15ലക്ഷം ഫലസ്തീനികള്‍ക്ക് ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിന് വിസ നിഷേധിച്ച് സൗദി അറേബ്യ
Middle East
15ലക്ഷം ഫലസ്തീനികള്‍ക്ക് ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിന് വിസ നിഷേധിച്ച് സൗദി അറേബ്യ
ന്യൂസ് ഡെസ്‌ക്
Friday, 9th November 2018, 2:20 pm

 

റിയാദ്: ഇസ്രഈലിലുള്ള 15 ലക്ഷം ഫലസ്തീനിയന്‍ പൗരന്മാര്‍ക്ക് ഹജ്ജ്, ഉംറ തീര്‍ത്ഥാടനങ്ങള്‍ക്ക് അവസരം നിഷേധിച്ച് സൗദി അറേബ്യ. ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ക്കായി താല്‍ക്കാലികമായി ജോര്‍ദാനിയന്‍ പാസ്‌പോര്‍ട്ടില്‍ എത്തുന്നവരെയാണ് സൗദി അറേബ്യ വിലക്കിയതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

ജോര്‍ദാന്‍, ലെബനന്‍, കിഴക്കന്‍ ജറുസലേം, ഇസ്രഈല്‍ എന്നിവിടങ്ങളില്‍ ജീവിക്കുന്ന ഫലസ്തീനികള്‍ക്ക് ഹജ്ജ് ഉംറ വിസ അനുവദിക്കേണ്ടതില്ലെന്ന സൗദി അറേബ്യയുടെ പുതിയ നയത്തിന്റെ ഭാഗമായാണ് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ 12 മുതലാണ് ഈ നയം നിലവില്‍ വന്നത്.

ഈ രാജ്യങ്ങളിലാകെയുള്ള 2.94 മില്യണ്‍ ഫലസ്തീനികളെ ഈ നീക്കം ബാധിക്കും.

Also Read:കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി; അനുവദിച്ചത് അപ്പീല്‍ പോകാനുള്ള സാവകാശം

ഇസ്രഈലുമായി സൗദിയുണ്ടാക്കിയ ഉഭയകക്ഷി കരാറിന്റെ ഭാഗമാണ് ഈ തീരുമാനമെന്നാണ് ജോര്‍ദാനിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഫലസ്തീനിയന്‍ ഐഡന്റിറ്റി ഇല്ലാതാക്കി അതുവഴി തിരിച്ചുവരാനുള്ള അഭയാര്‍ത്ഥികളുടെ അവകാശം ഇല്ലാതാക്കുകയെന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

” ജോര്‍ദാനിലെയും കിഴക്കന്‍ ജറുസലേമിലേയും ഇസ്രഈലിലേയും ഫലസ്തീനികളെ അവിടുത്തുകാരായി മാറ്റാന്‍ ജോര്‍ദാനുമേല്‍ സൗദി അറേബ്യ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ലെബനനിലും ഇത് സംഭവിക്കും. അതോടെ ഫലസ്തീനിയന്‍ അഭയാര്‍ത്ഥിയെന്ന പ്രശ്‌നമേ ഇല്ലാതാകും.” രാജ്യത്തെ നയതന്ത്ര കാര്യങ്ങളെക്കുറിച്ച് അറിവുള്ള ജോര്‍ദാനി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.