അഭിനയിക്കാന്‍ ഓഫര്‍ വന്നിരുന്നു, പക്ഷേ ആക്ഷന്‍ പറഞ്ഞപ്പോള്‍ എന്റെ ഒരു കണ്ണടഞ്ഞു; രസകരമായ അനുഭവം പങ്കുവെച്ച് സന്തോഷ് ശിവന്‍
Movie Day
അഭിനയിക്കാന്‍ ഓഫര്‍ വന്നിരുന്നു, പക്ഷേ ആക്ഷന്‍ പറഞ്ഞപ്പോള്‍ എന്റെ ഒരു കണ്ണടഞ്ഞു; രസകരമായ അനുഭവം പങ്കുവെച്ച് സന്തോഷ് ശിവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th May 2022, 3:30 pm

 

ഛായാഗ്രഹകനായും സംവിധായകനായും നിര്‍മാതാവായും മലയാള സിനിമയില്‍ കയ്യൊപ്പ് പതിപ്പിച്ച വ്യക്തിയാണ് സന്തോഷ് ശിവന്‍.

1986 ഓടെ ആരംഭിച്ച കരിയര്‍ 35 വര്‍ഷം പിന്നിടുമ്പോള്‍ സിനിമാസ്വാദകരുടെ മനസില്‍ ഇന്നും പതിഞ്ഞുകിടക്കുന്ന സന്തോഷ് ശിവന്റെ നിരവധി ഫ്രേമുകളും ചിത്രങ്ങളുമുണ്ട്.

മഞ്ജുവിനെ നായികയാക്കിയൊരുക്കിയ ജാക്ക് ആന്‍ഡ് ജില്‍ ആണ് സന്തോഷ് ശിവന്റെ ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. സംവിധായകനും ഛായാഗ്രാഹകനും നിര്‍മാതാവുമായിട്ടും എന്തുകൊണ്ടാണ് അഭിനയത്തില്‍ ഒരു പരീക്ഷണം നടത്താതിരുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സന്തോഷ് ശിവന്‍. ഹിറ്റ് 967 യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിനയിക്കാന്‍ നിന്നപ്പോള്‍ ആക്ഷന്‍ എന്ന് കേട്ടപ്പോള്‍ ക്യാമറയ്ക്ക് പിന്നിലാണെന്ന ഓര്‍മയില്‍ തന്റെ ഒരു കണ്ണടഞ്ഞെന്നായിരുന്നു സന്തോഷ് ശിവന്റെ രസകരമായ മറുപടി.

‘ അഭിനയിക്കാന്‍ കുറേ ഓഫറുകളൊക്കെ വന്നിരുന്നു. ആദ്യത്തെ തവണ അഭിനയിക്കാന്‍ നില്‍ക്കുമ്പോള്‍ ആക്ഷന്‍ പറഞ്ഞപ്പോള്‍ എന്റെ ഒരു കണ്ണടഞ്ഞു (ചിരി). അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ കൂടെ നേരത്തെ വര്‍ക്ക് ചെയ്തവരില്ലേ, ലൈറ്റ്‌സ് ഒക്കെ ചെയ്തവര്‍ അവര്‍ എന്നെ ഇങ്ങനെ നോക്കും, സന്തോഷേട്ടന് ഇതിന്റെ വല ആവശ്യവുമുണ്ടായിരുന്നോ എന്ന മട്ടില്‍.

പിന്നെ നമ്മള്‍ വേറൊരു ക്യാരക്ടര്‍ ആവുകയെന്നൊക്കെ പറഞ്ഞാല്‍ അത് വലിയ ബുദ്ധിമുട്ടാണ്. പിന്നെ ഡയലോഗ് പഠിക്കണം. ലാസ്റ്റ് മിനുട്ടില്‍ ഡയലോഗ് കൊണ്ടുതന്നിട്ട് ഇതൊക്കെ പഠിക്കണം എന്ന് പറയുമ്പോള്‍ നമ്മള്‍ അത് ഇതുവരെ ശീലിച്ചിട്ടില്ല. മനസിലായില്ലേ (ചിരി).

പിന്നെ നല്ല ഇന്ററസ്റ്റിങ് സംഭവങ്ങളാണെങ്കില്‍ ഞാന്‍ അഭിനയിക്കും. ബറോസില്‍ ലാല്‍സാര്‍ പറഞ്ഞു ഒരു റോള്‍ ചെയ്യണമെന്ന്, ഞാന്‍ ചെയ്തില്ല. മാറി നടന്നു. ഞാന്‍ ചെയ്യണമെങ്കില്‍ ഹീറോയിന്‍സൊക്കെ വേണ്ടേ അണ്ണാ. അല്ലാതെ വെറുതെ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു(ചിരി). ,സന്തോഷ് ശിവന്‍ പറഞ്ഞു.

കോമഡിയും ആക്ഷനും എല്ലാം കൊണ്ടും ഒരു പക്കാ എന്റര്‍ടൈന്‍മെന്റ് ആകും ജാക്ക് ആന്‍ഡ് ജില്‍ എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ കിം കിം എന്ന് തുടങ്ങുന്ന ഗാനവും നേരത്തെ തരംഗമായിരുന്നു.

സയന്‍സ് ഫിക്ഷന്‍ കോമഡി ട്രാക്കില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ നെടുമുടി വേണു, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് അണിനിരക്കുന്നത്.

Content Highlight: Santhosh Sivan Share a Funny experiance about his acting debut