എഡിറ്റര്‍
എഡിറ്റര്‍
‘മതേതര ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും കോണ്‍ഗ്രസിലാണ്’; അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സനല്‍കുമാര്‍ ശശിധരന്‍
എഡിറ്റര്‍
Wednesday 9th August 2017 10:29pm

കോഴിക്കോട്: ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നീക്കങ്ങളെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേല്‍ വിജയിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുടെ പ്രതീക്ഷ കോണ്‍ഗ്രസ് മാത്രമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അഞ്ഞൂറ്, ആയിരം നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് രംഗത്ത് വന്നയാളാണ് സനല്‍കുമാര്‍. ഇത് രാജ്യത്തിനു ഗുണകരമായ തീരുമാനമാണ് മോദി സര്‍ക്കാറിന്റേതെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

ഒരാള്‍പ്പൊക്കം, ഒഴിവ് ദിവസത്തെ കളി, സെക്‌സി ദുര്‍ഗ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സനല്‍കുമാര്‍ ശശിധരന്‍. അന്താരാഷ്ട്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് സെക്സി ദുര്‍ഗ.

ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ചതിന് എട്ട് എം.എല്‍.എമാരെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. കഴിഞ്ഞ രാത്രിയുണ്ടായ നാടകീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൂറുമാറിയ രണ്ട് എം.എല്‍.എമാരേയും പുറത്താക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആറ് എം.എല്‍.എമാരെ കൂടി പുറത്താക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read:  ‘ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്ത് മാറി നിന്നവര്‍ക്ക് ചരിത്രത്തിന്റെ പങ്ക് പറ്റാന്‍ അര്‍ഹതയില്ല’; യെച്ചൂരിയ്ക്ക് പിന്നാലെ പാര്‍ലമെന്റില്‍ ബി.ജെ.പിയെ ചരിത്രം പഠിപ്പിച്ച് സോണിയയും, വീഡിയോ കാണാം


പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്കാണ് ഇവരെ പുറത്താക്കിയത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി വിട്ട ശങ്കര്‍ സിംഗ് വഗേലയുമായി അടുത്ത ബന്ധമുളള എം.എല്‍.എമാരെയാണ് പുറത്താക്കിയത്. അഹമ്മദ് പട്ടേലിന് എതിരെ വോട്ട് ചെയ്തതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

Advertisement