എന്ത് വഷളാണത്, മെയിക്ക് ഇന്‍ ഇന്ത്യ എന്ന് പറഞ്ഞു നടക്കുന്ന പ്രധാനമന്ത്രി പട്ടേലിന്റെ പ്രതിമയുണ്ടാക്കിയത് ചൈനയില്‍; പരിഹസിച്ച് ശശി തരൂര്‍
Social Media
എന്ത് വഷളാണത്, മെയിക്ക് ഇന്‍ ഇന്ത്യ എന്ന് പറഞ്ഞു നടക്കുന്ന പ്രധാനമന്ത്രി പട്ടേലിന്റെ പ്രതിമയുണ്ടാക്കിയത് ചൈനയില്‍; പരിഹസിച്ച് ശശി തരൂര്‍
ന്യൂസ് ഡെസ്‌ക്
Sunday, 12th May 2019, 10:22 pm

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ പട്ടേല്‍ പ്രതിമയുടെ നിര്‍മാണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ബല്ലാത്ത പഹയന്‍ എന്ന വ്‌ളോഗറായ വിനോദ് നാരായണന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ പരിഹാസവുമായി രംഗത്തെത്തിയത്.

എന്തൊരു വഷളാണത് എന്നാണ് തരൂര്‍ പ്രതിമ നിര്‍മാണത്തെ കുറിച്ച് പറഞ്ഞത്. മെയിക്ക് ഇന്‍ ഇന്ത്യ എന്ന് പറഞ്ഞു നടക്കുന്ന പ്രധാനമന്ത്രി അത് ചൈനയിലാണുണ്ടാക്കിയത്. ഇവിടെ വന്നിട്ട് കെട്ടാന്‍ പോലും ചൈനയില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരേണ്ടി വന്നു എന്നും തരൂര്‍ പറഞ്ഞു.

ഇലക്ഷന്‍ തുടങ്ങുന്ന സമയത്ത് അവിടുത്തെ മൂവായിരത്തോളം വരുന്ന തൊഴിലാളികളും ചേര്‍ന്ന് ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് പ്രതിമയ്ക്ക് ചുറ്റും അണിനിരന്ന് ഖരാവോ ചെയ്തു. ഇതാണ് ഈ പ്രതിമയുടെ യാഥാര്‍ത്ഥ്യമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.|

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അക്ഷയ്കുമാര്‍ നടത്തിയ അഭിമുഖത്തിനെയും ഇരുവരും പരിഹസിച്ചിരുന്നു. താന്‍ ഒരു അരാഷ്ട്രീയ അഭിമുഖമാണ് നടത്തുന്നത് എന്ന് പറഞ്ഞ് വിനോദ് നാരായണന്‍ ആദ്യ ചോദ്യമായി ചോദിച്ചത് മുന്തിരിയാണോ നാരങ്ങയാണോ കൂടുതല്‍ ഇഷ്ടം എന്ന ചോദ്യമായിരുന്നു.

തനിക്ക് രണ്ടും ഇഷ്ടമാണെങ്കിലും ഓറഞ്ചിനോടാണ് കൂടുതല്‍ താല്‍പ്പര്യമെന്നായിരുന്നു ശശി തരൂരിന്റെ ഉത്തരം. കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെകുറിച്ചും സാഹിത്യവും സിനിമയും എല്ലാം അഭിമുഖത്തില്‍ വിഷയമായിരുന്നു.

ഗുജറാത്തിലെ പട്ടേല്‍ പ്രതിമയെ കുറിച്ചും ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. ‘അരാഷ്ട്രീയ അഭിമുഖം’ എന്ന് വിശേഷിപ്പിച്ച് കൊണ്ട് അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖത്തില്‍ മോദി മാങ്ങ കഴിക്കുന്നത് ചെത്തിയാണോ അതോ കടിച്ച് തിന്നുകയാണോ എന്നായിരുന്നു ചോദ്യം. മോദിയുടെ ഉറക്കം, തമാശ പറച്ചില്‍, ചായകുടി ശീലം തുടങ്ങിയ കാര്യങ്ങളൊക്കെയായിരുന്നു മറ്റു സംഭാഷണ വിഷയങ്ങള്‍.