മിന്നല്‍ മുരളി കണ്ട് ടൊവിനോയുടെ ആരാധകനായി; സിനിമക്കാര്‍ വരുമ്പോള്‍ ഓടിയൊളിക്കുന്ന പ്രണവ്; യുവതാരങ്ങളെ കുറിച്ച് സത്യന്‍ അന്തിക്കാട്
Movie Day
മിന്നല്‍ മുരളി കണ്ട് ടൊവിനോയുടെ ആരാധകനായി; സിനിമക്കാര്‍ വരുമ്പോള്‍ ഓടിയൊളിക്കുന്ന പ്രണവ്; യുവതാരങ്ങളെ കുറിച്ച് സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd June 2022, 12:58 pm

മലയാളത്തിലെ യുവനടന്മാരായ ഫഹദ് ഫാസില്‍ ദുല്‍ഖര്‍ സല്‍മാന്‍ ടൊവിനോ തോമസ് പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയവരെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താനുമൊത്ത് സിനിമ ചെയ്ത താരങ്ങളെ കുറിച്ചും സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന യുവനടന്മാരെ കുറിച്ചുമെല്ലാം സത്യന്‍ അന്തിക്കാട് പറയുന്നത്.

ഫഹദ് ഫാസിലില്‍ പലപ്പോഴും താന്‍ മോഹന്‍ലാലിനെ കാണാറുണ്ടെന്നും ക്യാമറയ്ക്ക് മുന്നില്‍ വിസ്മയം തീര്‍ക്കുന്ന നടനാണ് ഫഹദെന്നുമാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. അതുപോലെ മിന്നല്‍ മുരളി കണ്ട് ടൊവിനോയുടെ വലിയ ആരാധകനായി മാറിയെന്നും അദ്ദേഹം പറയുന്നു.

‘ഫഹദിനെ കുറിച്ച് പറയുകയാണെങ്കില്‍ പേഴ്‌സണലായി കാണുന്ന ഫഹദല്ല സ്‌ക്രീനില്‍ വരുമ്പോള്‍. നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറാന്‍ കഴിയുന്ന ഒരു മാജിക് ഉള്ള ആക്ടറാണ് അദ്ദേഹം. പലപ്പോഴും ക്യാമറയുടെ പിറകില്‍ നില്‍ക്കുന്ന നമ്മളെ വിസ്മയിപ്പിക്കുന്ന ആക്ടറാണ് ഫഹദ്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

ഫാസില്‍ മലയാള സിനിമയ്ക്ക് നല്‍കിയ രണ്ട് നടന്മാര്‍ ഒന്ന് മോഹന്‍ലാലും മറ്റൊരാള്‍ ഫഹദുമാണെന്ന് താങ്കള്‍ മുന്‍പ് പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിന് അത് സത്യമാണെന്നും പലപ്പോഴും ഫഹദിന്റെ അഭിനയം ലാലിനെ ഓര്‍മ്മിപ്പിക്കുമെന്നുമായിരുന്നു സത്യന്‍ അന്തിക്കാടിന്റെ മറുപടി. അഭിനയം എന്ന് പറഞ്ഞാല്‍ എല്ലാ ഭാഗം കൊണ്ടും, കണ്ണ്, മുഖം, കൈ, വിരല്‍ ഇതെല്ലാം കൂടി അഭിനയിക്കുന്നതാണ്. മോഹന്‍ലാല്‍ അങ്ങനെ ആണല്ലോ, മോഹന്‍ലാലിന്റെ വിരലൊക്കെ അഭിനയിക്കുമല്ലോ. അതുപോലെയാണ് ഫഹദും.

ദുല്‍ഖറിനെ കുറിച്ച് പറയുകയാണെങ്കില്‍ ഭയങ്കര ഇന്റിമെസി ഫീല്‍ ചെയ്യുന്ന ആക്ടറാണ്. ഷൂട്ട് ചെയ്യുമ്പോള്‍ ഒരു സീന്‍ പറഞ്ഞാല്‍ ആ സീന്‍ പഠിച്ച് ചെയ്യുമ്പോള്‍ ഭയങ്കര ഇന്റിമേറ്റാണ്. വ്യക്തിപരമായി അടുപ്പം തോന്നുന്ന നടനാണ് അദ്ദേഹം.

നിവിന്‍ പോളിയുടെ കാര്യം പറഞ്ഞാല്‍ ചെറുപ്പക്കാരുടേതായിട്ടുള്ള എല്ലാ കുസൃതികളും സംശയങ്ങളും ഉള്ള നടനാണ് അദ്ദേഹം. പക്ഷേ എനിക്ക് നിവിന്‍ പോളിയില്‍ തോന്നിയ ഗുണം എന്താണെന്നാല്‍ ഒരു ഇന്‍ഹിബിഷനും ഇല്ലാതെയാണ് ക്യാമറയുടെ മുന്‍പില്‍ അഭിനയിക്കുക എന്നതാണ്. അഭിനയിക്കുകയാണെന്നോ ഡയലോഗ് പറയുകയാണെന്നോ ഒന്നും തോന്നാതെ അങ്ങ് പറയുകയാണ്. ഒരു കുട്ടിത്തം മാറാത്ത നടനാണ് അദ്ദേഹം.

ടൊവിനോയുമായി വളരെ കൂടുതല്‍ അടുക്കാനുള്ള സാഹചര്യമൊന്നും ഉണ്ടായിട്ടില്ല. ചില സ്ഥലങ്ങളില്‍ വെച്ച് കണ്ടിട്ടുണ്ട്. മിന്നല്‍ മുരളി കണ്ട് ഞാന്‍ ടൊവിനോയുടെ ആരാധകനായി മാറി. പുള്ളിയുടെ ഈസിസായിട്ടുള്ള പെര്‍ഫോമന്‍സ് കണ്ടിട്ട് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ടൊവിനോയുമായും ഒരു സിനിമ ചെയ്യണമെന്നുണ്ട്. പിന്നെ ഇവരൊക്കെ ഇപ്പോള്‍ ഭയങ്കര ബിസിയാണ് (ചിരി).

പ്രണവിനെ കുറിച്ച് പറയുകയാണെങ്കില്‍ അവന്‍ ഇപ്പോഴും ഒരു കുട്ടിയാണ്. ഇപ്പോഴും മുഖം തരാതെ മാറിനടക്കുന്ന ഒരുത്തന്‍. എന്റെ മകന്‍ അഖില്‍ പറഞ്ഞിട്ടുണ്ട് അവന്റെ മനസില്‍ പ്രണവിനെ വെച്ച് ചെയ്യാന്‍ ഒരു സബ്ജക്ട് ഉണ്ട് എന്ന്. ഇവനാണെങ്കില്‍ സിനിമക്കാര്‍ ആരെങ്കിലുമൊക്കെ വരുമ്പോഴേക്ക് ഓടിയൊളിക്കുന്ന മനുഷ്യനാണ്. മോഹന്‍ലാലൊക്കെ പറയുന്നത് അവനെ പിടിച്ചുകൊണ്ടുവരണം എന്നാണ്. എനിക്ക് അവനെ ഭയങ്കര ഇഷ്ടമാണ്. ക്യൂട്ടാണ്, സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Sathyan Anthikkad about Tovino Thomad and pranav mohanlal and fahad Faasil