സഞ്ജുവിന്റെ ശക്തമായ രണ്ടാം വരവില്‍ ഒരുപാട് കാര്യങ്ങളുണ്ട്: തുറന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍
Sports News
സഞ്ജുവിന്റെ ശക്തമായ രണ്ടാം വരവില്‍ ഒരുപാട് കാര്യങ്ങളുണ്ട്: തുറന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th January 2025, 3:41 pm

അടുത്തിടെ നടന്ന ടി-20മത്സരങ്ങളില്‍ മിന്നും പ്രകടനമാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. ബാക്ക് ടു ബാക്ക് സെഞ്ച്വറികള്‍ ഉള്‍പ്പെടെ മൂന്ന് സെഞ്ച്വറികളാണ് കഴിഞ്ഞ വര്‍ഷം താരം നേടിയത്. ഇതോടെ ഇന്ത്യയുടെ ടി-20 ടീമില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു.

ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയാണ്. ജനുവരി 22മുതലാണ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യയ്ക്കുള്ളത്.

മത്സരത്തില്‍ ആരാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ എത്തുന്നതെന്ന ചര്‍ച്ചയിലാണ് ആരാധകര്‍. സഞ്ജു സാംസണ്‍ തന്നെയാകും ഫസ്റ്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പറെന്ന് സീനിയര്‍ ക്രിക്കറ്റ് നിരീക്ഷകരടക്കം പറഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

Sanju Samson

സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്

‘സഞ്ജുവിന്റെ ശക്തമായ ഈ രണ്ടാം വരവിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്. ആത്മവിശ്വാസവും പക്വതയലുമെല്ലാം അവന്റെ ബാറ്റിങ്ങില്‍ നമുക്കുകാണാന്‍ സാധിക്കും. മാത്രമല്ല, തന്റെ വിക്കറ്റിന് സഞ്ജു ഇപ്പോള്‍ കൂടുതല്‍ മൂല്യം നല്‍കുന്നു. ഇതിനെല്ലാം പുറമെ വലിയ ഇന്നിങ്സുകള്‍ കളിക്കാനും സഞ്ജുവിന് സാധിക്കും.

ഒന്നല്ല, വീണ്ടും വീണ്ടും വലിയ ഇന്നിങ്സുകള്‍ താരം കളിച്ചുകൊണ്ടിരിക്കുകയാണ്. ചിലയാളുകള്‍ കരിയറില്‍ അല്‍പ്പം വൈകിയാണ് തിളങ്ങാറുള്ളത്, സഞ്ജുവിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.

ഞാന്‍ സഞ്ജു സാംസണിന്റെ വലിയൊരു ആരാധകനാണ്. ഒരുപാട് ഇഷ്ടമുള്ള ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് അവന്‍. പലപ്പോഴും നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നു തോന്നിപ്പിച്ചെങ്കിലും മതിയായ റണ്‍സ് സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം വന്നിട്ടുണ്ട്. നന്നായി ബാറ്റ് ചെയ്യുന്നതിനൊപ്പം റണ്‍സും കണ്ടെത്താന്‍ അവന് സാധിക്കുന്നുണ്ട്,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ടി-20ഐയില്‍ 37 മത്സരങ്ങളിലെ 33 ഇന്നിങ്‌സില്‍ നിന്ന് 810 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. 27.93 എന്ന ആവറേജിലും 155.17 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്.

Content Highlight: Sanjay Manjrekar Talking About Sanju Samson