'ഒന്നും നോക്കണ്ട അടിച്ചു തകര്‍ത്തേക്ക്'; ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജുവിന് അവസരം ലഭിച്ചേക്കും
Cricket
'ഒന്നും നോക്കണ്ട അടിച്ചു തകര്‍ത്തേക്ക്'; ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജുവിന് അവസരം ലഭിച്ചേക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th September 2022, 1:36 pm

 

നിലവില്‍ ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും ഒരുപാട് ചര്‍ച്ചയാകുന്ന പേരാണ് സഞ്ജു സാംസണ്‍. മലയാളി താരമായ സഞ്ജു ട്വന്റി-20 ക്രിക്കറ്റില്‍ ഒരുപാട് ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുന്ന താരമാണ്. എന്നാല്‍ അടുത്ത മാസം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന് അവസരമില്ലായിരുന്നു.

സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. ട്വന്റി-20 ക്രിക്കറ്റില്‍ മോശം ഫോമില്‍ കളിക്കുന്ന പന്തിന് അവസരം നല്‍കികൊണ്ട് സാംസണെ ഒഴിവാക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. അദ്ദേഹത്തിന് വേണ്ടി ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും ആരാധകര്‍ മുറവിളി കൂട്ടിയിരുന്നു.

ലോകകപ്പിന് കളിക്കാന്‍ സാധിച്ചില്ലെങ്കിലും സഞ്ജുവിന് തന്റെ കഴിവ് ഒന്നുകൂടെ തെളിയിക്കാനുള്ള അവസരം ലഭിച്ചേക്കും. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിലാണ് അദ്ദേഹത്തിന് അവസരം ലഭിക്കുക.

ലോകകപ്പിന് തൊട്ട് മുന്നോടിയായി നടക്കുന്ന പരമ്പര ആയതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് റെസ്റ്റ് നല്‍കാനായിരിക്കും ഇന്ത്യന്‍ ടീമിന്റെ തീരുമാനം എന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാരണത്താല്‍ ബി ടീമിനെയായിരിക്കും ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ഇറക്കുക.

സിംബാബ്‌വെക്കെതിരെ ഇറങ്ങിയ ഇന്ത്യന്‍ ടീം തന്നെയായിരിക്കും ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിനത്തില്‍ ഇറങ്ങുക എന്നാണ് വിലയിരുത്തല്‍.

അതേസമയം ലോകകപ്പിനുള്ള ടീമിലേക്ക് ഒരു ഘട്ടത്തില്‍ പോലും സഞ്ജുവിനെ പരിഗണിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഒരു സാഹചര്യത്തില്‍ മുന്നും പിന്നും നോക്കാനില്ലാത്ത താരം ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ അടിച്ചുതകര്‍ക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Sanju Samson Might Play for India against South Africa In ODI Series