ബാറ്റിങ് ലഭിച്ചില്ലെങ്കിലും എന്റെ എന്തെങ്കിലും അടയാളം മത്സരത്തില്‍ ബാക്കിയാക്കണ്ടേ? സൂപ്പര്‍ ക്യാച്ചുമായി സൂപ്പര്‍ സാംസണ്‍
Cricket
ബാറ്റിങ് ലഭിച്ചില്ലെങ്കിലും എന്റെ എന്തെങ്കിലും അടയാളം മത്സരത്തില്‍ ബാക്കിയാക്കണ്ടേ? സൂപ്പര്‍ ക്യാച്ചുമായി സൂപ്പര്‍ സാംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th August 2022, 5:26 pm

 

ഇന്ത്യ-സിംബാബ്‌വെ രണ്ടാം ഏകദിന മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തിലേതു
പോലെ തന്നെ രണ്ടാം മത്സരത്തിലും ഇന്ത്യ ബൗളിങ്ങായിരുന്നു തെരഞ്ഞെടുത്തത്. രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ബൗളിങ്ങിന് മുമ്പില്‍ സിംബാബ്‌വെ ബാറ്റര്‍മാര്‍ പതറുകയായിരുന്നു.

തുടക്കം മുതല്‍ പതറിനിന്ന സിംബാബ്‌വെ താരങ്ങളെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു. ആദ്യ ഓവറുകളില്‍ തീ തുപ്പുന്ന ബോളിങ്ങുമായി സിറാജും പ്രസിദ്ധ് കൃഷ്ണയും കളം നിറഞ്ഞപ്പോള്‍ ടീമിലേക്ക് തിരിച്ചെത്തിയ ഷര്‍ദുല്‍ താക്കുറും ഇവരോടൊപ്പം ചേര്‍ന്നു. മൂന്ന് വിക്കറ്റ് നേടിയ ഷര്‍ദുല്‍ തന്നെയാണ് ഇന്ത്യന്‍ നിരയിലെ ടോപ് വിക്കറ്റ് ടേക്കര്‍.

സിംബാബ്‌വെ ഓപ്പണര്‍ ബാറ്റര്‍ തകുദ്‌സ്വനാഷെ കെയ്റ്റാനോയെ പുറത്താക്കാനായി സഞ്ജു സാംസണെടുത്ത ക്യാച്ച് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുകയാണ്. സിറാജിന്റെ പന്തില്‍ എഡ്ജ് എടുത്ത പന്ത് സഞ്ജു വലത്തോട്ട് ഡൈവ് ചെയ്ത് ഒറ്റകയ്യില്‍ ഒതുക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ലായിരുന്നു. ഈ മത്സരത്തില്‍ വെറും 162 റണ്‍സാണ് ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടത്. ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ഇറങ്ങുന്ന സഞ്ജുവിന് ഈ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഈ ക്യാച്ചോടെ മത്സരത്തില്‍ തന്റെതായ അടയാളം രേഖപ്പെടുത്തിയിരിക്കുകയാണ് സഞ്ജു.

കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരത്തിലും സമാനമായി സഞ്ജു ആരാധകരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മത്സരത്തിലെ അവസാന ഓവറില്‍ ഒരു ബൗണ്ടറി സേവ് ചെയ്തുകൊണ്ടായിരുന്നു സഞ്ജു ആരാധകരുടെയും ക്രിക്കറ്റ് നിരീക്ഷരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.

ഒരുപക്ഷെ സഞ്ജു ആ ബൗണ്ടറി സേവ് ചെയ്തില്ലായിരുന്നെങ്കില്‍ മത്സരത്തിന്റെ റിസള്‍ട്ട് തന്നെ മറ്റൊന്നാകുമയാരുന്നു. ബാറ്റിങ്ങില്‍ അവസരം ലഭിച്ചില്ലെങ്കില്‍ ടീമില്‍ താന്‍ കാരണം എന്തെങ്കിലും ഗുണം ഉണ്ടാകുമെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതാണ് ഇത്തരത്തിലുള്ള ഓണ്‍ ഫീല്‍ഡ് പ്രകടനങ്ങള്‍.

 

Content Highlight: Sanju Samson’s Super catch against Zimbabwe