'രാജ്യത്തെ തൊഴില്‍ നഷ്ടം പരിഹരിച്ചില്ലെങ്കില്‍ ജനം മോദിയുടെ രാജിയാവശ്യപ്പെടും'; കേന്ദ്രസര്‍ക്കാരിനെതിരെ സഞ്ജയ് റാവത്ത്
national news
'രാജ്യത്തെ തൊഴില്‍ നഷ്ടം പരിഹരിച്ചില്ലെങ്കില്‍ ജനം മോദിയുടെ രാജിയാവശ്യപ്പെടും'; കേന്ദ്രസര്‍ക്കാരിനെതിരെ സഞ്ജയ് റാവത്ത്
ന്യൂസ് ഡെസ്‌ക്
Sunday, 2nd August 2020, 2:24 pm

മുംബൈ: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്. തൊഴിലില്ലായ്മ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ആളുകള്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് രംഗത്തെത്തുന്ന സ്ഥിതിയുണ്ടാവുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

കൊവിഡ് മഹാമാരിക്കിടയില്‍ പത്ത് കോടി ജനങ്ങള്‍ക്ക് അവരുടെ ജീവിതം നഷ്ടപ്പെട്ടു. ആ ദുരിതം ബാധിച്ചത് 40 കോടി കുടുംബങ്ങളെയാണെന്നും റാവത്ത് ശിവസേനയുടെ മുഖപത്രമായ സാമാനയിലെ ലേഖനത്തില്‍ പറഞ്ഞു.

മധ്യവര്‍ഗ കുടുംബങ്ങളില്‍പ്പെട്ട തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടു.നാലു ലക്ഷം കോടിയുടെ നഷ്ടമാണ് വ്യാപാരമേഖലയ്ക്ക് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

‘ആളുകളുടെ ക്ഷമയ്ക്ക് ഒരു പരിധിയുണ്ട്. പ്രതീക്ഷയിലും ഉറപ്പിലും മാത്രം ജീവിക്കാന്‍ അവര്‍ക്ക് കഴിയില്ല. രാമന്റെ ‘വനവാസം’അവസാനിച്ചിട്ടുണ്ടെങ്കിലും നിലവിലെ സ്ഥിതി ബുദ്ധിമുട്ടാണെന്ന് പ്രധാനമന്ത്രി പോലും സമ്മതിക്കും. ജനങ്ങള്‍ക്ക് അവരുടെ ജീവിതത്തെക്കുറിച്ച് ഇത്രയധികം അരക്ഷിതാവസ്ഥ തോന്നിയ സമയം വേറെയുണ്ടാവില്ല,’ റാവത്ത് പറഞ്ഞു.

ഇസ്രഈലില്‍ കൊവിഡിനെ നേരിടുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം കൊവിഡിനെ നേരിടുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു റാവത്ത് നെതന്യാഹുവിനെ ഉദാഹരണമായി പറഞ്ഞത്.

റാഫേലിന് മുമ്പ് ഇന്ത്യയില്‍ സുഖോയി, എംഐജി എയര്‍ക്രാഫ്റ്റുകള്‍ വന്നപ്പോഴും ഇത്തരത്തിലൊരു ആഘോഷം കണ്ടിട്ടില്ലെന്നും റാവത്ത് പറഞ്ഞു.

ബോംബുകളെയും മിസ്സൈലുകളെയും വഹിക്കുന്ന റാഫേല്‍ വിമാനങ്ങള്‍ക്ക് രാജ്യത്തെ തൊഴിലില്ലായ്മയെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും പരിഹരിക്കാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ