'രാജകുമാരി' പാർവതി ഭായിക്ക് ആശംസകൾ എന്ന് ശശി തരൂർ ; ഏത് രാജ്യത്തെ എന്ന് ചോദിച്ച് സൈബർ ലോകം
Kerala News
'രാജകുമാരി' പാർവതി ഭായിക്ക് ആശംസകൾ എന്ന് ശശി തരൂർ ; ഏത് രാജ്യത്തെ എന്ന് ചോദിച്ച് സൈബർ ലോകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th January 2024, 11:14 pm

 

തിരുവനന്തപുരം: തിരുവിതാംകൂർ മുൻ രാജകുടുംബാംഗമായ ഗൗരി ലക്ഷ്മി ഭായിയെ രാജകുമാരി എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. പദ്മശ്രീ പുരസ്ക്കാരം നേടിയ അവരെ അഭിനന്ദിച്ച് കൊണ്ട് എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു ശശി തരൂർ ഇത്തരത്തിൽ വിശേഷണം നടത്തിയത്.

‘രാജകുമാരി അശ്വതി തിരുനാൾ പാർവതി ഭായിയുമായി സംസാരിച്ചു. അവർക്ക് അഭിനന്ദനങ്ങൾ നേർന്നു. ഇന്ത്യൻ സംസ്ക്കാരവും നാഗരികതയും പ്രോത്സാഹിപ്പിക്കുന്നതിൽ അവരുടെ ഇടപെടലിന് ലഭിച്ച അർഹമായ അംഗീകാരമാണ് ഈ പദ്മശ്രീ പുരസ്ക്കാരം,’ ശശി തരൂർ എക്‌സിൽ കുറിച്ചു.

അതേസമയം നിരവധി പേരാണ് ഗൗരി ലക്ഷ്മി ഭായിയെ രാജകുമാരി എന്ന് അഭിസംബോധന ചെയ്തതിന് വിമർശനവുമായി എത്തിയത്. ഏത് രാജ്യത്തെ രാജകുമാരിയാണ് എന്നാണ് മാധ്യമ പ്രവർത്തകനും ദി വയർ ചീഫ് എഡിറ്ററുമായ സിദ്ധാർഥ് വരദരാജൻ ചോദിച്ചത്. ഒരാളെ രാജകുമാരി എന്ന് അഭിസംബോധന ചെയ്യുന്നത് ജനാധിപത്യത്തിന് മേലുള്ള ആക്രമണമാണ് എന്നും അദ്ദേഹം പറഞ്ഞു.


‘രാജാവ് നിങ്ങളെയും എന്നെയും പോലെ ശ്രീമാൻ എന്നുള്ള നിലയിൽ ഉള്ള ഒരു പൗരനായി. പക്ഷേ രാജഭക്തന്മാർക്ക് ഇപ്പോഴും അത് മനസ്സിലായിട്ടില്ല’ എന്ന് പറയുന്ന വി.എസ്‌ അച്ച്യുതാനന്ദന്റെ പഴയ വീഡിയോ പങ്കുവെച്ചാണ് ചിലർ പ്രതികരിച്ചത്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 18 പ്രകാരം ഏതെങ്കിലും തരത്തിലുള്ള ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.

കഴിഞ്ഞ ദിവസമാണ് റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് പദ്മശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ആർത്തവമുള്ള സ്ത്രീകൾ തൊട്ടാൽ ചെടികൾ കരിഞ്ഞു പോകും തുടങ്ങിയ വിവാദ പ്രസ്താവനകൾ നടത്തിയ ഇവർക്ക് എന്ത് സംഭാവനകൾ പരിഗണിച്ചാണ് പദ്മശ്രീ നൽകിയത് എന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു.

Content Highlight : Sashi Tharoor Addresses Gowri Lakshmi Bayi as princess