറ്റ് നല്‍കുന്ന വിവരപ്രകാരം ചികിത്സക്കായി സ്വിറ്റ്സര്‍ലന്റിലേക്ക് പോവുന്നതിനിടെയാണ് ബസ്മയെ അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക