എഡിറ്റര്‍
എഡിറ്റര്‍
അഴിമതി ആരോപിച്ച് സൗദിയില്‍ കൂട്ട അറസ്റ്റ്; പിടിയിലായവരില്‍ 11 രാജകുമാരന്മാരും മന്ത്രിമാരും
എഡിറ്റര്‍
Sunday 5th November 2017 10:10am

മുഹമ്മദ് ബില്‍ സല്‍മാന്‍

ജിദ്ദ: അഴിമതി ആരോപിച്ച് സൗദിയില്‍ നിരവധി മന്ത്രിമാരും രാജകുടുംബാംഗങ്ങളയും അറസ്റ്റ് ചെയ്തു. 11 രാജകുമാരന്മാരെയും മന്ത്രിമാരും മുന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കം 38ഓളം പേരെ അറസ്റ്റ് ചെയ്തതായി അറബ് മാധ്യമമായ അല്‍ അറബിയ്യ റിപ്പോര്‍ട്ട് ചെയ്തു. മുഹമ്മദ് ബില്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ കമ്മിറ്റി രൂപീകൃതമായി മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ്.

4 മന്ത്രിമാരും 10 മുന്‍മന്ത്രിമാരുമാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ രാജകുമാരനും സൗദിയിലെ ധനികരില്‍ പ്രധാനിയുമായ അല്‍ വലീദ് ബിന്‍ തലാലും അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല, അമീര്‍ തുര്‍ക്കി ബിന്‍ നാസര്‍, അമീര്‍ ഫഹദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് എന്നിവരുള്‍പ്പടെ പിടിയിലായതായാണ് വിവരം. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ശനിയാഴ്ചയാണ് സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം പുതിയ അഴിമതി വിരുദ്ധസമിതിയെ മുഹമ്മദ് ബില്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ നിയമിച്ചത്. മോണിറ്ററിങ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍, നാഷണല്‍ ആന്റി കറപ്ഷന്‍ അതോറിറ്റി ചെയര്‍മാന്‍, ഡനറല്‍ ഓഡിറ്റ് ബ്യൂറോ തലവന്‍, അറ്റോര്‍ണി ജനറല്‍, ഹെഡ് ഓഫ് സ്‌റ്റേറ്റ് സെക്യൂരിറ്റി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍

അല്‍ വലീദ് ബിന്‍ തലാല്‍

2009ലെ ജിദ്ദയിലുണ്ടായ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളും സൗദിക്ക് ഭീഷണിയുയര്‍ത്തിയ മെര്‍സ് വൈറസിനെ പ്രതിരോധിച്ചത് സംബന്ധിച്ചുള്ള അധികൃതരുടെ നടപടികളും സമിതി പരിശോധിക്കും.

സമിതിക്ക് അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനും അക്കൗണ്ടുകള്‍ മരവിപ്പിക്കാനും യാത്രനിരോധനം ഏര്‍പ്പെടുത്താനും ഫണ്ടുകള്‍ പരിശോധിക്കാനും അധികാരം നല്‍കിയിട്ടുണ്ട്.

ജൂണില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ സൗദി കിരീടാവകാശിയായി നിയമിച്ചതിന് ശേഷം സൗദി അഴിമതിയെക്കെതിരെ സൗദി നടത്തുന്ന പ്രധാന നടപടിയാണിത്. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായിരുന്ന അബ്ദുള്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരനെ സ്ഥാനത്തുനിന്ന് നീക്കിയായിരുന്നു നിയമനം.

Advertisement