എഡിറ്റര്‍
എഡിറ്റര്‍
മുന്‍ കിരീടാവകാശി നായിഫ് രാജകുമാരന്റെ ബാങ്ക് അക്കൗണ്ട് സൗദി മരവിപ്പിച്ചു
എഡിറ്റര്‍
Thursday 9th November 2017 2:29pm


ജിദ്ദ: സൗദി മുന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ ബാങ്ക് അക്കൗണ്ടുകള്‍ സൗദി അധികൃതര്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമിതിയുടേതാണ് നടപടി. ഉന്നതര്‍ ഉള്‍പ്പടെ 1700ഓളം ബാങ്ക് അക്കൗണ്ടുകള്‍ സൗദി മരവിപ്പിച്ചിട്ടുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അഴിമതി വിരുദ്ധ നടപടികളുടെ പേരില്‍ രാജ കുടുംബാംഗങ്ങളെയടക്കം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.

11 രാജകുടുംബാംഗങ്ങളും 4 മന്ത്രിമാരും 10 മുന്‍മന്ത്രിമാരുമടക്കം 38 പേരെയാണ് സൗദി അറസ്റ്റ് ചെയ്തിരുന്നത്. അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള ധനികരും അറസ്റ്റിലായവരില്‍പ്പെട്ടിരുന്നു.

ജൂണില്‍ സൗദി കിരീടാവകാശിയും അഭ്യന്തരമന്ത്രിയുമായിരുന്ന നായിഫ് രാജകുമാരനെ പുറത്താക്കിയായിരുന്നു സല്‍മാന്‍ രാജാവ് തന്റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ കിരിടാവകാശിയായി നിയമിച്ചിരുന്നത്. ഇതിന് ശേഷം നായിഫ് രാജകുമാരനെ അധികതര്‍ വീട്ടുതടങ്കലിലാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ അല്‍ സൗദ് രാജകുമാരന്റെ അന്ത്യ ചടങ്ങുകളില്‍ നായിഫ് രാജകുമാരന്‍ പങ്കെടുത്തിരുന്നു. ദീര്‍ഘകാലത്തിന് ശേഷമാണ് ചൊവ്വാഴ്ച നായിഫ് രാജകുമാരന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.

മുഹമ്മദ് ബിന്‍ സല്‍മാന്‍

ഭരണരംഗത്തും ബിസിനസ് രംഗത്തും പിടിമുറുക്കുന്നതിനായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തുന്ന നീക്കങ്ങളാണ് ഇപ്പോഴത്തെ അഴിമതി വിരുദ്ധ നടപടികളുടെ മറവില്‍ നടക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. സൗദി നടത്തിയ കൂട്ട അറസ്റ്റ് നടപടികള്‍ ആശങ്കയുണര്‍ത്തുന്നതാണെന്ന് അമേരിക്ക ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അഭിപ്രായപ്പെട്ടിരുന്നു.

കൃത്യമായ വിവരങ്ങള്‍ വ്യക്തമാക്കാതെയാണ് അറസ്റ്റ് നടപടികളെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

Advertisement