സൗദിയില്‍ റെക്കോഡ് മയക്കുമരുന്ന് വേട്ട; 2021ല്‍ പിടിച്ചെടുത്തത് 37 ടണ്‍ ലഹരിവസ്തുക്കള്‍; വിവരം നല്‍കുന്നവര്‍ക്ക് ഇനി പാരിതോഷികം
World News
സൗദിയില്‍ റെക്കോഡ് മയക്കുമരുന്ന് വേട്ട; 2021ല്‍ പിടിച്ചെടുത്തത് 37 ടണ്‍ ലഹരിവസ്തുക്കള്‍; വിവരം നല്‍കുന്നവര്‍ക്ക് ഇനി പാരിതോഷികം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th January 2022, 1:35 pm

റിയാദ്: 2021ല്‍ നടത്തിയ ലഹരിമരുന്ന വേട്ടയില്‍ സൗദി അറേബ്യ പിടിച്ചെടുത്തത് 37 ടണ്‍ (37,000 കിലോഗ്രാം) മയക്കുമരുന്ന്. ഒരു വര്‍ഷം പിടിച്ചെടുത്തതില്‍ റെക്കോര്‍ഡ് അളവ് മയക്കുമരുന്നാണിത്.

സക്കാത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇതിന് പുറമെ കാപ്റ്റഗണ്‍ ഗുളികകളുടെ 190 മില്യണ്‍ പീസുകളും കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2,34,000 മദ്യക്കുപ്പികളും 4155 ലിറ്റര്‍ നിയമവിരുദ്ധ മദ്യവും കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തവയുടെ കണക്കില്‍ പെടുന്നുണ്ട്.

ഇത്തരം നിയമവിരുദ്ധ മയക്കുമരുന്നുകളുടെ കടത്ത് രാജ്യത്തിന്റെ സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും സാമ്പത്തിക വളര്‍ച്ചക്ക് ഭീഷണിയാണെന്നും ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.

അന്താരാഷ്ട്ര വ്യാപാരം വര്‍ധിപ്പിക്കുക, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക, സമൂഹത്തെ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായായിരുന്നു മയക്കുമരുന്നുകള്‍ കണ്ടെടുക്കുന്നതിന് വേണ്ടി അതോറിറ്റി നിരന്തരം റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നത്.

കയറ്റുമതി, ഇറക്കുമതി മേഖലയില്‍ കസ്റ്റംസ് വിഭാഗം ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങളുടെ ഫലമാണ് കഴിഞ്ഞ വര്‍ഷത്തെ ലഹരിവേട്ടക്ക് പിന്നിലെ കാരണമായി വിലയിരുത്തപ്പെടുന്നത്.

ഹാഷിഷ്, ഹെറോയിന്‍, കൊക്കെയ്ന്‍, ഘട് എന്നിവയാണ് സൗദി അറേബ്യയിലേക്ക് ഏറ്റവും കൂടുതലായി കടത്തപ്പെടുന്ന നിയമവിരുദ്ധ മയക്കുമരുന്നുകള്‍. ക്യാപ്റ്റഗണ്‍ ഗുളികകളുടെ ഉപയോഗം ഏറ്റവും കൂടുതലുള്ള മിഡില്‍ ഈസ്റ്റ് രാജ്യവും സൗദിയാണ്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ബോര്‍ഡര്‍ ഗാര്‍ഡ്‌സ് എന്നിവയുമായുള്ള സഹകരണത്തോടെയാണ് സക്കാത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി റെയ്ഡുകള്‍ നടത്തിയിരുന്നത്.

രാജ്യത്തിന്റെ ലഹരിമരുന്ന് വേട്ടക്ക് സഹായമാകുന്ന വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അധികൃതര്‍ക്ക് കൈമാറണമെന്ന് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ കൈമാറുന്ന വിവരങ്ങള്‍ ഉപകാരപ്പെടുന്നവയാണെങ്കില്‍ അത് കൈമാറുന്നവര്‍ക്ക് സാമ്പത്തിക പാരിതോഷികം നല്‍കുമെന്നും അതോറിറ്റി അറിയിച്ചു.

ഇക്കഴിഞ്ഞ ഏപ്രിലില്‍ 2 മില്യണിലധികം കാപ്റ്റഗണ്‍ ഗുളികകള്‍ സൗദിയിലെ ജിദ്ദ തുറമുഖത്ത് നിന്നും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. മാതള നാരങ്ങകള്‍ക്കുള്ളില്‍ കടത്താന്‍ ശ്രമിച്ച നിലയിലായിരുന്നു ഭൂരിഭാഗം ഗുളികകളും.

നേരത്തെ ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഷിപ്മെന്റ് കണ്ടെയ്നറുകളില്‍ പ്ലാസ്റ്റിക് നാരങ്ങകള്‍ക്കുള്ളില്‍ കടത്താന്‍ ശ്രമിച്ച ഒമ്പത് മില്യണ്‍ കാപ്റ്റഗണ്‍ ഗുളികകള്‍ ലെബനീസ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്ക്, പ്രധാനമായും കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ചിരുന്ന ഗുളികകളായിരുന്നു ഇവ.

ഐക്യരാഷ്ട്രസഭയുടെ ‘ഡ്രഗ്സ് ആന്‍ഡ് ക്രൈംസ് ഓഫീസി’ന്റെ കണക്ക് പ്രകാരം 2015നും 2019നുമിടയില്‍ 44 ശതമാനം കാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്ത സംഭവങ്ങളും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാണ്. ലെബനന്‍, സിറിയ എന്നീ രാജ്യങ്ങളിലാണ് കാപ്റ്റഗണ്‍ ഗുളികകള്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്നത്.

ഇതുകാരണം ലെബനനില്‍ നിന്നും പച്ചക്കറികളും പഴവര്‍ഗങ്ങളും ഇറക്കുമതി ചെയ്യുന്നത് സൗദി നിരോധിച്ചിരുന്നു.

ചെറുനാരങ്ങയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 120 കോടി രൂപ വിലമതിക്കുന്ന 11,60,500 കാപ്റ്റഗണ്‍ ഗുളികകള്‍ ദുബായ് പൊലീസും ഈയിടെ പിടിച്ചെടുത്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Saudi Arabia’s war on drugs net over 37 tons of narcotics in 2021