'മഹേഷേട്ടന്‍ ഉറങ്ങിയിട്ടുണ്ടാവില്ലെന്ന് എനിക്കറിയാമായിരുന്നു, ഞാന്‍ വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ ഫഹദിക്കക്ക് കൊടുത്തു'; സനല്‍ അമന്‍ പറയുന്നു
Entertainment
'മഹേഷേട്ടന്‍ ഉറങ്ങിയിട്ടുണ്ടാവില്ലെന്ന് എനിക്കറിയാമായിരുന്നു, ഞാന്‍ വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ ഫഹദിക്കക്ക് കൊടുത്തു'; സനല്‍ അമന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th July 2021, 3:24 pm

മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസ് ആയതിന് ശേഷമുള്ള അനുഭവങ്ങള്‍ തുറന്നുപറയുകയാണ് സിനിമയില്‍ പതിനേഴ് കാരനെ അവതരിപ്പിച്ച യുവനടന്‍ സനല്‍ അമന്‍. റിലീസ് ആയ രാത്രി തന്നെ മാലിക് കണ്ടുകഴിഞ്ഞ് സംവിധായകന്‍ മഹേഷ് നാരായണനെ വിളിച്ച അനുഭവമാണ് സനല്‍ പങ്കുവെക്കുന്നത്.

‘മഹേഷേട്ടന്‍ അന്ന് ഉറങ്ങിയിട്ടുണ്ടാവില്ലെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് പുലര്‍ച്ചെ രണ്ടേകാല്‍ ഒക്കെ ആയപ്പോള്‍ ഞാന്‍ മഹേഷേട്ടനെ വിളിച്ചു. പടം കണ്ട് ഇഷ്ടമായി സന്തോഷം കൊണ്ട് വിളിച്ചതാണെന്ന് മഹേഷേട്ടനോട് പറഞ്ഞു. ഒരു കാര്യം ചെയ്യ് ഞാന്‍ ഒരാള്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞ് മഹേഷേട്ടന്‍ ഫോണ്‍ മറ്റൊരാള്‍ക്ക് കൊടുത്തു. പെട്ടെന്ന്, ഫ്രെഡ്ഡി ഡേയ് എന്നുപറഞ്ഞ് ഒരാള്‍ എന്നോട് സംസാരിച്ചു. ആരാണെന്ന് എനിക്ക് മനസ്സിലായില്ല. പിന്നെയാണ് മനസ്സിലായത് ഫഹദിക്കയാണെന്ന്. മഹേഷേട്ടനും ഫഹദിക്കയും ഒരുമിച്ചാണ് സിനിമ കണ്ടുകൊണ്ടിരുന്നത്,’ സനല്‍ പറയുന്നു.

തനിക്കേറെ ഇഷ്ടമുള്ള നടനാണ് ഫഹദെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും സനല്‍ പറഞ്ഞു.

ഷോട്ടുകള്‍ എടുത്ത് കഴിയുമ്പോള്‍ മഹേഷ് നാരായണനോട് അഭിപ്രായം ചോദിച്ചിരുന്നതിനെപ്പറ്റിയും സനല്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ഷോട്ട് എടുത്ത് കഴിഞ്ഞ് പെട്ടെന്ന് മഹേഷേട്ടന്‍ ഓക്കെ പറഞ്ഞുകഴിഞ്ഞാല്‍, മഹേഷേട്ടാ അത് ഓക്കെ ആണോ എന്ന് ഞാന്‍ വീണ്ടും ചോദിക്കുമായിരുന്നു. ഒന്ന് വിശ്വസിക്കെടാ ഓക്കെയാണ് എന്ന് മഹേഷേട്ടന്‍ അപ്പോള്‍ പറയും. അങ്ങനെ പറഞ്ഞതിന് ശേഷം ഞാന്‍ രണ്ടാമത് ചോദിക്കാന്‍ പോവാറില്ല. നമുക്ക് എത്ര ചെയ്താലും തൃപ്തി വരുന്നില്ല എന്നതാണ് സത്യം. കുറച്ച് കൂടി നന്നാക്കാമായിരുന്നല്ലോ എന്ന് തോന്നും. എന്നാല്‍ എത്ര വേണമെന്നതിന്റെ കൃത്യം മീറ്റര്‍ മഹേഷേട്ടന് അറിയാമായിരുന്നു,’ സനല്‍ പറയുന്നു.

സംവിധായകന് ഷോട്ടുകളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നുവെന്നും ആ ബെഞ്ച് മാര്‍ക്ക് കിട്ടുന്നതുവരെ അദ്ദേഹം ചെയ്യിപ്പിക്കുമായിരുന്നുവെന്നും സനല്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sanal Aman says about Fahadh Fazil