എഡിറ്റര്‍
എഡിറ്റര്‍
അഞ്ചര വര്‍ഷമായി സൗദിയില്‍ കുടുങ്ങിയ യു.പിക്കാരന് നാട്ടിലേക്ക് മടങ്ങാന്‍ സഹായമാരുക്കി മലയാളി സാമൂഹിക പ്രവര്‍ത്തകര്‍
എഡിറ്റര്‍
Thursday 3rd August 2017 3:37pm

റിയാദ്: അഞ്ചര വര്‍ഷമായി സൗദിയില്‍ കുടുങ്ങിയ ഉത്തര്‍പ്രദേശ് സ്വദേശിക്ക് നാട്ടിലേക്ക് മടങ്ങാന്‍ സഹായമാരുക്കി മലയാളി സാമൂഹിക പ്രവര്‍ത്തകര്‍

2012 ജനുവരി 15ന് സൗദിയിലെത്തിയ ഉത്തര്‍ പ്രദേശിലെ കുശിനഗര്‍ സ്വദേശി ജംഷീദിനാണ് മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ തുണയായത്. തന്നെ എയര്‍പോര്‍ട്ടില്‍ വന്നു കൊണ്ടുപോയ സ്വദേശി പൗരന്റെ കൂടെ തന്നെ ആയിരുന്നു നീണ്ട അഞ്ചര വര്‍ഷക്കാലം ജംഷീദ്. ബില്‍ഡിംഗ് കോണ്‍സ്ട്രക്ഷനും പെയിന്റിംഗ് ജോലിയുമായിരുന്നു അദ്ദേഹം ചെയ്തുപോന്നത്.

തുടക്കത്തില്‍ 84 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്ന ആ സ്ഥാപനത്തില്‍ ജംഷീദ് ആയിരുന്നു പെയിന്റിംഗ് സെക്ഷനിലെ എല്ലാ കാര്യങ്ങളും ചെയ്ത് പോയിരുന്നത്. എന്നാല്‍ നാളിതുവരെ ആയി അദ്ദേഹത്തിന് പോലും ഇക്കാമ എടുത്തിട്ട് ഉണ്ടായിരുന്നില്ല.

സൗദി ഭരണകൂടത്തിന്റെ ദയാവായിപ്പില്‍ ലഭ്യമായ പൊതുമാപ്പില്‍ അവസാന ദിനമായ തിങ്കളാഴ്ച സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ എല്ലാ പ്രതീക്ഷകളും കെട്ടടങ്ങി അദ്ദേഹം നാട്ടിലേക്ക് മടങ്ങി.

പൊതുമാപ്പ് തുടങ്ങിയ ഒന്നാം തീയതി മുതല്‍ നീണ്ട 4 മാസക്കാലം ഇദ്ദേഹത്തിന് ഫൈനല്‍ എക്‌സിറ്റ് ലഭിക്കാന്‍ വേണ്ടി റിയാദിലെ സാമൂഹിക മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആയ ലത്തീഫ് തെച്ചിയും സഹപ്രവര്‍ത്തകന്‍ ഷാനവാസ് രാമഞ്ചിറ എന്നിവരുടെ നേതൃത്വത്തില്‍ റിയാദിലെ വിവിധ ഓഫീസുകള്‍ കയറിയിറങ്ങിയിരുന്നു.

അതിനിടെ ഇദ്ദേഹത്തിന് കിട്ടാനുള്ള ശമ്പളം 25300 റിയാല്‍ കിട്ടണം എന്ന പരാതിയും ലേബര്‍ ഓഫീസില്‍ സമര്‍പ്പിച്ചെങ്കിലും എങ്ങനെയെങ്കിലും ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ എത്തിയാല്‍ മതി എന്ന പ്രാര്‍ത്ഥനയില്‍ ആയിരുന്നു ജംഷീദിന്റെ കുടുംബം.

കമ്പനില്‍ നിന്നും രക്ഷപെട്ട് ഇന്ത്യന്‍ എംബസ്സിയില്‍ അഭയം തേടിയ ജംഷീദ് ഔട്പാസ്സ് നേടുകയും ഷുമേശി തര്‍ഹീലില്‍ എക്‌സിറ്റ് ലഭ്യമാകാന്‍ സമീപിക്കുകയുമുണ്ടായി. എന്നാല്‍ സ്പോണ്‍സറെ ഗവണ്മെന്റ് മത്തലൂബ് ഗാനത്തില്‍ പെടുത്തിയതിനാല്‍ ആ ശ്രമം വിജയിച്ചില്ല.

അവിടെനിന്നും മലാസ് എക്‌സിറ്റ് കേന്ദ്രത്തിലേക്കാണ് പിന്നീട് പോയത്. എന്നാല്‍ അവിടെ നിന്നും റിയാദ് ജവാസത്തിലേക്ക് മടക്കി. ഫിംഗര്‍ നല്കാന്‍ ആയിരുന്നു അധികൃതര്‍ അറിയിച്ചത്. അവിടെനിന്ന് ഷുമേശി തര്‍ഹീലിലേക്ക്, പിന്നീട് പ്രിന്‍സ് നൂര്‍ യൂണിവേഴ്സിറ്റി, അവിടെനിന്ന് അസ്ഥിക്ക്ധാം, അവിടെനിന്ന് റിയാദ് ലേബര്‍ ഓഫീസ് കഴിഞ്ഞ 4മാസങ്ങള്‍ സാമൂഹിക പ്രവര്‍ത്തകരോടൊപ്പം ഫൈനല്‍ എക്‌സിറ്റ് കിട്ടുന്നതിന് വേണ്ടിയുള്ള നെട്ടോട്ടത്തില്‍ ആയിരുന്നു ജംഷീദ്.

എന്നാല്‍ ലത്തീഫ് തെച്ചിയുടെയും ഷാനവാസ് രാമഞ്ചിറയുടെയും വിശദമായ അന്വേഷണത്തില്‍ റിയാദ് സൗദി റിക്രൂട്ട്‌മെന്റ് അജന്‍സിയില്‍ നിന്നും അറിയാന്‍ കഴിഞ്ഞ വസ്തുത ഞെട്ടിക്കുന്നത് ആയിരുന്നു. ജംഷീദിന്റെ വിസ യഥാര്‍ത്ഥ വിസ അല്ലെന്നും ഇത്തരം അഞ്ചോളം വിസ ഇതേ കമ്പനിയുടെ പേരില്‍ ഇഷ്യൂ ചെയ്ത് വില്‍പ്പന നടത്തി എന്നും ഇവരില്‍ ഒരാള്‍ക്ക് പോലും നാളിതുവരെ അഞ്ചര വര്‍ഷം കഴിഞ്ഞിട്ടും ഇക്കാമ ഉണ്ടാക്കിയിട്ടില്ല എന്നും ആയതിനാല്‍ ഈ കമ്പനിയെ വാണ്ടഡ് ലിസ്റ്റില്‍ പെടുത്തി സ്‌പോണ്‍സറോട് ലേബര്‍ ഓഫീസില്‍ ഹാജര്‍ ആകാനുമായിരുന്നു സര്‍ക്കാരിന്റെ ഓര്‍ഡര്‍.

ഇത് പ്രകാരം പല ശ്രമങ്ങളും കമ്പനിയുമായി ബന്ധപ്പെട്ടുകൊണ്ട് സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയെങ്കിലും ഒന്നും ആദ്യ ഘട്ടത്തില്‍ വിജയം കണ്ടില്ല. ഒടുവില്‍ റിയാദ് ജവാസാത് പാസ്‌പോര്ട്ട് വിഭാഗം മേധാവിയുമായി, ഷുമേശി തര്‍ഹീല്‍ അധികൃതരുമായും, റിയാദ് ലേബര്‍ കോടതിയിലെ ഉന്നത ഉദ്യോഗസ്ഥരുമായും, കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ ഐര്‌പോര്ട്ടിലെ ഓഫീസര്‍ മാരുമായും നിരന്തരം ബന്ധപ്പെടുകയും ജംഷീദിന്റെ നിസ്സഹായ അവസ്ഥ ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ ഔദാര്യം കാണിക്കുകയായിരുന്നു.

പൊതുമാപ്പ് അവസാനിക്കാനിരിക്കെ 24മണിക്കൂര്‍ ബാക്കി ആയപ്പോള്‍ ജവാസാത് ഓഫീസ്, ലേബര്‍ കോടതി റിയാദ് എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവിടങ്ങളില്‍ നിന്ന് ദയവായിപ്പില്‍ ഓര്‍ഡര്‍ ലഭ്യമാകുകയും ഫിംഗര്‍ പ്രിന്റ് വ്യക്തമാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ടിക്കറ്റ് എടുത്തുകൊണ്ട് എയര്‍പോര്‍ട്ടില്‍ ചെല്ലാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. നീണ്ട അഞ്ചര വര്‍ഷത്തെ പ്രവാസത്തിന് വിരാമം കുറിച്ച് അദ്ദേഹം നാട്ടിലേക്ക് വിമാനംകയറി.

ലത്തീഫ് തെച്ചിയോടൊപ്പം, ഷാനവാസ് രാമഞ്ചിറ, ഷജീര്‍ ഷജീര്‍ വള്ളിയോത്ത്, ബഷീര്‍ പാണക്കാട്, അഷറഫ് കോഴിക്കോട്, മുഹമ്മദ് കായംകുളം, ഹാരിസ് ബാബു മഞ്ചേരി, ഹുസ്സാം വള്ളികുന്നം എന്നിവര്‍ വിവിധ ഘട്ടങ്ങളിലായി സഹായത്തിന് ഉണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ ടിക്കറ്റ് എടുത്ത് നല്‍കിയാണ് യാത്ര ആക്കിയത്.
റിപ്പോര്‍ട്ട്: ഹുസ്സാം വള്ളികുന്നം
മീഡിയ കണ്‍വീനര്‍ പ്രവാസി ഡിപ്ലോമാറ്റിക് വോളന്റീര്‍.

Advertisement