അയ്യപ്പനെ പ്രകോപിപ്പിച്ചതിന്റെ ഫലമാണ് ഒരുമാസംമുമ്പ് കണ്ടത്; പ്രളയം അയ്യപ്പകോപമാണെന്ന സംഘപരിവാര്‍ പ്രചരണം ഏറ്റുപിടിച്ച് മുന്‍ പന്തളം രാജകുടുംബം
kERALA NEWS
അയ്യപ്പനെ പ്രകോപിപ്പിച്ചതിന്റെ ഫലമാണ് ഒരുമാസംമുമ്പ് കണ്ടത്; പ്രളയം അയ്യപ്പകോപമാണെന്ന സംഘപരിവാര്‍ പ്രചരണം ഏറ്റുപിടിച്ച് മുന്‍ പന്തളം രാജകുടുംബം
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 1:35 pm

 

ന്യൂദല്‍ഹി: കേരളത്തിലുണ്ടായ പ്രളയം അയ്യപ്പകോപമാണെന്ന പ്രചരണം ഏറ്റുപിടിച്ച് മുന്‍ പന്തളം രാജകുടുംബാംഗം പി.ജി ശശികുമാര്‍ വര്‍മ്മ. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

” സുപ്രീം കോടതി വിധികൊണ്ട് നമ്മുടെ ആചാരങ്ങളെ തകര്‍ക്കാനാവില്ല. അയ്യപ്പനെ പ്രകോപിപ്പിച്ചാല്‍ എന്തു സംഭവിക്കുമെന്ന് ഒരുമാസം മുമ്പ് നമ്മള്‍ കണ്ടതാണ്.” എന്നാണ് അദ്ദേഹം പറഞ്ഞത്.

നേരത്തെ പ്രളയത്തിന്റെ സമയത്തു തന്നെ ദേശീയ തലത്തില്‍ സംഘപരിവാര്‍ ഇത്തരമൊരു പ്രചരണമഴിച്ചുവിട്ടിരുന്നു. അത് ഏറ്റുപിടിച്ചാണ് മുന്‍ പന്തളം രാജകുടുംബം രംഗത്തുവന്നിരിക്കുന്നത്.

Also Read:തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ്; എല്‍.ഡി.എഫിന് മുന്നേറ്റം

പന്തളം കൊട്ടാരം എന്നും അയ്യപ്പ വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് നിലയ്ക്കലില്‍ തുടങ്ങിയ പര്‍ണശാല സമരത്തിന് പിന്തുണ നല്‍കിയത്. വിധിയിലെ പിഴവ് ചൂണ്ടിക്കാട്ടി പുനപരിശോധനാ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചതും അതിലാണെന്ന് അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ക്ഷേത്രസങ്കല്‍പ്പത്തെ തകര്‍ക്കുന്നതാണ്. കോടതി വിധി സ്വാഗതം ചെയ്യുകയും വിശ്വാസം മാനിക്കാതെ വിധി നടപ്പാക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. ഇതിനാലാണ് മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.