മുഖ്യമന്ത്രി അടക്കം ഉന്നതരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു; ഇ.ഡിക്കെതിരെ മൊഴി നല്‍കി സന്ദീപ് നായര്‍
Kerala News
മുഖ്യമന്ത്രി അടക്കം ഉന്നതരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു; ഇ.ഡിക്കെതിരെ മൊഴി നല്‍കി സന്ദീപ് നായര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd April 2021, 7:45 pm

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നാണ് സന്ദീപ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി കെ. ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാന്‍ ഇ.ഡി നിര്‍ബന്ധിച്ചുവെന്നാണ് സന്ദീപ് നായരുടെ മൊഴി. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോള്‍ ഇ. ഡി ഉദ്യോഗസ്ഥര്‍ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു.

അഞ്ച് മണിക്കൂറിലധികമാണ് സന്ദീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.

അതേസമയം സന്ദീപ് നായരെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് നടപടിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് രംഗത്തെത്തി. ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയ നടപടി പിന്‍വലിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് നായര്‍ ജില്ലാ ജഡ്ജിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുനില്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് ഇ.ഡിക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ ദിവസം സന്ദീപ് നായരടക്കം അഞ്ചുപേര്‍ മാപ്പുസാക്ഷികളാക്കി കോടതി ഉത്തരവിട്ടിരുന്നു. മാപ്പുസാക്ഷികളാക്കാനുള്ള എന്‍.ഐ.എയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

മാപ്പുസാക്ഷിയായതിനെ തുടര്‍ന്ന് കോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റു കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ സന്ദീപ് നായര്‍ക്ക് പുറത്തിറങ്ങാനാകില്ല. എന്‍ഫോഴ്സ്മെന്റ് കേസും കസ്റ്റംസ് കേസില്‍ കോഫെ പോസെ ചുമത്തിയതിയിട്ടുള്ളതും കൊണ്ടും കൂടിയാണ് സന്ദീപിന് പുറത്തിറങ്ങാന്‍ സാധിക്കാത്തത്.

മുഹമ്മദ് അന്‍വര്‍, അബ്ദുള്‍ അസീസ്, നന്ദഗോപാല്‍ തുടങ്ങിയവരാണ് കേസില്‍ മാപ്പുസാക്ഷികളായ മറ്റു പ്രതികള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sandeep Nair statement against Enforcement directorate to Crime Branch