ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National Politics
എസ്.പി സ്ഥാനാര്‍ത്ഥിക്ക് ചുവന്ന പരവതാനി വിരിച്ചതിലൂടെ നിങ്ങള്‍ ശ്രീരാമന്റെ കോപത്തിന് ഇരയായിക്കഴിഞ്ഞു; ബി.ജെ.പിക്ക് തിരിച്ചടിക്ക് കാരണം എസ്.പി-ബി.എസ്.പി സഖ്യമല്ലെന്നും ശിവസേന
ന്യൂസ് ഡെസ്‌ക്
Wednesday 14th March 2018 1:52pm

ഗോരഖ്പൂര്‍: യു.പിയിലേയും ബീഹാറിലേയും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിയില്‍ നിലപാട് വിശദീകരിച്ച് ശിവസേന. ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടുണ്ടെങ്കില്‍ അത് എസ്.പി-ബി.എസ്.പി വിശാലസഖ്യം കാരണമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ പ്രതികരണം.

”എസ്.പി ബി.എസ്.പി വിശാലസഖ്യമാണ് ഇവിടെ പ്രവര്‍ത്തിച്ചതെന്ന് ഞാന്‍ കരുതുന്നില്ല. ശ്രീരാമ ദേവനെ ഏറ്റവും കൂടതല്‍ നിന്ദിച്ച സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവിന് നിങ്ങള്‍ ചുവപ്പുപരവതാനി വിരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഫലം നിങ്ങള്‍ അനുഭവിക്കുമെന്നാണ് എനിക്ക് പറയാനുള്ളത്”

ശ്രീരാമദേവനെ അപമാനിച്ചവന് വേണ്ടി നിങ്ങള്‍ എപ്പോള്‍ ചുവന്ന പരവതാനി വിരിച്ചുകൊടുത്തുവോ ആ ദിവസം ശ്രീരാമ ദേവന്റെ കോപം നിങ്ങള്‍ ഏറ്റുവാങ്ങിക്കഴിഞ്ഞു”- എന്നായിരുന്നു സഞ്ജയ് റൗത്തിന്റെ വാക്കുകള്‍.

ഗോരഖ്പൂരില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് പ്രവീണ്‍ കുമാര്‍ നിഷാദ് 1,33,565 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുകാണ്. ബി.ജെ.പിയുടെ ഉപേന്ദ്ര ദത്ത് ശുക്ലയ്ക്ക് 1,20,917 വോട്ടുകളാണ് ലഭിച്ചത്. ഒന്‍പതാം റൗണ്ട് കൗണ്ടിങ്ങാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

അതേസമയം അറാറിയ ലോക്‌സഭാ മണ്ഡലത്തില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്തുകൊണ്ടിരിക്കുന്നത്. 2,57108 വോട്ടാണ് ഇപ്പോള്‍ നേടിയത്. 2,44,957 വോട്ടുമായി ബിജെ.പി രണ്ടാം സ്ഥാനത്തും തുടരുകയാണ്.

25വര്‍ഷത്തിനുശേഷം ആദ്യമായി സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും ഒരുമിച്ച് മത്സരിക്കുന്നു എന്ന പ്രത്യേകതയം ഇത്തവണത്തെ യു.പി തെരഞ്ഞെടുപ്പിനുണ്ട്. അടുത്തവര്‍ഷം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഡ്രസ് റിഹേഴ്‌സല്‍ എന്ന നിലയിലാണ് ഉപതെരഞ്ഞെടുപ്പിനെ ഇരുപാര്‍ട്ടികളും കാണുന്നത്.

ഉപതെരഞ്ഞെടുപ്പു നടക്കുന്ന ഫൂലൂരിലും സമാജ്വാദി പാര്‍ട്ടി തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇവിടെ എസ്.പി സ്ഥാനാര്‍ത്ഥി വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഇരുമണ്ഡലങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.

അതേസമയം ഗോരഖ്പൂരില്‍ തെരഞ്ഞെടുപ്പ് ട്രെന്റ് റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങള്‍ക്കു വിലക്കുണ്ട്. റിപ്പോര്‍ട്ടര്‍മാരെ വോട്ടെണ്ണല്‍ നടക്കുന്നിടത്തുനിന്നും ജില്ലാ കലക്ടര്‍ പുറത്താക്കി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഗോരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു നടന്നത്. സമാജ് വാദി പാര്‍ട്ടിയും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്ന ഘട്ടത്തിലാണ് മാധ്യമങ്ങളെ വോട്ടെണ്ണല്‍ നടക്കുന്നയിടത്തു നിന്നും പുറത്താക്കിയത്.

Advertisement