ഭാര്യാ പരാമര്‍ശം; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ശശി തരൂര്‍ മാനനഷ്ടക്കേസ് കൊടുത്തു
kERALA NEWS
ഭാര്യാ പരാമര്‍ശം; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ശശി തരൂര്‍ മാനനഷ്ടക്കേസ് കൊടുത്തു
ന്യൂസ് ഡെസ്‌ക്
Thursday, 14th March 2019, 1:23 pm

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മാനനഷ്ടക്കേസ് നല്‍കി. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ തരൂരിന്റെ ഭാര്യമാര്‍ എങ്ങനെ മരിച്ചുവെന്ന് ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണ് കേസ് നല്‍കാന്‍ കാരണം.

“തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാരില്‍ രണ്ട് പേര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബി.ജെ.പിയോ താനോ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ല”. എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍.

തരൂരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച സിജെഎം കോടതി തരൂരിന്റെ മൊഴിയെടുക്കാന്‍ ഈ മാസം 25 ലേക്ക് മാറ്റി.

തരൂരിന്റെ ഭാര്യമാരില്‍ രണ്ടാമത്തെയാള്‍ അടൂര്‍കാരിയാണെന്നും അടൂരിലെ അഭിഭാഷകന്‍ മധുസൂദനന്‍ നായരുടെ അനന്തരവളായിരുന്നു അവരെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. കേസ് നിയമോപദേശത്തിനായി തന്റെ അടുത്ത് വന്നിരുന്നതായും വാര്‍ത്താസമ്മേളനത്തിനിടെ ശ്രീധരന്‍ പിള്ള അവകാശപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് മാത്രമാണ് പുറത്ത് പറയാത്തതെന്നായിരുന്നു അന്ന് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നത്.