'അഞ്ചല്ല, 25 വര്‍ഷം മുഖ്യമന്ത്രിസ്ഥാനം വേണം'; മഹാരാഷ്ട്രയിലെ സഖ്യധാരണയെക്കുറിച്ച് സഞ്ജയ് റാവത്ത്
national news
'അഞ്ചല്ല, 25 വര്‍ഷം മുഖ്യമന്ത്രിസ്ഥാനം വേണം'; മഹാരാഷ്ട്രയിലെ സഖ്യധാരണയെക്കുറിച്ച് സഞ്ജയ് റാവത്ത്
ന്യൂസ് ഡെസ്‌ക്
Friday, 15th November 2019, 10:09 am

മുംബൈ: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിസ്ഥാനം ശിവസേനയ്ക്കു തന്നെയെന്നു സ്ഥിരീകരിച്ച് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത്. അഞ്ചുവര്‍ഷമല്ല, 25 വര്‍ഷം ശിവസേനയ്ക്കു മുഖ്യമന്ത്രിസ്ഥാനം വേണമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ മഹാരാഷ്ട്രയില്‍ ഉള്ളവരാണെന്നും എപ്പോഴും സംസ്ഥാനത്തിനു വേണ്ടി നില്‍ക്കുമെന്നും മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയുടെ താത്പര്യപ്രകാരമാണ് പൊതുമിനിമം പദ്ധതി തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തില്‍ ധാരണയായതായുള്ള റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കുകയായിരുന്നു റാവത്ത്. കരാര്‍ പ്രകാരം ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം ലഭിക്കും. ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ കോണ്‍ഗ്രസിനും എന്‍.സി.പിയ്ക്കും ലഭിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും തമ്മില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ചര്‍ച്ചകള്‍ നടന്നിരുന്നു.

പൊതുമിനിമം പദ്ധതി(കോമണ്‍ മിനിമം പ്രോഗ്രാം) സംബന്ധിച്ച് മൂന്ന് പാര്‍ട്ടികളും ധാരണയിലെത്തി. ഇതുപ്രകാരം ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് (എന്‍.സി.പി) 14 മന്ത്രിമാരും കോണ്‍ഗ്രസിന് 12 മന്ത്രിസ്ഥാനവും ലഭിക്കും.

മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ 16 മന്ത്രിസ്ഥാനങ്ങളും ശിവസേനയ്ക്ക് ലഭിക്കുമെന്നാണ് അറിയുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എന്‍.സി.പി നേതാവ് ശരദ് പവാറും തമ്മില്‍ അടുത്ത ദിവസം തന്നെ കൂടിക്കാഴ്ച നടത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രം നിര്‍ദേശം നല്‍കിയിതിന് പിന്നാലെ ശിവസേന-കോണ്‍ഗ്രസ്- എന്‍.സി.പി നേതാക്കള്‍ വിവിധ ഘട്ടങ്ങളിലായി ചര്‍ച്ച നടത്തിയിരുന്നു.