'നായികമാരെ കേന്ദ്രീകരിച്ചുള്ള സിനിമ ചെയ്ത് വെറുതെ പണം കളയേണ്ട'; ആരാണ് ഇത് പറഞ്ഞുപരത്തുന്നത്: സഞ്ജയ് ലീല ബന്‍സാലി
Entertainment news
'നായികമാരെ കേന്ദ്രീകരിച്ചുള്ള സിനിമ ചെയ്ത് വെറുതെ പണം കളയേണ്ട'; ആരാണ് ഇത് പറഞ്ഞുപരത്തുന്നത്: സഞ്ജയ് ലീല ബന്‍സാലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th March 2022, 11:38 am

ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി അണിയിച്ചൊരുക്കിയ ഗംഗുബായ് കത്തിയാവാഡി തിയേറ്ററില്‍ മികച്ച പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്.

ഈയവസരത്തില്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന ചില സ്ത്രീവിരുദ്ധ ചിന്താഗതികളെക്കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകന്‍.

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്ത്രീപക്ഷ സിനിമകള്‍ക്കും നായികമാരെ കേന്ദ്രീകരിച്ചുള്ള സിനിമകള്‍ക്കുമെതിരെ മൂവി ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളെ സഞ്ജയ് ലീല ബന്‍സാലി രൂക്ഷമായി വിമര്‍ശിച്ചത്.

”സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള കഥകള്‍, നായികമാരെ കേന്ദ്രീകരിച്ചുള്ള സിനിമകള്‍ ഈ രാജ്യത്തിന് കാണാന്‍ ആഗ്രഹമില്ല എന്ന് ആരാണ് പറയുന്നത്.

ഇത് ഹീറോകളുടെ ഇന്‍ഡസ്ട്രിയാണെന്ന് നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. ആരാണ് ഇത് പറഞ്ഞ് പ്രചരിപ്പിക്കുന്നതെന്ന് അറിയില്ല.

നായക കേന്ദ്രീകൃത ഇന്‍ഡസ്ട്രി എന്ന ചിന്ത എവിടെ നിന്നാണ് വരുന്നത്.

ഹീറോകളുടെ ചിത്രങ്ങള്‍ മാത്രമേ തിയേറ്ററില്‍ ഓടൂ, അതില്‍ മാത്രം പണം നിക്ഷേപിച്ചാല്‍ മതി, അല്ലാതെ നായികമാരെ കേന്ദ്രീകരിച്ചുള്ള സിനിമകളില്‍ നിക്ഷേപിച്ച് വെറുതെ പണം കളയേണ്ട- എന്നൊക്കെ എവിടെ നിന്നാണ് വരുന്നത്.

നമ്മുടെ സിനിമാ മേഖലയിന്‍ നായകന്മാരെ കേന്ദ്രീകരിച്ചുള്ള സിനിമകളാണ് കൂടുതല്‍ വിജയിക്കുന്നത്, എന്ന ചിന്ത എവിടെ നിന്നാണ് വരുന്നതെന്ന് മനസിലാകുന്നില്ല. ഇത് സത്യമല്ല.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആരൊക്കെയോ ചേര്‍ന്ന് ഈ ചിന്ത ഇന്‍ഡസ്ട്രിയിലെ ആളുകളുടെ മനസില്‍ അടിച്ചേല്‍പ്പിക്കുകയാണ്. നമ്മള്‍ തെറ്റിദ്ധരിച്ച് പ്രേക്ഷകരെ കുറ്റപ്പെടുത്തുകയാണ്. പ്രത്യേകിച്ചും എണ്‍പതുകള്‍ മുതലിങ്ങോട്ട്.

ഇതിന് മാറ്റം വരുത്താന്‍ എന്റേതായ രീതിയില്‍ ചെറിയ കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിവാദങ്ങളുണ്ടായിരുന്നെങ്കിലും പദ്മാവത് ബിസിനസ് ലെവലിലും വളരെ നല്ല പെര്‍ഫോമന്‍സ് ആയിരുന്നു.

ഇപ്പോള്‍ പെര്‍ഫോം ചെയ്യുന്നത് പോലെ ഗംഗുബായിയും നന്നായി മുന്നോട്ട് പോകുകയാണെങ്കില്‍, നായികമാരൈ വെച്ച് സിനിമ ചെയ്യുന്നതില്‍ അല്‍പം സംശയിച്ച് നില്‍ക്കുന്ന ഒരുപാട് നല്ല ഫിലിംമേക്കേഴ്‌സിനെ അത് മുന്നോട്ടെത്തിക്കും,” സഞ്ജയ് ലീല ബന്‍സാലി പറഞ്ഞു.

ദീപിക പദുക്കോണിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് 2018ല്‍ ബന്‍സാലി ചെയ്ത പദ്മാവത് കളക്ഷന്റെ കാര്യത്തില്‍ ആ വര്‍ഷത്തെ മികച്ച വിജയങ്ങളിലൊന്നായിരുന്നു. ഏറെ നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 25നായിരുന്നു ഗംഗുബായ് കത്തിയാവാഡി റിലീസ് ചെയ്തത്. ഇതിനോടകം മികച്ച പ്രതികരണമാണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്.

2015ല്‍ പുറത്തിറങ്ങിയ ബന്‍സാലി ചിത്രം ബാജിറാവു മസ്താനിയിലും രണ്‍വീര്‍ സിംഗ് അവതരിപ്പിച്ച നായക കഥാപാത്രത്തിന് തുല്യമായ വേഷമായിരുന്നു ദീപിക പദുക്കോണ്‍ ചെയ്തത്.


Content Highlight: Sanjay Leela Bhansali about the misconceptions in movie industry on heroine-women oriented movies