സെലക്ടര്‍മാര്‍ പക്ഷപാതം കാണിച്ചില്ലെങ്കില്‍ ഇവന്‍ ഇന്ത്യയ്ക്കായി കളിക്കും; സച്ചിനോ സേവാഗിനോ പോലുമില്ല, ബ്രാഡ്മാന് ശേഷം സര്‍ഫറാസ്
Sports News
സെലക്ടര്‍മാര്‍ പക്ഷപാതം കാണിച്ചില്ലെങ്കില്‍ ഇവന്‍ ഇന്ത്യയ്ക്കായി കളിക്കും; സച്ചിനോ സേവാഗിനോ പോലുമില്ല, ബ്രാഡ്മാന് ശേഷം സര്‍ഫറാസ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd June 2022, 2:43 pm

രഞ്ജി ട്രോഫിയില്‍ മാസ്മരിക പ്രകടനം തുടര്‍ന്ന് മുംബൈയുടെ സൂപ്പര്‍ താരം സര്‍ഫറാസ് ഖാന്‍. മധ്യപ്രദേശിനെതിരെ നടക്കുന്ന ഫൈനല്‍ മത്സരത്തിലാണ് താരം വീണ്ടും സെഞ്ച്വറി നേടി ക്രിക്കറ്റ് ആരാധകരെ ഒരിക്കല്‍ക്കൂടി ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.

190 പന്തിലാണ് താരം സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയത്. സീസണിലെ ഏഴാം സെഞ്ച്വറിയാണ് താരം ഫൈനലില്‍ കണ്ടെത്തിയത്.

ഒരറ്റത്ത് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴുമ്പോഴും പാറപോലെ ഉറച്ചു നിന്ന സര്‍ഫറാസിന്റെ പ്രകടനമാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. 243 പന്തില്‍ നിന്നും 134 റണ്‍സാണ് താരം സ്വന്തമാക്കിയത്.

സര്‍ഫറാസിന് പുറമെ രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം യശസ്വി ജെയ്‌സ്വാളും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 163 പന്തില്‍ നിന്നും 78 റണ്‍സാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്. ഇരുവരുടെയും പ്രകടനത്തിന്റെ ബലത്തില്‍ മുംബൈ ആദ്യ ഇന്നിങ്‌സില്‍ 374 റണ്‍സാണ് സ്വന്തമാക്കിയത്.

മികച്ച പ്രകടനം നടത്തിയ സര്‍ഫറാസിന് അഭിനന്ദനങ്ങളുടെ പെരുമഴയാണ്. ഹര്‍ഷ ഭോഗ്ലയടക്കമുള്ള ആളുകളാണ് താരത്തിന് അഭിനന്ദനവുമായെത്തുന്നത്.

ഇതിനിടെ മറ്റൊരു അപൂര്‍വതയും താരത്തിനെ തേടിയെത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 2000ലധികം റണ്‍സ് നേടിയവരുടെ കൂട്ടത്തില്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന് ശേഷം ഏറ്റവുമധികം ആവറേജുള്ളത് സര്‍ഫറാസിനാണ്.

24 മത്സരം കഴിഞ്ഞപ്പോളേക്കും താരത്തിന്റെ ബാറ്റിങ് ആവറേജ് 81 ആണ്. ഇന്ത്യന്‍ ടീമിലെത്താന്‍ മറ്റെന്താണ് ഇവന്‍ വേണ്ടതെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നത്.

സീസണില്‍ 14 ഇന്നിങ്‌സുകളിലായി ഇതിനോടകം ഏഴ് സെഞ്ച്വറികള്‍ സര്‍ഫറാസ് നേടിക്കഴിഞ്ഞു. ഇതില്‍ ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും രണ്ട് ഡബിള്‍ സെഞ്ച്വറിയും ഉള്‍പ്പെടും. കൂടാതെ മൂന്ന് അര്‍ധ സെഞ്ച്വറിയും സര്‍ഫറാസ് അടിച്ചുകൂട്ടിയിട്ടുണ്ട്.

സൗരാഷ്ട്രയ്‌ക്കെതിരെ 275 റണ്‍സും ഉത്തരാഖണ്ഡിനെതിരെ 153 റണ്‍സും ഒഡീഷയ്‌ക്കെതിരെ 165 റണ്‍സുമാണ് സര്‍ഫറാസ് സ്വന്തമാക്കിയത്.

 

 

Content Highlight: Sarafaraz Khan with stunning performance in Ranji Trophy, second best batting average after Sir Donald Bradman