എഡിറ്റര്‍
എഡിറ്റര്‍
മാധ്യമങ്ങള്‍ക്ക് മുന്നില്‍ സഞ്ജയ് ദത്ത് പൊട്ടിക്കരഞ്ഞു
എഡിറ്റര്‍
Thursday 28th March 2013 12:20pm

മുംബൈ: 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ആയുധ നിയമ്ര്രപകാരം ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.

മുംബൈയിലെ വസതിക്ക് മുന്നില്‍ സഹോദരി പ്രിയാദത്തിനൊപ്പം വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് സഞ്ജയ് ദത്ത് പൊട്ടിക്കരഞ്ഞത്.

Ads By Google

മുംബൈ സ്‌ഫോടനക്കേസില്‍ കോടതി അനുവദിച്ച സമയത്തിനുള്ളില്‍ കീഴടങ്ങുമെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. മാപ്പപേക്ഷ ഇതേവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

കോടതിവിധിയെ മാനിക്കുന്നു. ഞാന്‍ രാജ്യത്തെ സ്‌നേഹിക്കുന്നു. ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കാം. തകര്‍ന്ന മനുഷ്യനാണ് ഞാന്‍. ജീവിതത്തിലെ വിഷമകരമായ നിമിഷങ്ങളാണിത്.

എന്റെ കുടുംബം തകര്‍ന്നു. എന്നെ സഹായിച്ചവരോട് നന്ദി പറയുന്നു. ഇനിയുള്ള സമയം ഏറെ ജോലികള്‍ തീര്‍ക്കാനുണ്ട്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണം- ദത്ത് പറഞ്ഞു.

കോടതിവിധി വന്നശേഷം ആദ്യമായാണ് സഞ്ജയ് ദത്ത് മാധ്യമങ്ങളെ കാണുന്നത്.   വാര്‍ത്താസമ്മേളനം ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കകം ദത്ത് വികാരാധീനനാകുകയും പിന്നീട് മുഖംപൊത്തി പൊട്ടിക്കരയുകയും ആയിരുന്നു.

മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതെ അദ്ദേഹം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റുപോയി.

മുംബൈ സ്‌ഫോടനക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിന് മാപ്പ് നല്‍കണമെന്ന പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള നിരവധി ചലച്ചിത്രതാരങ്ങളും ആവശ്യപ്പെട്ടിരുന്നു.

സഞ്ജയ് ദത്തിന് മാപ്പു നല്‍കുന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ അപേക്ഷ ലഭിച്ചാല്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരിയും പ്രഖ്യാപിച്ചിരുന്നു. മാപ്പപേക്ഷ നല്‍കിയാല്‍ മാത്രമേ ഗവര്‍ണര്‍ക്കോ, രാഷ്ട്രപതിക്കോ അദ്ദേഹത്തിന്റെ കാര്യത്തില്‍ ഇടപെടാനാകുകയുള്ളു.

ആയുധങ്ങള്‍ കൈവശംവെച്ച കുറ്റത്തിനാണ് സുപ്രീം കോടതി സഞ്ജയ് ദത്തിനെ അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. നേരത്തേ, ഒന്നരവര്‍ഷം ദത്ത് തടവില്‍ കഴിഞ്ഞിട്ടുണ്ട്.

Advertisement