എഡിറ്റര്‍
എഡിറ്റര്‍
ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ ശശികലയ്ക്ക് പരോള്‍; മന്ത്രിമാരെ കാണുന്നതിന് വിലക്ക്
എഡിറ്റര്‍
Friday 6th October 2017 2:09pm

ബംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍പ്പെട്ട് തടവില്‍ കഴിയുന്ന അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്കു പരോള്‍.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിന് അഞ്ച് ദിവസത്തെ പരോള്‍ ആണ് ശശികലയ്ക്ക് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ തമിഴ്‌നാട് മന്ത്രിമാരെ കാണുന്നതിന് ശശികലയ്ക്ക് വിലക്കുണ്ട്.

ശശികലയുടെ ബന്ധു ടി.ടി.വി.ദിനകരന്‍ ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്. ശശികലയ്ക്കു പരോള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പാരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ തുടങ്ങി.


Dont Miss സുരക്ഷാ ജീവനക്കാരനെ കൊണ്ട് ഷൂസ് അഴിപ്പിച്ച് രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ്


പരോള്‍ അംഗീകരിച്ചെന്നു ചെന്നൈ പൊലീസ് കമ്മിഷണര്‍ അറിയിച്ചതായി ശശികലയുടെ അഭിഭാഷകന്‍ അറിയിച്ചു. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ശശികല ചെന്നൈ ടി നഗറില്‍ ബന്ധു ഇളവരശിയുടെ വീട്ടിലാകും താമസിക്കുക.

66.6 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാണു ബെംഗളൂരുവിലെ ജയിലില്‍ ശശികല കഴിയുന്നത്. കരള്‍ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് നടരാജന്‍. രോഗം ഗുരുതരമായതിനെ തുടര്‍ന്നു കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞദിവസം നടന്നിരുന്നു.

15 ദിവസത്തെ അടിയന്തിര പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശശികല വ്യാഴാഴ്ച അപേക്ഷ നല്‍കിയിരുന്നു. മുന്‍പ് നല്‍കിയ പരോള്‍ അപേക്ഷകള്‍ തള്ളിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ ആരോഗ്യവിവരങ്ങള്‍ വ്യക്തമാക്കുന്ന സാക്ഷ്യപത്രത്തോടൊപ്പം അടിയന്തിര പരോളിന് അപേക്ഷിച്ചത്.

Advertisement