എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദി രാജാവും മുഹമ്മദ് ബിന്‍ സല്‍മാനും: തിരിച്ച് സൗദിയിലേക്കില്ലെന്ന നിലപാടില്‍ സല്‍മാന്‍ രാജാവിന്റെ സഹോദരന്‍
Middle East
എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദി രാജാവും മുഹമ്മദ് ബിന്‍ സല്‍മാനും: തിരിച്ച് സൗദിയിലേക്കില്ലെന്ന നിലപാടില്‍ സല്‍മാന്‍ രാജാവിന്റെ സഹോദരന്‍
ന്യൂസ് ഡെസ്‌ക്
Saturday, 8th September 2018, 9:59 am

 

റിയാദ്: സൗദി രാജാവ് സല്‍മാനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും എതിരായ പ്രസ്താവനയ്ക്കു പിന്നാലെ സൗദിയിലേക്ക് തിരിച്ചുപോകില്ലെന്ന തീരുമാനവുമായി സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്ദുലസീസ് രാജകുമാരന്‍.

നേരത്തെ ലണ്ടനിലെ അദ്ദേഹത്തിന്റെ വസതിക്കു പുറത്ത് യെമനി, ബഹ്‌റൈനി പ്രതിഷേധക്കാരോട് സംസാരിക്കവെയാണ് അദ്ദേഹം സൗദിയിലെ പ്രശ്‌നങ്ങള്‍ക്കു കാരണം രാജാവും കിരീടാവകാശിയുമാണെന്ന് ആരോപിച്ചത്.

“ഡൗണ്‍ ഡൗണ്‍ അല്‍സൗദ്, ക്രിമിനല്‍ ഫാമിലി” എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധക്കാര്‍ അഹമ്മദിന്റെ വസതിക്കുമുന്നിലെത്തിയത്. “നിങ്ങളെന്തിനാണ് അല്‍ സൗദിനെക്കുറിച്ച് ഇങ്ങനെ പറയുന്നത്?” എന്ന് അഹമ്മദ് ഇവരോട് ചോദിച്ചു. “ഇതിന്റെ പേരില്‍ അല്‍ സൗദ് കുടുംബത്തെ മുഴുവന്‍ കുറ്റപ്പെടുത്തിയിട്ടെന്ത് കാര്യം? ഉത്തരവാദിത്തമില്ലാത്ത ചിലയാളുകളാണ് ഇതിനെല്ലാം കാരണം. അതില്‍ മറ്റുള്ളവരെക്കൂടി വലിച്ചിഴക്കേണ്ട കാര്യമില്ല.” എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also Read:കലാഭവന്‍ മണിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഞങ്ങളിന്നും തീ തിന്നുകൊണ്ടിരിക്കുകയാണ്; ജാഫര്‍ ഇടുക്കി

ഇതോടെ ആരാണ് ആ ഉത്തരവാദിത്തമില്ലാത്ത ആളുകളെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു. ” രാജാവും കിരീടാവകാശിയും ഭരിക്കുന്ന മറ്റുള്ളവരും” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഈ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ അഹമ്മദ് രാജാവിന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി സൗദിയുടെ ഔദ്യോഗിക പ്രസ് ഏജന്‍സി രംഗത്തുവന്നു. സര്‍ക്കാറില്‍ ഉന്നത സ്ഥാനം വഹിക്കുന്നവരായതിനാല്‍ രാജകുടുംബമാണ് ഇതിന് മറുപടി പറയേണ്ടതെന്നതു മാത്രമാണ് അഹമ്മദ് ഉദ്ദേശിച്ചതെന്നായിരുന്നു എസ്.പി.എയുടെ വിശദീകരണം.

Also Read:ഞങ്ങളുടെ മോചനത്തെ എതിര്‍ക്കാത്ത രാഹുല്‍ ഗാന്ധിയോട് ഒരുപാട് നന്ദിയുണ്ട്; നളിനി

എന്നാല്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങളില്‍ അഹമ്മദ് രാജാവ് ഉറച്ചുനില്‍ക്കുന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ഈസ്റ്റ് ഐ റിപ്പോര്‍ട്ടു ചെയ്യുന്നത്. എസ്.പി.എ റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച പരാമര്‍ശങ്ങള്‍ വ്യാജമാണെന്നും അത് തന്റേതല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇതാദ്യമായാണ് അല്‍ സൗദ് കുടുംബത്തിലെ രാജകുമാരന്‍ റാങ്കില്‍പ്പെട്ട ഒരാള്‍ മൗനംവെടിഞ്ഞ് രംഗത്തുവരുന്നത്. സല്‍മാന്‍ രാജാവിന്റെ ഭരണകൂടത്തില്‍ നിന്നും പരസ്യമായും മനപൂര്‍വ്വവും മാറി നില്‍ക്കുകയാണ് അദ്ദേഹം. അദ്ദേഹം സൗദിയിലേക്ക് തിരിച്ചുവരില്ലെന്ന് തീരുമാനിക്കുകയാണെങ്കില്‍ സല്‍മാന്‍ ഭരണകൂടത്തിന് അതൊരു വലിയ തലവേദനയായിരിക്കും.