ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Saudi
35 വര്‍ഷത്തിനുശേഷം സൗദിയില്‍ സിനിമാപ്രദര്‍ശനത്തിനു അനുമതി; അടുത്തവര്‍ഷം മുതല്‍ തീയേറ്ററുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങും
ന്യൂസ് ഡെസ്‌ക്
Monday 11th December 2017 10:36pm

ജിദ്ദ: 35 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയില്‍ ചലച്ചിത്ര പ്രദര്‍ശനത്തിന് അനുമതിയായി. ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സാംസ്‌കാരിക വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍ അവ്വാധ് പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ചോടെയാകും തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുക.

പൊതു സിനിമാശാലകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തീരുമാനമായതയായി സൗദി സാംസ്‌കാരിക- വിവര സാങ്കേതിക മന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

സാംസ്‌കാരിക മൂല്യച്യുതിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 1980 കളിലായിരുന്നു സൗദിയിലെ തീയേറ്ററുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് നീങ്ങുന്നതോടെ 30000 പേര്‍ക്ക് സ്ഥിരമായി ജോലി നല്‍കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

എല്ലാ രാജ്യങ്ങളിലുമുള്ള പോലെ സെന്‍സര്‍ഷിപ്പും സിനിമകള്‍ക്കുണ്ടാകുമെന്നാണ് സൂചന. രാജ്യത്ത് മാധ്യമങ്ങള്‍ക്കും സിനിമകള്‍ക്കും ലൈസന്‍സ് അനുവദിക്കാനുള്ള അനുമതി സാംസ്‌കാരിക വിവര മന്ത്രാലയത്തിനു കീഴിലെ ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയയാണ്. തിങ്കളാഴ്ച ചേര്‍ന്ന സാംസ്‌കാരിക വിവര സാങ്കേതിക മന്ത്രാലയത്തിന്റെ യോഗത്തിലാണ് കൊമേഴ്‌സ്യല്‍ സിനിമ തിയേറ്റര്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്.

സിനിമകള്‍ക്കും തിയറ്ററുകള്‍ക്കും ഷൂട്ടിങിനുമുള്ള ലൈസന്‍സിന് അനുമതി നല്‍കാന്‍ ഇവര്‍ക്ക് നിരേദേശം ലഭിച്ചു കഴിഞ്ഞു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 ന്റെ ഭാഗമായാണ് സിനിമാ പ്രദര്‍ശനത്തിനുള്ള നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement