വ്യാജവാര്‍ത്ത പ്രചരണം: ജന്മഭൂമിക്കെതിരെ പരാതിയുമായി എ. സമ്പത്ത്
keralanews
വ്യാജവാര്‍ത്ത പ്രചരണം: ജന്മഭൂമിക്കെതിരെ പരാതിയുമായി എ. സമ്പത്ത്
ന്യൂസ് ഡെസ്‌ക്
Thursday, 16th July 2020, 6:27 pm

തിരുവനന്തപുരം: വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ജന്മഭൂമി പത്രത്തിനെതിരെ പരാതിയുമായി മുന്‍ എം.പി എ സമ്പത്ത്. ഡി.ജി.പി ക്കാണ് പരാതി നല്‍കിയത്.

‘എ. സമ്പത്തും വിളിച്ചു; ജോണ്‍ ബ്രിട്ടാസിനെയും എം സി ദത്തനേയും ചോദ്യം ചെയ്യും’ എന്ന തലക്കെട്ടോടു കൂടിയുള്ള വാര്‍ത്തയ്‌ക്കെതിരെയാണ് അദ്ദേഹം പരാതി നല്‍കിയത്. ജൂലൈ 10 നാണ് ജന്മഭൂമി ഓണ്‍ലൈനില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന കാര്‍ഗോ ബാഗ് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ മുന്‍ എം.പി സമ്പത്ത് വിളിച്ചിരുന്നു. ഈ ഇടപെടല്‍ എന്തിനാണെന്ന് അദ്ദേഹത്തിന് വിശദീകരിക്കേണ്ടി വരും- എന്നായിരുന്നു വാര്‍ത്തയ്ക്കുള്ളിലെ പരാമര്‍ശം.

കൂടാതെ വാര്‍ത്തയോടൊപ്പം എ സമ്പത്തിന്റെ ഫോട്ടോയും ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. അതേസമയം ജന്മഭൂമിയുടെ നടപടി കേരള പൊലീസ് ആക്ട് 120(0) പ്രകാരം ശിക്ഷാര്‍ഹമാണെന്ന് അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു.

വാര്‍ത്ത വാസ്തവ വിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. മനപൂര്‍വം തന്നെ അപമാനിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ എം.പിയായ സമ്പത്ത് നിലവില്‍ ദല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ