എഡിറ്റര്‍
എഡിറ്റര്‍
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? ഉത്തരം പൊതുപരിപാടിയില്‍ വെളിപ്പെടുത്തി സത്യരാജ്
എഡിറ്റര്‍
Friday 31st March 2017 9:28pm

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഇതിഹാസ ചിത്രമായിരുന്നു ‘ബാഹുബലി ദി ബിഗിനിംഗ്’. സാങ്കേതിക മികവില്‍ ഹോളിവുഡ് നിലവാരത്തിനോട് കിടപിടിക്കുന്ന ചിത്രം എസ്.എസ് രാജമൗലിയാണ് സംവിധാനം ചെയ്തത്. എന്നാല്‍ പ്രേക്ഷകരെ ജിജ്ഞാസയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യം മനസില്‍ അവശേഷിപ്പിച്ചുകൊണ്ടാണ് ബാഹുബലി ദി ബിഗിനിംഗ് അവസാനിക്കുന്നത്.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? 2015 ജൂലൈ 10 മുതല്‍ ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ ഉത്തരം തേടുന്ന ചോദ്യമിതാണ്. അതിനുള്ള ഉത്തരവുമായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ബാഹുബലി ദി കണ്‍ക്ലൂഷന്‍’ പുറത്തിറങ്ങാനൊരുങ്ങുന്നത്. പ്രഭാസ് അവതരിപ്പിച്ച അമരേന്ദ്ര ബാഹുബലിയെ സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന വിശ്വസ്തന്‍ കൊല്ലുന്നിടത്താണ് ആദ്യഭാഗം അവസാനിക്കുന്നത്.


Also Read: ‘സര്‍ക്കാര്‍ ജോലി മതിയായി; ഇനിയുള്ള കാലം വേറെയെന്തെങ്കിലും ചെയ്യണം’; തന്നെ വിജിലന്‍സ് ഡയറ്കടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതാണെന്നും ജേക്കബ് തോമസ്


എന്നാല്‍ ഇപ്പോഴിതാ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് കട്ടപ്പയെ അവതരിപ്പിച്ച സത്യരാജ്. റിലീസിന് മുന്‍പ് നടത്തിയ പരിപാടിയിലാണ് സത്യരാജ് ഇക്കാര്യം പറഞ്ഞത്. എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നത് എന്ന് ആരോ ചോദിച്ചപ്പോഴാണ് സത്യരാജ് ഉത്തരം പറഞ്ഞത്.

‘നിര്‍മ്മാതാക്കളായ ശോഭു സാറും പ്രസാദ് സാറും എനിക്ക് നല്ല പ്രതിഫലം നല്‍കി. ഒപ്പം സംവിധായകനായ രാജമൗലി എന്നോട് പറഞ്ഞു ബാഹുബലിയെ കൊല്ലാന്‍. അതുകൊണ്ട് ഞാന്‍ ബാഹുബലിയെ കൊന്നു. അല്ലാതെ എനിക്ക് പ്രഭാസിനെ എങ്ങനെ കൊല്ലാന്‍ കഴിയും? ‘മിര്‍ച്ചി’ എന്ന ചിത്രം മുതല്‍ അവന്‍ എനിക്ക് പ്രിയപ്പെട്ടവനാണ്.’ -ഇതായിരുന്നു സത്യരാജിന്റെ രസകരമായ മറുപടി.


Don’t Miss: ഫോണ്‍കെണിയില്‍ കുടുക്കിയ സ്ത്രീയെ മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വെളിപ്പെടുത്തുന്നു


എന്തായാലും യഥാര്‍ത്ഥത്തില്‍ കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതു വരെ കാത്തിരിക്കുക തന്നെ വേണം. ബാഹുബലി ദി കണ്‍ക്ലൂഷന്‍ പുറത്തിറങ്ങുന്നത് ഏപ്രില്‍ 28-നാണ്. പ്രഭാസിനൊപ്പം അനുഷ്‌ക ഷെട്ടി, റാണ ദഗുപതി, തമന്ന ഭാട്യ, രമ്യ കൃഷ്ണന്‍, നാസര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Advertisement