ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കൊലപാതകത്തിലേക്ക് നയിക്കപ്പെടുന്നത് നടക്കാന്‍ പാടില്ലാത്തത്: ഇടതുപക്ഷ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍
ന്യൂസ് ഡെസ്‌ക്
Friday 23rd February 2018 5:53pm

കോഴിക്കോട്: രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കൊലപാതകത്തിലേക്ക് നയിക്കപ്പെടുന്നത് ആധുനിക പൗരസമൂഹത്തില്‍ നടന്നുകൂടാത്ത ഒന്നാണെന്ന് ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍. ജനാധിപത്യം എന്നത് സ്വന്തം ബോധ്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും പുറത്തുള്ളവരോട് ആശയപരമായി സംവദിക്കാനുള്ള ഔന്നത്യം കൂടിയാണെന്നും തനിക്ക് പുറത്തുള്ളവ പരിഗണിക്കപ്പെടാത്ത ഒരിടവും രാഷ്ട്രീയവത്കരിക്കപ്പെട്ട ഇടമാണെന്ന് കരുതിക്കൂടയെന്നും പ്രവര്‍ത്തകര്‍ പൊതുപ്രസ്താവനയില്‍ പറഞ്ഞു.

‘ഹിംസ അരാഷ്ട്രീയമാവുന്നത് അത് അപരത്വത്തെ സമ്പൂര്‍ണമായി ഹനിക്കുന്നു എന്നത് കൊണ്ട് കൂടിയാണ്. നിര്‍ഭാഗ്യവശാല്‍, കേരളത്തില്‍ പല നിലയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഏകമുഖമായ ഒരപഗ്രഥനം കൊണ്ട് വിലയിരുത്താന്‍ കഴിയാത്തത്ര സങ്കീര്‍ണവും കേവല മാനവവാദ ആകുലതകള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയാത്തത്ര കെട്ടു പിണഞ്ഞു കിടക്കുന്നതുമാണിത്.’ പ്രസ്താവന പറയുന്നു.

ഇത്തരം കൊലപാതകങ്ങളോട് പൊതുമാധ്യമങ്ങള്‍ പുലര്‍ത്തിപ്പോരുന്ന നിരുത്തരവാദിത്തപരമായ പക്ഷം ചേരല്‍ എരിതീയില്‍ എണ്ണ ഒഴിക്കലാണെന്നും കുറേക്കൂടി ആഴത്തിലും ചരിത്രപരമായും അവര്‍ ഇടപെടുമ്പോള്‍ മാത്രമേ സമാധാനത്തിനുള്ള പൊതു മനസ്സ് രൂപപ്പെടുത്താനാവൂവെന്നും പറയുന്ന പ്രസ്താവന ഇന്ത്യയില്‍ ഫാസിസ്റ്റ് ഭരണക്രമം പടരുന്ന സാഹചര്യത്തില്‍ നാം സ്വയം ഭയക്കേണ്ട ഒന്നു കൂടിയാണ് കേരളം ഗോത്രപരമായ രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടാണെന്ന തരം നിര്‍മ്മിത ആഖ്യാനങ്ങളെന്നും കൂട്ടിച്ചേര്‍ത്തു.

‘അത്തരം കാര്യങ്ങള്‍ക്ക് വഴി മരുന്നിടുന്ന ഒരു ക്രിയയും നമുക്കിടയിലുണ്ടായിക്കൂടാ എന്നത് ഇന്ത്യന്‍ രാഷ്ട്രീയഘടനയോട് നമുക്കുള്ള ഉത്തരവാദിത്തം കൂടിയായി മാറുന്നുണ്ട്. അതിന്റെ പ്രാഥമികമായ പടികളിലൊന്ന് നാം സ്വയം കൂടുതല്‍ കൂടുതല്‍ ജനാധിപത്യവത്കരിക്കപ്പെടേണ്ടതുണ്ട് എന്നതാണ്. ഇങ്ങനെ ആന്തരികമായും ബാഹ്യമായും നവീകരിക്കേണ്ട ഘട്ടത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്ന വാര്‍ത്ത ആത്മഹത്യാപരമാണ്.’ പ്രസ്താവന പറയുന്നു.

കേരളത്തില്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം സംഭവിച്ചു കൂടായെന്നും നിയമ വ്യവസ്ഥയുടെ ഇടപെടലുകള്‍ക്കപ്പുറത്ത് നാം നമ്മോട് തന്നെ ആവര്‍ത്തിക്കേണ്ട ഒരു പ്രതിജ്ഞയാവട്ടെ അതെന്നും പറഞ്ഞാണ് പ്രസ്താവന അവസാനിക്കുന്നത്.

വൈശാഖന്‍, ടി വി ചന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍, കമല്‍, കെ.ഇ.എന്‍, സുനില്‍ പി ഇളയിടം, പി ടി കുഞ്ഞുമുഹമ്മത്, അശോകന്‍ ചരുവില്‍, കെ പി രാമനുണ്ണി, പ്രിയനന്ദന്‍, വി കെ ജോസഫ്, പി കെ പോക്കര്‍, ടി ഡി രാമകൃഷ്ണന്‍, ടി എ സത്യപാലന്‍, ഇ പി രാജഗോപാലന്‍, കരിവള്ളൂര്‍ മുരളി, ഭാസുരേന്ദ്ര ബാബു, എന്‍ മാധവന്‍ കുട്ടി, ജി പി രാമചന്ദ്രന്‍, പി കെ പാറക്കടവ്, വി ടി മുരളി, ഖദീജ മുംതാസ്, ടി വി മധു, കെ എം അനില്‍, വീരാന്‍കുട്ടി, ഷിബു മുഹമ്മദ്, സോണിയ ഇ പ, ഗുലാബ് ജാന്‍, രാജേന്ദ്രന്‍ എടത്തുംകര, അനില്‍കുമാര്‍ തിരുവോത്ത്, എ കെ അബ്ദുല്‍ ഹക്കീം, ഡോ. പി സുരേഷ്, ശ്രീജിത്ത് അരിയല്ലൂര്‍, റഫീഖ് ഇബ്രാഹിം, രാജേഷ് ചിറപ്പാട്, രാജേഷ് എരുമേലി തുടങ്ങിയവരാണ് പൊതുപ്രസ്താവന പുറപ്പെടുവിച്ചത്.

Advertisement