ടിയാന്‍ സിനിമയില്‍ അഭിനയിച്ചതിന്റെ കാശ് കിട്ടിയിട്ടില്ല, വിളിച്ചാല്‍ അവര്‍ ഫോണ്‍ എടുക്കാറില്ല; വേമ്പുലി ജോണ്‍ കൊക്കന്‍
Entertainment
ടിയാന്‍ സിനിമയില്‍ അഭിനയിച്ചതിന്റെ കാശ് കിട്ടിയിട്ടില്ല, വിളിച്ചാല്‍ അവര്‍ ഫോണ്‍ എടുക്കാറില്ല; വേമ്പുലി ജോണ്‍ കൊക്കന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st July 2021, 5:40 pm

മലയാള സിനിമാമേഖലയില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് നടന്‍ ജോണ്‍ കൊക്കന്‍. ടിയാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ കാശ് പോലും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ജോണ്‍ കൊക്കന്‍ പറയുന്നു.

പാ. രഞ്ജിത്ത് സംവിധാനം ചെയ്ത സാര്‍പ്പട്ട പരമ്പരൈ എന്ന ചിത്രത്തിലെ വേമ്പുലി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ പ്രകടനം നടത്തിയതിന് പിന്നാലെയാണ് മലയാളത്തില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് താരം സംസാരിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോണ്‍ കൊക്കന്റെ വെളിപ്പെടുത്തല്‍.

‘ടിയാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ കാശ് പോലും കിട്ടിയിട്ടില്ല. ഞാന്‍ വിളിക്കുമ്പോള്‍ ഫോണ്‍ പോലും എടുക്കാറില്ല. ഈ പ്രതിഫലം ചോദിക്കാനായി പോകുമ്പോള്‍ ‘അവന്‍ പ്രശ്‌നക്കാരനാണ്’ എന്ന് പറയാന്‍ തുടങ്ങും. അത്തരത്തില്‍ അപവാദങ്ങള്‍ ഒരു വശത്തുണ്ടാകും,’ ജോണ്‍ കൊക്കന്‍ പറഞ്ഞു.

ഷൂട്ടിംഗ് തുടങ്ങിയ ശേഷമാണ് ശിക്കാര്‍ എന്ന സിനിമയില്‍ നിന്നും ഒഴിവാക്കപ്പെടുന്നതെന്നും അഭിമുഖത്തില്‍ ജോണ്‍ പറഞ്ഞു. ‘ശിക്കാര്‍ എന്ന ചിത്രത്തില്‍ ഒരു നല്ല കഥാപാത്രത്തിനായി കാസ്റ്റ് ചെയ്തിരുന്നു. പക്ഷെ ആരൊക്കയോ കളിച്ച് എന്റെ കഥാപാത്രത്തെ ഒതുക്കി. 12-15 ദിവസത്തിനുവേണ്ടിയായിരുന്നു കരാറില്‍ ഒപ്പുവെച്ചത്.

പക്ഷെ രണ്ട് ദിവസത്തിനുള്ളില്‍ എന്റെ ഭാഗത്തിന്റെ ഷൂട്ട് കഴിഞ്ഞുവെന്ന് പറഞ്ഞു. ബാക്കി ചെയ്തില്ല. പിന്നീട് ആ സിനിമയുടെ ആരും എന്നെ വിളിക്കുകയോ അറിയിക്കുകയോ ചെയ്തില്ല.

എനിക്ക് പറഞ്ഞ റോളും കിട്ടിയില്ല, കാശും കിട്ടിയില്ല. ഞാന്‍ അന്വേഷിച്ച് ചെന്നപ്പോള്‍ ഒരാള്‍ പറഞ്ഞത് ‘ജോണ്‍ കൊക്കന് അഭിനയിക്കാനാറിയില്ല അതുകൊണ്ടാണ് പടത്തില്‍ നിന്നും ഒഴിവാക്കിയത്’ എന്നായിരുന്നു. അന്നെനിക്ക് വല്ലാതെ വേദനിച്ചു. അന്നു മുതല്‍ ഇന്ന് വരെ ആ വേദനയും താങ്ങിക്കൊണ്ടാണ് ഞാന്‍ അഭിനയിച്ചതും സാര്‍പ്പട്ട വരെയെത്തിയതും.

മുഖത്ത് നോക്കിയാണ് അവരത് പറഞ്ഞത്. ഇങ്ങനെ കുറെ കുത്തുവാക്കുകള്‍ കേട്ടിട്ടുണ്ട്. എനിക്ക് നേരെ വന്ന ആ ഓരോ കല്ലും ചേര്‍ത്തുവെച്ച് ഞാനൊരു കെട്ടിടം പണിതു, അതാണ് സാര്‍പ്പട്ട പരമ്പരൈ,’ ജോണ്‍ കൊക്കന്‍ പറഞ്ഞു.

ജൂലൈ 22ന് ആമസോണില്‍ റിലീസ് ചെയ്ത സാര്‍പ്പട്ട പരമ്പരൈയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

സന്തോഷ് നാരായണന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളി ജി. ക്യാമറയും സെല്‍വ ആര്‍.കെ. എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

1970കളില്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്സിംഗ് കള്‍ച്ചറാണ് ചിത്രത്തിന്റെ പശ്ചാത്തലം. കബിലന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ആര്യ എത്തുന്നത്. ദുശാറ വിജയന്‍, പശുപതി, കലൈയരസന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sarpatta Vembuli actor John Kokken shares bad experience from Malayalam movie Tiyaan