Sarpatta Parambarai Review| സാര്‍പ്പട്ട പരമ്പരൈ; പാ. രഞ്ജിത്തിന്റെ ഏറ്റവും മികച്ച ചിത്രം
Film Review
Sarpatta Parambarai Review| സാര്‍പ്പട്ട പരമ്പരൈ; പാ. രഞ്ജിത്തിന്റെ ഏറ്റവും മികച്ച ചിത്രം
അന്ന കീർത്തി ജോർജ്
Friday, 23rd July 2021, 5:39 pm

തിയേറ്ററുകളിലായിരുന്നു റിലീസെങ്കില്‍ കാണാനെത്തുന്ന ഏതൊരു പ്രേക്ഷകനെയും ഇളക്കിമറിക്കാന്‍ സാധിക്കുന്ന സീനുകളുള്ള, സ്പോര്‍ട്സ് ഡ്രാമ ചിത്രങ്ങളുടെ ഒരു വിധം എല്ലാ ഘടകങ്ങളും കടന്നുവരുന്ന, എന്നാല്‍ അതിനുമപ്പുറത്തേക്ക് സഞ്ചരിച്ച് ഒരു സമൂഹത്തെയും കാലഘട്ടത്തെയും മനുഷ്യരെയും രേഖപ്പെടുത്താന്‍ ശ്രമിക്കുന്ന ചിത്രമാണ് സാര്‍പ്പട്ട പരമ്പരൈ.

സാര്‍പ്പട്ട പരമ്പരൈ എന്ന ഒരു ബോക്സിംഗ് കുലത്തിന്റെ പേര് തന്നെയായിരിക്കും ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെടുന്ന വാക്ക്. ഈ വാക്ക് അഭിമാനത്തിലും ദുരഭിമാനത്തിലും സന്തോഷത്തിലും നിരാശയിലും ആവേശത്തിലും പരിഹാസത്തിലും ആത്മവിശ്വാസത്തിലുമൊക്കെയായി വ്യത്യസ്ത കഥാപാത്രങ്ങള്‍ പറയുന്നുണ്ട്. ഇതേ ഒരു ഇമോഷണല്‍ റൈഡ് ചിത്രത്തിലും നടക്കുന്നുണ്ട്.

ട്രെയ്‌ലറില്‍ കണ്ടതുപോലെ 1970കളില്‍ മദ്രാസിലെ തമിഴ് സമൂഹത്തില്‍ നിലനിന്നിരുന്ന ബോക്‌സിങ്ങ് കള്‍ച്ചറാണ് സിനിമയുടെ പശ്ചാത്തലം. ബ്രിട്ടീഷുകാരുടെ വരവോടെ തമിഴ്‌നാട്ടില്‍ കടന്നുവന്ന ബോക്‌സിങ്ങിനെ തങ്ങളുടെ രീതികളോടും സാഹചര്യങ്ങളോടും ലയിപ്പിച്ചാണ് തമിഴ് ജനത വളര്‍ത്തിക്കൊണ്ടുവന്നത്.

പലതരം വിവേചനങ്ങള്‍ നിലനിന്നിരുന്ന ഒരു സമൂഹത്തെ ബോക്‌സിങ്ങ് ഒന്നാക്കിയതും എന്നാല്‍ പിന്നീട് ആ സ്‌പേസിലേക്കും ജാതിയും വര്‍ഗവും വ്യക്തി വൈരാഗ്യങ്ങളുമെല്ലാം കടന്നുവന്ന് വേര്‍തിരിവുകളുണ്ടാക്കിയതും സിനിമയിലെ കഥാപാത്രങ്ങളിലൂടെ കാണാനാകും.

അന്നത്തെ മദ്രാസിനെയോ അവിടെ നിലനിന്നിരുന്ന ബോക്സിങ്ങിനെയോ കുറിച്ച് അറിയാത്തവര്‍ക്ക് വളരെ പുതുമയുള്ള ഒരു കഥാപരിസരം ചിത്രം കാണിച്ചു തരുന്നുണ്ട്. മുഹമ്മദ് അലിയെ കുറിച്ച് വാചാലരാകുന്ന, നാട്ടിലെ കുട്ടികള്‍ക്ക് വരെ ബോക്‌സിങ്ങിന്റെ പഞ്ചും ഗാര്‍ഡ് വെക്കലും മൂവുകളുമൊക്കെ അറിയാവുന്ന, ബോക്‌സിങ്ങ് റിങ്ങിലേക്ക് മറ്റെല്ലാം മറന്ന് ഓടിയെത്തുന്ന തമിഴ്‌നാട്ടുകാര്‍ നമുക്ക് തീര്‍ച്ചയായും കണ്ടിരിക്കാന്‍ തോന്നുന്ന അനുഭവമാണ്.

സിനിമയില്‍ ഒരു സര്‍പ്രൈസ് എലമെന്റായി തോന്നിയ കാര്യം, അന്നത്തെ ഒരു സമൂഹത്തെ കുറിച്ച് അറിയാത്തത് കൊണ്ടായിരിക്കും, ഇംഗ്ലിഷ് കലര്‍ന്ന തമിഴ് സംസാരിക്കുന്ന ഒരു സമൂഹവും മറ്റു ദളിത് ജനവിഭാഗങ്ങളും തമ്മിലുള്ള അടുപ്പമാണ്. സിനിമ കഴിഞ്ഞപ്പോഴും കൂടുതല്‍ അറിയാനും പഠിക്കാനുമൊക്കെ ആഗ്രഹം തോന്നിപ്പിക്കുന്ന ഘടകമായിരുന്നു ഇത്.

വേമ്പുലി എന്ന കഥാപാത്രവും ആര്യ ചെയ്ത കേന്ദ്ര കഥാപാത്രമായ കബിലനും തമ്മില്‍ നടക്കുന്ന മാച്ചിലൂടെയാണ്സാര്‍പ്പട്ടയുടെ  കഥ പുരോഗമിക്കുന്നത്. മാച്ച് നടക്കാന്‍ പോകുന്ന സാഹചര്യം, റിങ്ങിലെ പോരാട്ടം, ഇതിനിടയിലും ശേഷവും സംഭവിക്കുന്ന കാര്യങ്ങള്‍ – അങ്ങനെയാണ് കഥ നടക്കുന്നത്. സത്യത്തില്‍ വേമ്പുലി-കബിലന്‍ പോരാട്ടം എന്നാല്‍ സാര്‍പ്പട്ട , ഇടിയപ്പ എന്നീ രണ്ട് ബോക്‌സിംഗ് കുലങ്ങള്‍ തമ്മിലുള്ള, രംഗന്‍ വാധ്യാരും ദൊരൈകണ്‍ വാധ്യാരും തമ്മിലുള്ള ജീവന്മരണ പോരാട്ടത്തിന് തുല്യമായ അഭിമാന പോരാട്ടം കൂടിയാണ്.

ബോക്‌സിങ്ങ് റിംഗില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ, സിനിമ പറയുന്ന കാലഘട്ടത്തില്‍ നടപ്പിലാക്കപ്പെടുന്ന അടിയന്തരാവസ്ഥ, ഡി.എം.കെ-അണ്ണാ ഡി.എം.കെ പാര്‍ട്ടികള്‍, ദ്രാവിഡ രാഷ്ട്രീയം എന്നിവയെല്ലാം ചിത്രത്തിലുണ്ട്. ദളിത് ജനവിഭാഗങ്ങളുടെ മുന്നേറ്റം അംഗീകരിച്ചു കൊടുക്കാന്‍ കഴിയാത്ത, അവരെ ഇല്ലാതാക്കാനായി ഏതറ്റം വരെയും പോകുന്ന സവര്‍ണരെയും ചിത്രത്തില്‍ കാണാം.

ഇതിനൊപ്പം വ്യക്തിപരമായ ബന്ധങ്ങളും മനുഷ്യന്റെ ഉള്ളിലെ വികാരങ്ങളും അത് സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളും അവ ഒരുപക്ഷെ സമൂഹത്തിന്റെ ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്ന നിലയിലേക്ക് വളരുന്നതും സാര്‍പ്പട്ട  കൃത്യമായി കാണിച്ചുതരുന്നു.

കഥ പറച്ചിലിലും മേക്കിങ്ങിലും പെര്‍ഫോമന്‍സിലുമൊക്കെ മുന്‍ ചിത്രങ്ങളായ കാലയേക്കാളും കബാലിയേക്കാളും ഏറെ ദൂരം മുന്നിലാണ് പാ. രഞ്ജിത്തിന്റെ സര്‍പാട്ട പരമ്പരൈയുടെ സ്ഥാനം. തിരക്കഥയിലും സംവിധാനത്തിലുമെല്ലാം ഈ മികവ് വ്യക്തമായി കാണാം. മൂന്ന് മണിക്കൂറോളം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയില്‍ ചിത്രം സഞ്ചരിക്കുന്നുണ്ട്.

അടിയന്തരാവസ്ഥ കാലത്ത് കബിലന്റെ ജീവിതത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ കാണിക്കുന്ന ഭാഗത്തും അവസാനരംഗത്തെ പരിശീലന രംഗങ്ങളും മാത്രമാണ് ഒരല്‍പം ആവര്‍ത്തന വിരസതയോ സിനിമയുടെ അതുവരെയുള്ള പേസില്‍ നിന്നും ഒരടി താഴോട്ട് പോയതായോ തോന്നുന്നത്.

നായകനെന്ന് വിളിക്കാവുന്ന ഒരു കഥാപാത്രത്തെ കൃത്യമായി ഉരുവാക്കിയിരിക്കുന്ന പാ. രഞ്ജിത്ത് പ്രതിനായക സ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് ഒരുപിടി ഘടകങ്ങളെയാണ്. അതില്‍ ജാതിയും ദുരഭിമാനവും നിസഹായതയും ജയിക്കാനുള്ള വെറിയും ആണിന്റെ അഹങ്കാരവും നെറികേടുമല്ലാം കടന്നുവരുന്നുണ്ട്.

ബോക്‌സിങ്ങ് എന്ന മത്സരത്തെ കുറിച്ച് നന്നായി പഠിച്ച്, ചിത്രത്തിലെ ഓരോ ബോക്‌സര്‍ കഥാപാത്രത്തിനും ഒരു സിഗ്നേച്ചര്‍ സ്റ്റൈല്‍ നല്‍കി, അത്രയും ആഴത്തില്‍ വാര്‍ത്തെടുത്തിരിക്കുന്ന റിങ്ങിലെ കഥാപാത്രങ്ങളും അതേ ശ്രദ്ധയോടെ ചെയ്തിരിക്കുന്ന മറ്റു കഥാപാത്രങ്ങളുമാണ് സിനിമയുടെ നട്ടെല്ല്. അഭിനേതാക്കളെ ഈ കഥാപാത്ര നിര്‍മ്മിതിയോട് നീതി പുലര്‍ത്തും വിധം അഭിനയിപ്പിച്ചെടുക്കാന്‍ ഒരു പരിധി വരെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ആര്യയുടെ കരിയറിലെ നിര്‍ണായകമായ റോളാണ് സാര്‍പ്പട്ട പരമ്പരൈയിലെ കബിലന്‍ എന്ന് തീര്‍ച്ചയായും പറയാം. ഒരുപക്ഷെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് തന്നെയായിരിക്കും താരം നല്‍കിയിരിക്കുന്നതും. എന്നാല്‍ ചിലയിടങ്ങളില്‍ ആര്യ എന്ന നടനും കബിലനും ചേരാതെ നില്‍ക്കുന്നുണ്ട്. അല്‍പം നീണ്ട ഇമോഷണല്‍ സ്വീകന്‍സുകളില്‍ ഈ പാളിച്ചകള്‍ കാണാനാകും.

പോപ്പുലര്‍ അഭിപ്രായം ആയിരിക്കണമെന്നില്ല, പക്ഷെ കബിലന്‍ എന്ന കഥാപാത്രത്തേക്കാള്‍ ആഴവും അടുപ്പവും തോന്നുന്നത് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളോടായിരുന്നു.

സാര്‍പ്പട്ടയില്‍ കടന്നുവരുന്നവരെല്ലാം ഒന്നിനൊന്ന് മികച്ച പെര്‍ഫോമന്‍സ് നല്‍കിയിരിക്കുകയാണ്. ചിത്രത്തില്‍ ഉടനീളമുള്ള പശുപതിയുടെ രംഗന്‍ വാദ്യാരും ഇടയ്ക്ക് മാത്രം വന്നുപോകുന്ന ഷബീര്‍ കല്ലറക്കലിന്റെ ഡാന്‍സിംഗ് റോസും തുടങ്ങി ഡാഡിയായി എത്തുന്ന ജോണ്‍ വിജയ്‌യും മാരിയമ്മയായ ദുഷറ വിജയനും കലൈരസന്റെ വെട്രിയുമാണ് മനസില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളില്‍ ചിലത്.

പൊട്ടിക്കരയുകയും തേങ്ങിക്കരയുകയും എണ്ണിപ്പെറുക്കി കരയുകയുമൊക്കെ ചെയ്യുന്ന ആണുങ്ങളെ കൂടി ചിത്രം കാണിച്ചുതരുന്നുണ്ട്. ബോക്സിങ്ങിലെ കരുത്തരെയാരെയും റിങ്ങിനകത്തും പുറത്തും ഒരു കംപ്ലീറ്റ് മാച്ചോ മാനായി നിര്‍ത്താന്‍ പാ. രഞ്ജിത്ത് ശ്രമിച്ചിട്ടില്ല. അതേസമയം ഉട്ടോപ്യന്‍ ലോകത്തെ പെര്‍ഫെക്ട് ആണുങ്ങളെയല്ല, വളരെ റിയലായി തോന്നുന്ന പുരുഷന്മാരെയാണ് സാര്‍പ്പട്ടയില്‍ പ്രേക്ഷകന് കണ്ടുമുട്ടാനാവുക.

പാ രഞ്ജിത്തിന്റെ മുന്‍ ചിത്രങ്ങളിലേതു പോലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ ഇവിടെയുമുണ്ട്. ചിത്രത്തില്‍ പലപ്പോഴും പ്രശ്‌നങ്ങളില്‍ രക്ഷക്കെത്തുന്നത് സ്ത്രീകളാണ്. നിലപാടുകളില്‍ കൃത്യതയുള്ള, ഉള്ളിലെ കാര്യങ്ങള്‍ വ്യക്തമായി തുറന്നുപറയുന്നവരാണ് സാര്‍പ്പട്ട യിലെ സ്ത്രീകള്‍. വരുംവരായ്കകളെ കുറിച്ച് ചിന്തിക്കുന്നതും ഏത് സങ്കീര്‍ണ സാഹചര്യത്തിലും വ്യക്തതയോടെ കാര്യങ്ങളെ സമീപിക്കുന്നതും സ്ത്രീകള്‍ തന്നെ.

ബോക്‌സിംഗ് മാച്ച് നടക്കുന്നതിനിടയില്‍ ബ്ലാക്കില്‍ ടിക്കറ്റ് വില്‍ക്കുന്ന സ്ത്രീയും കബിലന്റെ അമ്മയായ ഭാഗ്യവും ഭാര്യ മാരിയമ്മയും വെട്രിയുടെ ഭാര്യയുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. ഭാര്യ, അമ്മ എന്നീ ഐഡിന്റിറ്റികളിലാണ് ഇവര്‍ കടന്നുവരുന്നതെങ്കിലും സ്വന്തമായ ഒരു ഭൂമിക ഇവര്‍ സൃഷ്ടിച്ചെടുക്കുന്നുണ്ട്.

സന്തോഷ് നാരായണന്റെ സംഗീതം പ്രതീക്ഷിച്ചതുപോലെ മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. തമിഴ് നാടന്‍പാട്ടിന്റെ താളത്തില്‍ പുതിയ കാല സംഗീതം ചേര്‍ന്ന, കാണുന്ന പ്രേക്ഷകനെ സിനിമയില്‍ ലയിപ്പിക്കുന്ന സന്തോഷ് നാരായണന്‍ മാജിക് സര്‍പാട്ടയിലും അനുഭവിക്കാന്‍ സാധിക്കും. അതിനൊപ്പം വിഷ്വലില്‍ ഇതേ ഫ്യൂഷന്‍ കടന്നുവരുന്ന ചുവടുകള്‍, അതും സിനിമയുടെ കഥാഗതിയെ ഒട്ടുമേ ബാധിക്കാതെ കടന്നുവരുമ്പോള്‍, സാര്‍പ്പട്ട യുടെ ആസ്വാദനം കുറച്ചു കൂടി ഹൃദ്യമാകുകയാണ്.

1970ലെ മദ്രാസിനെ മികച്ച രീതിയില്‍ കൊണ്ടുവന്നിരിക്കുന്ന കലാസംവിധാനവും ക്യാമറയും എഡിറ്റിംഗുമെല്ലാം ചേര്‍ന്നാണ് ചിത്രത്തെ മനോഹരമാക്കുന്നത്. മുരളി ജിയുടെ ക്യാമറ പകര്‍ത്തിയിരിക്കുന്ന ചിത്രത്തിലെ അവസാനരംഗത്തെ കടലും റിങ്ങിലെ ക്ലോസ് ഷോട്ടുകളുമെല്ലാം മനസ്സില്‍ നിറഞ്ഞുനില്‍ക്കും. ബോക്‌സിങ്ങിന്റെ ചടുലത പ്രേക്ഷകനിലേക്കെത്തിക്കാന്‍ കഴിയുന്ന ആര്‍.കെ സെല്‍വന്റെ എഡിറ്റിങ്ങും എടുത്തുപറയേണ്ടതാണ്.

പാ. രഞ്ജിത്തിന്റെ മുന്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തോന്നുന്ന രണ്ട് കാര്യങ്ങള്‍ കൂടിയുണ്ട്. ഒന്ന്, ആദ്യ രണ്ട് ചിത്രങ്ങളിലും നേരിട്ടുള്ള പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റുകള്‍ കടന്നുവന്നിരുന്നെങ്കില്‍, സര്‍പാട്ടയില്‍ ഇത് കഥയുടെ ഉള്ളിന്റെയുള്ളിലുള്ള ലെയറുകളിലൂടെയാണ് പറഞ്ഞുവെക്കുന്നത്.

ആദ്യ സിനിമകളിലൂടെ പാ.രഞ്ജിത്ത്, തന്റെ ചിത്രങ്ങളെ എങ്ങനെയാണ് സമീപിക്കേണ്ടതെന്ന് കൃത്യമായി പ്രേക്ഷകനോട് സംവദിച്ചതുകൊണ്ടായിരിക്കാം ഇനിയുള്ള ചിത്രങ്ങളില്‍ നേരിട്ടല്ലാതെ സൂക്ഷ്മമായി തന്റെ ആശയങ്ങളെ കൊണ്ടുവരാന്‍ പാ. രഞ്ജിത്ത് തീരുമാനിച്ചത്. ഇതൊരു പാ. രഞ്ജിത്ത് മൂവിയാണെന്ന് അറിഞ്ഞുകൊണ്ട് സമീപിക്കുന്ന ഒരു പ്രേക്ഷക സമൂഹത്തെ സൃഷ്ടിക്കാന്‍ കുറഞ്ഞ കാലത്തിനുള്ളില്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

രണ്ടാമതായി, മുന്‍ സിനിമകളുടെ അതേ പാറ്റേണില്‍ ദളിത് സമൂഹത്തിന്റെ മുന്നേറ്റത്തിന് വഴിവെച്ചവരെയും അവര്‍ ആദരവോടെ കാണുന്നവരെയും ചില ചിത്രങ്ങളും ഇമേജറികളും വഴി പാ.രഞ്ജിത് കാണിച്ചുതരുന്നുണ്ട്. അങ്ങനെ ചുമരിലും വഴിയോരത്തും  കല്യാണസമ്മാനങ്ങളിലുമെല്ലാം ബുദ്ധനും പെരിയാറും അംബേദ്കറുമെല്ലാം കടന്നുവരുന്നുണ്ട്.

മികച്ച ഒരു സ്പോര്‍ട്സ് ചിത്രം കണ്ടാല്‍ അതിലെ കഥാപാത്രങ്ങള്‍ മിക്കവാറും പ്രേക്ഷകന്റെ കൂടെ ഇറങ്ങിപ്പോരാറുണ്ട്. തുടര്‍ന്നുള്ള കുറച്ചു ദിവസങ്ങളില്‍ പ്രധാന കഥാപാത്രത്തോട് വൈകാരിക അടുപ്പവും ജീവിതത്തിന് പുതു ഊര്‍ജവുമൊക്കെ തോന്നുകയും ചെയ്യാറുണ്ട്. ഈയൊരു ഘടകം തീര്‍ച്ചയായും സാര്‍പ്പട്ട പരമ്പരൈക്കുണ്ട്.

എന്നാല്‍ അതിനുമപ്പുറത്തേക്ക്, ആ സിനിമ കാണിച്ചുതരുന്ന ആ സമൂഹത്തെയും സംസ്‌കാരത്തെയും മനുഷ്യരെയും കുറിച്ച് കൂടുതലറിയാനുള്ള ഒരു ആഗ്രഹം കൂടി സര്‍പാട്ട പരമ്പരൈ സൃഷ്ടിക്കുന്നുണ്ട്. ഒരു കാലഘട്ടത്തെയും മറവിയിലേക്ക് ആണ്ടുപോയ മനുഷ്യരെയും രേഖപ്പെടുത്താന്‍ കൂടി തീരുമാനിച്ച് ഒരു സിനിമയെടുക്കുമ്പോള്‍, കാണുന്ന പ്രേക്ഷകനില്‍ ഫിലിം മേക്കര്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന പ്രതികരണവും അതുതന്നെയാണ്, അങ്ങനെ നോക്കുമ്പോള്‍ പാ. രഞ്ജിത്തിന്റെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമാണ് സാര്‍പ്പട്ട പരമ്പരൈ.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.