എഡിറ്റര്‍
എഡിറ്റര്‍
സ്വദേശിവത്കരണം: സൗദിയില്‍ 24 മണിക്കൂറും പരിശോധന
എഡിറ്റര്‍
Sunday 31st March 2013 12:06am

സൗദി അറേബ്യ: സൗദി പ്രവാസികളുടെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തി സൗദിയില്‍ പരിശോധന 24 മണിക്കൂറും തുടരുന്നു. പരിശോധന കര്‍ശനമായതോടെ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിരിക്കുകയാണ്.

ഇന്ത്യന്‍ പ്രവാസികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി കേന്ദ്ര സംസ്ഥാനസര്‍ക്കാറുകളുടെ ഇടപെടലുകള്‍ക്കിടയിലാണ് സൗദിയില്‍ പരിശോധന ശക്തമായിരിക്കുന്നത്. നിരവധി പ്രവാസികള്‍ ഒളിവില്‍ കഴിയുകയാണ്.

Ads By Google

കഴിഞ്ഞ ദിവസം മാത്രം 32 മലയാളികളാണ് നാട്ടില്‍ തിരിച്ചെത്തിയത്. പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് എന്ന് രേഖപ്പെടുത്തിയാണ് ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുന്നത്. സൗദിയില്‍ സെയില്‍സ്മാന്മാരായി ജോലി ചെയ്യുന്നവരാണ് തിരിച്ചെത്തുന്നവരില്‍ ഭൂരിഭാഗവും.

കമ്പനികളിലെയും കടകളിലെയും നിയമലംഘകരായ തൊഴിലാളികളെ കണ്ടെത്തുന്നതിന് 24 മണിക്കൂറും പരിശോധന നടത്തുമെന്നാണ് തൊഴില്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

പരിശോധനയ്ക്കായി ആയിരത്തിലധികം പുതിയ ഉദ്യോഗസ്ഥരെയാണ് സൗദിയില്‍ നിയമിച്ചിരിക്കുന്നത്.  പരിശോധന കര്‍ശനമാക്കിയതോടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് സൂചനകള്‍.

അതേസമയം, നിയമം ലംഘിക്കുന്നവരെ മാത്രമേ പിടികൂടുന്നുള്ളൂവെന്നും ശരിയായ വിസയും യഥാര്‍ത്ഥ സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യുന്നവരും സുരക്ഷിതരായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യാത്തവര്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് വിസ മാറാമെന്നും അധികൃതര്‍ അറിയിച്ചു.
സൗദിയില്‍ സ്വദേശിവല്‍ക്കരണ നിയമം നിതാഖത് പ്രാബല്യത്തില്‍ വന്നതോടെ 5.74 ലക്ഷം മലയാളികളുടെ തൊഴിലാണ് പ്രതിസന്ധിയിലായത്. സൗദി അറേബ്യയില്‍ 7 ലക്ഷം ചെറുകിട സ്ഥാപനങ്ങളില്‍ 84 ശതമാനവും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്.

ലൈസന്‍സുള്ള പതിനെട്ട് ലക്ഷം സ്ഥാപനമാണ് സൗദിയിലുള്ളത്. ഇതില്‍ ഏഴു ലക്ഷം ചെറുകിട സ്ഥാപനങ്ങളാണ് ഉള്ളത്.
ഇതില്‍84 ശതമാനം സ്ഥാപനങ്ങളും നിതാഖത്ത് നിയമം നടപ്പാക്കിയിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

2011 നവംബറിലാണ് നിതാഖത്ത് നിയമം സൗദി സര്‍ക്കാര്‍ കൊണ്ടു വന്നത്. ഇത് പ്രകാരം സ്ഥാപനങ്ങളില്‍ പത്തിലൊന്ന് ജീവനക്കാര്‍ സ്വദേശിയായിരിക്കണമെന്നാണ് നിബന്ധന .

നിതാഖത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സമയം മാര്‍ച്ച് 21 ന് അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ നടപടികള്‍.

Advertisement