Administrator
Administrator
സന്തോഷ് പണ്ഡിറ്റിനെ കല്ലെറിയും മുമ്പ്‌ …
Administrator
Tuesday 25th October 2011 7:49pm


santhosh-pandit

ജിന്‍സി ബാലകൃഷ്ണന്‍

മോഹന്‍ലാലും മമ്മൂട്ടിയും പൃഥ്വിരാജും സത്യന്‍ അന്തിക്കാടുമൊക്കെ ഫെയ്മസായത് സിനിമയിലെത്തിയശേഷമാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ പുറത്തിറങ്ങുന്നതിന് മുമ്പ് മോഹന്‍ലാലിനെ ആരും അറിഞ്ഞിരുന്നില്ല. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമ ഇറങ്ങിയശേഷമാണ് മമ്മൂട്ടിക്ക് നടന്‍ എന്ന ലേബല്‍ കിട്ടിയത്. സന്ദേശവും, തലയണമന്ത്രവുമൊക്കെ ഇറങ്ങിയശേഷമാണ് സത്യന്‍ അന്തിക്കാടിനെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്.

എന്നാല്‍ ചെയ്ത സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് സൂപ്പര്‍സ്റ്റാര്‍ സ്ഥാനം തട്ടിയെടുത്തയാളാണ് സന്തോഷ് പണ്ഡിറ്റ്. സന്തോഷ് ഫെയ്മസാകാന്‍ അദ്ദേഹത്തിന്റെ ചിത്രം കൃഷ്ണനും രാധയും പുറത്തിറങ്ങേണ്ടി വന്നിട്ടില്ല. സന്തോഷ് നേടിയത് പ്രസിദ്ധിയാണോ കുപ്രസിദ്ധിയാണോ എന്ന് വേറെ കാര്യം.

മലയാള സിനിമയെ കീറിമുറിച്ച് പരിശോധിക്കുന്ന വിമര്‍ശകര്‍ക്കിടയിലും, താരരാജാക്കന്‍മാരുടെ ഏത് ഡയലോഗിനും കയ്യടിക്കുന്ന ഫാന്‍സുകാര്‍ക്കിടയിലും ശരാശരി മലയാളി പ്രേക്ഷകനിടയിലുമൊക്കെ സന്തോഷ് പണ്ഡിറ്റ് പുകഞ്ഞ കൊള്ളിയാണ്. അതിന്റെ പ്രധാന കാരണം സംവിധാനം, തിരക്കഥ, നിര്‍മാണം, അഭിനയം തുടങ്ങി എല്ലാ പണിയും സ്വയം ചെയ്ത സന്തോഷ് പണ്ഡിറ്റ് പുറത്തിറക്കിയ കൃഷ്ണനും രാധയും എന്ന ചിത്രമാണ്.

കൃഷ്ണനും രാധയും തിയ്യേറ്ററുകളിലെത്തുന്നതിന് എത്രയോ മുമ്പ് അതിന്റെ യൂട്യൂബ് ദൃശ്യങ്ങളും സന്തോഷ് പണ്ഡിറ്റിന്റെ സാഹസികതകള്‍ വിവരിക്കുന്ന ഇന്റര്‍വ്യൂകളും നെറ്റ് ലോകത്ത് വ്യാപിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കണ്ട് ഫെയ്‌സ്ബുക്കിലും മറ്റുമുള്ള സിനിമാ പ്രേമികള്‍ സന്തോഷിനെ തെറിവിളിച്ച് അത്മനിര്‍വൃതിയടഞ്ഞവരാണ്.

ചിത്രത്തിലെ ‘ ഓ പ്രിയേ.. ഓ പ്രിയേ’ എന്ന ഗാനരംഗം ഇതിനകം തന്നെ ഏറെ വിമര്‍ശിക്കപ്പെട്ടു. സിനിമാ ലോകത്തെ സദാചാര പോലീസുകാര്‍ ഇതിനെതിരെ ഉറഞ്ഞുതുള്ളുകയാണ്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന തരത്തില്‍ ചിത്രീകരിച്ച ഈ രംഗങ്ങള്‍ സിനിമയെ ഉപയോഗിച്ചുള്ള മുതലെടുപ്പിന്റെ ഭാഗമാണെന്നാണ് ഇവര്‍ പറയുന്നത്. ഇതിലെ അംഗവിക്ഷേപങ്ങളും അനാവശ്യമായ ‘കയ്യേറ്റങ്ങ’ളും ചൂണ്ടിക്കാട്ടി ഇവര്‍ പോയിന്റിട്ട് വിശദീകരിക്കുന്നു. എന്നാല്‍ കല്ലെറിയാന്‍ മാത്രം പാപരഹിതരാണോ നമ്മള്‍. നാട്ടുകാരുടെ അയ്യേ… പറയല്‍ കേട്ടാല്‍ തോന്നും മലയാള സിനിമയില്‍ ഇതൊക്കെ ആദ്യമായി സംഭവിക്കുകയാണെന്ന്.

സ്ത്രീ ശരീരത്തെ തങ്ങളുടെ മാര്‍ക്കറ്റിനായി ഉപയോഗിക്കാത്ത എത്ര മലയാള സിനിമകളുണ്ട് നമുക്ക്. ത്രീശരീരത്തെ മലയാള സിനിമ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് ഈ ‘ മുതലെടുപ്പ്’ ലക്ഷ്യം വച്ചല്ലെ?. സന്തോഷ് നടത്തുന്നത് മുതലെടുപ്പാണെങ്കില്‍ രാവണപ്രഭുവിലെ ‘ അകില് പുകില് കുരവ കുഴല്’ എന്ന ഗാനരംഗത്ത് മോഹന്‍ലാല്‍ നടത്തുന്നതെന്താണ്. കീര്‍ത്തിചക്രയിലെ മുകിലേ മുകിലേ എന്ന ഗാനരംഗത്ത് ലക്ഷ്മി ഗോപാലസ്വാമിയുടെ മാംസള ഭാഗങ്ങള്‍ ഉപയോഗിച്ചത് എന്തിന് വേണ്ടിയാണ്. അനന്തഭദ്രത്തിലെ ‘മാലമലലൂയ’ എന്ന പാട്ടില്‍ റെയ്മ സെന്നിനെക്കൊണ്ട് ചെയ്യിച്ചതെന്തൊക്കെയാണ്.

അനാവശ്യമായ കൈകടത്തലും ആംഗ്യവിക്ഷേപവും, സ്പര്‍ശനവും മുതല്‍ അശ്ലീലചുവയുള്ള പ്രയോഗങ്ങള്‍വരെ ഈ എക്‌സ്‌പോഷന് വേണ്ടി ഉപയോഗിക്കുന്നു. താണ്ഡവത്തില്‍ മോഹന്‍ലാല്‍ ‘ഗ്യാപ്പ്’ എന്ന് പറഞ്ഞപ്പോഴും, കല്ല്യാണരാമനില്‍ സലിംകുമാര്‍ ‘തേങ്ങയുടച്ചപ്പോള്‍ ഒരു പീസ് വെള്ളത്തില്‍ പോയതാണ്’ എന്ന് പറഞ്ഞപ്പോഴും കയ്യടിച്ച് ചിരിച്ചവരാണ് മലയാളികള്‍. സ്ത്രീകളെ ഇതിലും മോശമായി ഉപയോഗിക്കുന്ന പല ഗാനരംഗങ്ങളും ആസ്വദിച്ച മലയാളി എന്തിനാണ് ഈ ഗാനരംഗത്തെ മാത്രം വിമര്‍ശിക്കുന്നത്. ഈ രംഗങ്ങളില്‍ അഭിനയിച്ച സൂപ്പര്‍ സ്റ്റാറുകളോടും അല്ലാത്തവരോടും ആരും ചോദിച്ചില്ല, നിങ്ങള്‍ എന്തുകൊണ്ടാണ് പെണ്‍കുട്ടിയോട് ഇത്ര അടുത്തിടപഴകി അഭിനയിക്കുന്നതെന്ന്. ഇനി ചോദിച്ചാല്‍ തന്നെ നായകന്‍ നല്‍കുന്ന വിശദീകരണത്തില്‍ തൃപ്തരാവുന്ന മലയാളിയെന്താണ് സന്തോഷിനോട് മാത്രം ഈ അതൃപ്തി കാണിക്കുന്നത്?.

സന്തോഷ് പണ്ഡിറ്റും കൃഷ്ണനും രാധയും മലയാള സിനിമക്ക് നേരെ തിരിച്ചുപിടിച്ച കണ്ണാടിയാണ്. ആ കണ്ണാടി നോക്കി സ്വന്തം മുഖം കാണാന്‍ തയ്യാറാവുകയാണ് മലയാള സിനിമ ചെയ്യേണ്ടത്

മോശം അഭിനയത്തെയാണ് വിമര്‍ശിക്കുന്നതെങ്കില്‍ അക്കാര്യം പറയണം. അല്ലാതെ പെണ്‍കുട്ടിയുമായി അടുത്തിടപഴകി അഭിനയിക്കാനാണ് സന്തോഷ് സിനിമയെടുത്തതെന്ന് പറയരുത്. ഇനി മോശം അഭിനയത്തെക്കുറിച്ചാണ് ആരോപണമെങ്കില്‍ അതെക്കുറിച്ചും പറയാനുണ്ട്.

മോശമായി അഭിനയിക്കപ്പെട്ട വേറെയും സിനിമകള്‍ മലയാളത്തില്‍ പിറന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഫാസില്‍ പുറത്തിറക്കിയ കയ്യെത്തും ദൂരത്ത് എന്ന ചിത്രം കണ്ടിട്ടുണ്ടാകുമല്ലോ? കേരളത്തില്‍ ശരാശരി വിജയം നേടിയ ചിത്രമാണിത്. എങ്ങനെയാണ് മലയാളി ഈ സിനിമ തിയ്യേറ്ററിലിരുന്ന് കണ്ടത് എന്നാരും ചോദിച്ചുപോകും. അത്രയ്ക്ക് മോശമായിരുന്നു ചിത്രത്തിലെ പലരുടേയും പ്രകടനം.

അത് മാറ്റിനിര്‍ത്താം അടുത്തിടെ പുറത്തിറങ്ങിയ എപ്രില്‍ ഫൂള്‍ എന്ന ചിത്രം മുഴുവന്‍ ഇരുന്ന കാണുന്നവര്‍ക്ക് സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം കൊടുത്താലും തെറ്റുപറയാനാവില്ല. കാഴ്ചക്കാരന്റെ സഹനശക്തി അത്രയ്ക്ക് പരീക്ഷിക്കുന്നുണ്ട് ജഗദീഷ്. ഏറ്റവും മോശം ചിത്രത്തിനുള്ള ഫിലിം ബോര്‍ അവാര്‍ഡിന് ഏപ്രില്‍ ഫൂള്‍ അര്‍ഹമായതിന് കാരണവും മറ്റൊന്നായിരുന്നില്ല. സിനിമ സംവിധായകന്റെ കലയാണ്. ആ നിലയ്ക്ക് നോക്കുകയാണെങ്കില്‍ പേരെടുത്ത ആളാണ് ഏപ്രില്‍ ഫൂളിന്റെ സംവിധായകന്‍ വിജി തമ്പി. അങ്ങനെയൊരാളില്‍ നിന്നും ഒന്നിനുംകൊള്ളാത്ത സിനിമയുണ്ടായപ്പോള്‍ മലയാളികള്‍ മിണ്ടിയില്ല. അതിന്റെ തിരക്കഥയുടെ കാര്യം പറയുകയേ വേണ്ട. ജഗദീഷ് ചെയ്ത മികച്ച കഥാപാത്രങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടുതന്നെ പറയട്ടെ, ഏപ്രില്‍ഫൂളിന്റെ അദ്ദേഹത്തിന്റെ അഭിനയം സന്തോഷ് പണ്ഡിറ്റിന്റേതിനേക്കാള്‍ ബോറായിരുന്നു.

പിന്നെ ലിവിങ് ടുഗതര്‍, ഇത് നമ്മുടെ കഥ, നിന്നിഷ്ടം എന്നിഷ്ടം 2, എഗൈന്‍ കാസര്‍കോട് കാദര്‍ഭായ്, ഇമ്മിണി നല്ലൊരാള്‍, ദേ ഇങ്ങോട്ട് നോക്കിയേ, സ്വന്തം ഭാര്യ സിന്ദാബാദ് …….. ഒരക്ഷരം പോലും മിണ്ടാതെ ഈ ചിത്രങ്ങളെല്ലാം കണ്ടവര്‍ എന്തിനാണ് സന്തോഷ് പണ്ഡിറ്റിനെ വിമര്‍ശിക്കുന്നത്.

സന്തോഷ് പണ്ഡിറ്റ് പ്രതിഭാധനനാണെന്നോ, അദ്ദേഹത്തിന്റേത് ക്ലാസിക് സിനിമയാണെന്നോ ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. പണം ചിലവാക്കി തിയ്യേറ്ററില്‍ പോയി സിനിമ കാണുന്ന പ്രേക്ഷകനോട് യാതൊരു ഉത്തരവാദിത്തവും കാണിക്കാതെ വെറുപ്പിക്കുന്ന സിനിമകളെടുക്കുന്ന സംവിധായകരെയും, സിനിമയെ മോശമാക്കുന്ന നടന്‍മാരെയും ആരും കുറ്റപ്പെടുത്തി കാണുന്നില്ല. സിനിമയെ മോശമാക്കുന്നത് ആരായാലും അവര്‍ക്കെതിരെ ശക്തമായി മുന്നോട്ടുവരണം.

എന്തിനെയും പരിഹസിക്കുന്നതില്‍ മലയാളി കാണുന്ന കൗതുകമാണു സന്തോഷ് പണ്ഡിറ്റിനെ പ്രശസ്തനാക്കിയത്. എന്നാല്‍ അയാള്‍ തനിക്ക് വരുന്ന ഒരോ വിമര്‍ശനവും യൂ ട്യൂബില്‍ കൂടുന്ന ഹിറ്റുകള്‍ക്കൊണ്ട് കാശാക്കി മാറ്റി. ഇന്ന് മലയാള സിനിമയില്‍ നടക്കുന്നതും ഇത് തന്നെയല്ലേ? എല്ലാ അപഹാസ്യങ്ങളും നമ്മള്‍ കാണുന്നത് കൊണ്ടല്ലേ ഇത്രയേറെ ചവറു പടങ്ങള്‍ മലയാളത്തില്‍ ഇറങ്ങുന്നത്?

സന്തോഷ് പണ്ഡിറ്റും കൃഷ്ണനും രാധയും മലയാള സിനിമക്ക് നേരെ തിരിച്ചുപിടിച്ച കണ്ണാടിയാണ്. ആ കണ്ണാടി നോക്കി സ്വന്തം മുഖം കാണാന്‍ തയ്യാറാവുകയാണ് മലയാള സിനിമ ചെയ്യേണ്ടത്. ചര്‍ച്ചകളും അങ്ങിനെ നടക്കേണ്ടതുണ്ട്.

Advertisement