രാജ്യം വിട്ട മുന്‍ ഇന്റലിജന്‍സ് ഓഫീസറെ തിരികെയെത്തിക്കാന്‍ മക്കളെ ജയിലലടച്ച് സൗദി; അതീവ രഹസ്യമായി നടത്തിയ കോടതി വിധിയുടെ രേഖകള്‍ പുറത്ത്
World News
രാജ്യം വിട്ട മുന്‍ ഇന്റലിജന്‍സ് ഓഫീസറെ തിരികെയെത്തിക്കാന്‍ മക്കളെ ജയിലലടച്ച് സൗദി; അതീവ രഹസ്യമായി നടത്തിയ കോടതി വിധിയുടെ രേഖകള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th April 2021, 7:28 pm

റിയാദ്: മുന്‍ ഇന്റലിജന്‍സ് ഓഫീസറും സൗദിയുടെ സ്‌പൈ മാസ്റ്റര്‍ എന്നറിയപ്പെടുകയും ചെയ്തിരുന്ന സാദ് അല്‍-ജാബ്രിയുടെ മക്കള്‍ക്കെതിരെ കടുത്ത നടപടികളുമായി സൗദി അറേബ്യ. തടവില്‍ കഴിയുന്ന മക്കള്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ സൗദി കോടതി ശരിവെച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ വിധിയെ കുറിച്ചോ കോടതി നടപടികളെ കുറിച്ചോ തങ്ങള്‍ അറിഞ്ഞിട്ടേയില്ലെന്ന് ജാബ്രിയുടെ കുടുംബം പറഞ്ഞു.

സല്‍മാന്‍ രാജകുമാരനെതിരെ പരസ്യമായി രംഗത്തെത്തിയ അല്‍ ജാബ്രിയ്‌ക്കെതിരെ കൂടുതല്‍ കടുത്ത നടപടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് സൗദിയുടെ തീരുമാനമെന്ന സൂചനകളാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സാദ് അല്‍-ജാബ്രിയുടെ മക്കളായ സാറയെയും ഒമറിനെയും കഴിഞ്ഞ വര്‍ഷം സൗദി ജയിലടച്ചിരുന്നു. കള്ളക്കടത്ത്, നിയമവിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. സൗദിയില്‍ നിന്നും പലായനം ചെയ്ത് കാനഡയില്‍ കഴിയുന്ന അല്‍ – ജാബ്രിയെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയാണ് മക്കളെ തടവിലിടുന്നതെന്നാണ് ജാബ്രിയുടെ കുടുംബത്തിന്റെ പ്രതികരണം.

കാനഡയിലുള്ള തന്നെ കൊലപ്പെടുത്താനായി സല്‍മാന്‍ രാജകുമാരന്‍ ഒരു സംഘത്തെ അയച്ചുവെന്ന് അല്‍ – ജാബ്രി നേരത്തെ യു.എസ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ ജാബ്രി അഴിമതി നടത്തിയെന്നാരോപിച്ച് സൗദിയും കാനഡ കോടതിയില്‍ പരാതി നല്‍കിയിരുന്നു.
ജാബ്രിയെ വിട്ടുകിട്ടണമെന്നായിരുന്നു സൗദിയുടെ ആവശ്യം.

ഇപ്പോള്‍ ജാബ്രി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് സല്‍മാന്‍ രാജകുമാരന്റെ അഭിഭാഷകര്‍ സമര്‍പ്പിച്ച രേഖകളിലാണ് ഒമറിനും സാറയ്ക്കുമെതിരെയുള്ള കുറ്റങ്ങള്‍ ശരി വെച്ചതായുള്ള രേഖകളുള്ളത്. 2020 നവംബര്‍ 20ന് ഒമറും സാറയും കോടതിയില്‍ ഹരജി നല്‍കിയിരുന്നെന്നും അതിലുള്ള കോടതി വിധിയാണിതെന്നും രേഖകളില്‍ പറയുന്നു.

ഇരുവര്‍ക്കുമെതിരെ ഒമ്പതു വര്‍ഷവും ആറര വര്‍ഷവും തടവും 400,000 ഡോളര്‍ പിഴയും വിധിച്ചതായും ഈ രേഖകളില്‍ പറയുന്നു. ഡിസംബര്‍ 24നാണ് ഈ കോടതി വിധി വന്നിരിക്കുന്നത്.

എന്നാല്‍ കോടതി വിധിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഹരജിയിലെ നടപടിക്രമങ്ങളെ കുറിച്ചോ അവസാന വിധിയെ കുറിച്ചോ തങ്ങള്‍ക്ക് ഒരു അറിവുമില്ലെന്നാണ് ജാബ്രിയുടെ കുടുംബവും അഭിഭാഷകരും പ്രതികരിച്ചത്. അത്തരമൊരു ഹരജി ക്രമങ്ങള്‍ നടന്നിട്ടില്ലെന്നും സല്‍മാന്‍ രാജകുമാരന്റെ ഇടപെടലാണ് ഇതിനു പിന്നിലെന്നും ജാബ്രിയുടെ മൂത്ത മകനായ ഖാലിദ് പറഞ്ഞു.

അല്‍ ജാബ്രി നിലവില്‍ കാനഡയില്‍ വന്‍ സുരക്ഷാ സന്നാഹത്തിന്റെ കാവലിലാണ് കഴിയുന്നത്. യു.എസ് ഇന്റലിജന്‍സ് വിഭാഗവുമായുള്ള തനിക്കുള്ള അടുപ്പവും സല്‍മാന്‍ രാജകുമാരന്റെ പ്രവര്‍ത്തനങ്ങളെ പറ്റി തനിക്കുള്ള അറിവുമാണ് സല്‍മാന്‍ രാജകുമാരനെ ഭയപ്പെടുത്തുന്നതെന്നാണ് അല്‍ ജാബ്രി പറയുന്നത്.

മുന്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ നായേഫുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥനായിരുന്നു അല്‍ – ജാബ്രി. 2017ല്‍ നായേഫിനെ പുറത്താക്കി സല്‍മാന്‍ രാജകുമാരന്‍ കിരീടവകാശിയായി സ്ഥാനമേറ്റതിന് പിന്നാലെ 2018ല്‍ അല്‍ – ജാബ്രി സൗദി വിടുകയും കാനഡയിലെത്തുകയും ചെയ്തു.

നായേഫുമായുള്ള അടുപ്പവും സൗദിയുടെ ഇന്റലിജന്‍സ് പദ്ധതികളെ കുറിച്ചുള്ള ആഴത്തിലുള്ള അറിവുമാണ് സല്‍മാന്‍ രാജകുമാരന്‍ അല്‍- ജാബ്രിയ്‌ക്കെതിരെ കടുത്ത നടപടികളുമായി നീങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Saudi Arabia upholds conviction against ex-spy chief’s children- MBS against Al Jabri