അവര്‍ തോല്‍പിക്കാന്‍ നോക്കിയാലും നമുക്കങ്ങനെ തോറ്റുകൊടുക്കാന്‍ പറ്റുമോ; ഇന്ത്യന്‍ ടീമിലിടം നേടാനൊരുങ്ങി സഞ്ജു
Sports News
അവര്‍ തോല്‍പിക്കാന്‍ നോക്കിയാലും നമുക്കങ്ങനെ തോറ്റുകൊടുക്കാന്‍ പറ്റുമോ; ഇന്ത്യന്‍ ടീമിലിടം നേടാനൊരുങ്ങി സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th June 2022, 2:10 pm

ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാനാവാതെ പോയ നിരവധി താരങ്ങളുണ്ട്. സഞ്ജു സാംസണാണ് അക്കൂട്ടത്തിലെ പ്രധാനി.

സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍ പരിക്കേറ്റ് പുറത്തായിട്ടും ടീം പകരക്കാരെ പ്രഖ്യാപിക്കാത്തതിലടക്കം ആരാധകര്‍ ഏറെ നിരാശരാണ്.

ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിന് ശേഷം ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനവും വരുന്നുണ്ട്. സീനിയര്‍ താരങ്ങള്‍ ആ സമയം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയുടെ തിരക്കിലായിരിക്കും.

ഇരുപരമ്പരകളും തമ്മില്‍ ക്ലാഷ് വരുന്നതിനാല്‍ ബി ടീമിനെയാവും ബി.സി.സി.ഐ അയര്‍ലാന്‍ഡ് പര്യടനത്തിനായി അയയ്ക്കുക. ഈ ടീമില്‍ സഞ്ജു ഇടം നേടുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഇപ്പോഴിതാ, താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ക്ക് പ്രതീക്ഷയേറ്റുന്നത്. ഫിറ്റ്‌നെസ് നിലിര്‍ത്തുന്നതിനായുള്ള എക്‌സര്‍സൈസ് ചെയ്യുന്നതും ബാറ്റിംഗ് പരിശീലിക്കുന്നതുമായ പോസ്റ്റുകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

രണ്ടു ദിവസം മുന്‍പ് താരത്തിന്റെ എക്‌സര്‍സൈസ് വീഡിയോ വന്നതുമുതല്‍ എക്‌സൈറ്റഡായ ആരാധകര്‍ ഇന്ന് പങ്കുവെച്ച പ്രാക്ടീസ് സെഷന്റെ ചിത്രങ്ങള്‍ കൂടി ആയതോടെ ആവേശത്തിന്റെ പരകോടിയിലാണ്.

നിരവധി ആരാധകരാണ് പോസ്റ്റുകള്‍ക്ക് പിന്നാലെ കമന്റുമായെത്തുന്നത്.

സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ള മുന്‍ താരങ്ങളെല്ലാം തന്നെ നിരന്തര വിമര്‍ശനമുന്നയിക്കുമ്പോഴാണ് താരം തന്റെ പ്രാക്ടീസുമായി മുമ്പോട്ട് പോവുന്നത്. വിമര്‍ശനങ്ങളെയെല്ലാം തന്നെ തന്റെ സ്വതസിദ്ധമായ പുഞ്ചിരിയാല്‍ കവച്ചുവെച്ച് തന്റെ ഹാര്‍ഡ് ഹിറ്റിംഗ് എബിലിറ്റിയെ മൂര്‍ച്ച വരുത്തുകയാണ് സഞ്ജു.

ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് തന്നെയാണ് സഞ്ജുവിന്റെ ലക്ഷ്യം. ഓസീസ് മണ്ണില്‍ മറ്റാരെക്കാളും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഞ്ജുവിനെ എന്തുതന്നെയായാലും ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി നേരത്തെ പറഞ്ഞിരുന്നു.

കെ.എല്‍. രാഹുല്‍, ദിനേഷ് കാര്‍ത്തിക്, സെലക്ടര്‍മാരുടെ ഫേവറിറ്റ് റിഷബ് പന്ത് തുടങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ നിരനിരയായി നില്‍ക്കുമ്പള്‍ ‘നോര്‍ത്ത് ഇന്ത്യന്‍ ലോബി’ കീപ്പറായി സഞ്ജുവിനെ സെലക്ട് ചെയ്യുമോ എന്ന കാര്യം സംശയമാണ്.

എന്നാല്‍, താന്‍ കേവലം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്രമല്ല എന്ന് സഞ്ജു പലപ്പോഴായി തെളിയിച്ചതാണ്. ആക്രോബാക്ടിക് സ്‌കില്ലുകള്‍ ഉള്‍പ്പടെ തന്റെ ആവനാഴിയിലുള്ള മികച്ച ഫീല്‍ഡര്‍ കൂടിയാണ് സഞ്ജു.

ഈ കഴിവെല്ലാം പുറത്തെടുക്കാന്‍ സഞ്ജുവിന് വേണ്ടത് ഒരു അവസരമാണ്. അയര്‍ലാന്‍ഡ് പര്യടനത്തില്‍ ആ അവസരം ലഭിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Sanju Samson Posts his Practice Session Photos and workout video