സ്മൃതി ഇറാനി ഫോളോ ചെയ്യുന്ന സംഘ് പേജില്‍ ഫലസ്തീന്‍ ബാലന്റെ വേദനയെ പരിഹസിച്ച് ട്രോള്‍
World News
സ്മൃതി ഇറാനി ഫോളോ ചെയ്യുന്ന സംഘ് പേജില്‍ ഫലസ്തീന്‍ ബാലന്റെ വേദനയെ പരിഹസിച്ച് ട്രോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th October 2023, 11:15 am

ന്യൂദല്‍ഹി: ഇസ്രഈല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഫലസ്തീന്‍ ബാലനെ പരിഹസിച്ച് പ്രമുഖ സംഘപരിവാര്‍ അനുകൂല എക്‌സ് പേജ്. ‘ഐ.എ.എസ് സ്‌മോക്കിങ് കില്‍സ്’ എന്ന എക്‌സ് പേജിലാണ് വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് പൊട്ടിക്കരയുന്ന കുഞ്ഞിനെ ട്രോള്‍ മീമിലൂടെ പരിഹസിക്കുന്നത്. ‘ഫെയര്‍ ആന്‍ഡ് ലൗലി’ ഫെയര്‍ ക്രീമിന്റെ പരസ്യത്തിനൊപ്പം കുട്ടിയുടെ ചിത്രവും ചേര്‍ത്തുവെച്ചാണ് പരിഹാസം.

‘പാല്‍ പോലെ തിളങ്ങുക(shine like milke- Nikhaar aisa, Dudh Jaisa)’ എന്ന ക്യാപ്ഷനോടെയാണ് ഈ ക്രൂരത ട്രോളായി ഷെയര്‍ ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ ഇതിന് ലൈക്കടിച്ചിട്ടുണ്ട്.

116 കെ ഫോളോവേഴ്‌സുള്ള ഈ പേജില്‍ കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പിയെയും അനുകൂലിക്കുന്ന നിരവധി പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധി ബി.ജെ.പി എം.പിമാരും എം.എല്‍.എമാരും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഫോളോ ചെയ്യുന്ന പേജാണിത്.

അതേസമയം, ഗസക്കുമേലുള്ള ഇസ്രഈല്‍ വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം അല്‍ അഹ്‌ലി ആശുപത്രിയില്‍ നടത്തിയ ആക്രമണത്തില്‍ 500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു.

ആശുപത്രിയില്‍ നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യോമാക്രമണത്തില്‍ ആശുപത്രിയുടെ 80 ശതമാനവും തകര്‍ന്നുവെന്നാണ് ഇവിടെ നിന്ന് രക്ഷപ്പെട്ട ഒരു ഡോക്ടര്‍ ബി.ബി.സിയോട് പറയുന്നത്.

ഇതുവരെ 3000ത്തിലധികം ഫലസ്തീനികളാണ് ഇസ്രഈല്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടത്. ഇതുകൂടാതെ 500ലേറെ കുട്ടികളടക്കം 1200 പേര്‍ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.


Content Highlight: sangh parivar pro-gang Twitter page mocks Palestinian boy killed in Israeli attack