മുസ്‌ലിം ലീഗ് സമസ്തയുടേതാണ്, സമസ്ത മുസ്‌ലിം ലീഗിന്റേതുമാണ്; സമസ്തയുടെ സമ്മേളന വേദിയില്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍
Kerala News
മുസ്‌ലിം ലീഗ് സമസ്തയുടേതാണ്, സമസ്ത മുസ്‌ലിം ലീഗിന്റേതുമാണ്; സമസ്തയുടെ സമ്മേളന വേദിയില്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd January 2022, 11:17 pm

മലപ്പുറം: മുസ്‌ലിം ലീഗ് സമസടേതും, സമസ്ത മുസ്‌ലിം ലീഗിന്റേതുമാണെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍. സമസ്തയുടെ മലപ്പുറം ജില്ല സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ തീര്‍ത്തും പറയട്ടെ മുസ്‌ലിം ലീഗ് സമസ്തയുടേതാണ്, കാരണം ലീഗിലുള്ള ബഹുഭൂരിഭാഗം ആളുകളും സമസ്തയിലുള്ള ആളുകളാണ്. ഒരു സംഘടനയാവട്ടെ, ഓഫീസാകട്ടെ അവടെയുള്ള കൂടുതല്‍ ആളുകള്‍ ഏതിലേതാണോ അവരുടേതാണത്. ആ അര്‍ഥത്തില്‍ ലീഗ് സമസ്തയുടെ പാര്‍ട്ടിയാണ്. സമസ്ത മുസ്‌ലിം ലീഗിന്റേതാണ്,’ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ പറഞ്ഞു.

വേദിയിലിരിക്കുന്ന കുഞ്ഞാലിക്കുട്ടി, സമദാനി എന്നിവരെല്ലാം സമസ്തയുടെ അനുഭാവികളാണ്. ലീഗ് നേതാക്കള്‍ സമസ്തയുടെ പരിപാടികളില്‍ പങ്കെടുത്ത് സന്തോഷം പുങ്കിടുന്നുവരാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സംഘടനകളില്‍ ചിലതുമായി സമസ്തയ്ക്ക് ശക്തമായ ബന്ധമുണ്ടെന്ന്  ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമ്മേളനത്തില്‍ പറഞ്ഞു. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാലത് സമസ്തയുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയുടെ പ്രവര്‍ത്തകര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഒന്നാം സ്ഥാനം നല്‍കേണ്ടത് സംഘടനക്കാണ്. സമസ്ത രാഷ്ട്രീയ പാര്‍ട്ടികളുമായി കാലാകാലം തടരുന്ന ബന്ധം ഇന്നും തുടര്‍ന്നുപോകുന്നുണ്ട്. അതിന് ഇതുവരെ ഒരു കോട്ടവും ഏറ്റിട്ടില്ല. അങ്ങനെ ആര് വിചാരിച്ചാലും നടക്കുകയുമില്ല. നിലവിലെ സ്ഥിതി തിരുത്തേണ്ട ഒരു കാരണവും ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയും സമദാനിയുമൊക്കെ സമസ്തയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് അവര്‍ സുന്നികളായത് കൊണ്ടാണ്. ഇതൊരു സൗഹൃദ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.എല്ലാ രാഷ്ട്രീയക്കാരും സമസ്തയിലുണ്ട്. ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ചുപോവുകയെന്നതാണ് സമസ്തയുടെ നിലപാട്. എന്നാല്‍ എതിര്‍ക്കേണ്ട കാര്യങ്ങളില്‍ സര്‍ക്കാരുകളെ എതിര്‍ത്ത പാരമ്പര്യവും സമസ്തയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സമസ്തയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ഉണ്ട്. അതില്‍ അധികമുള്ളത് വേദിയിലുള്ള കുഞ്ഞാലിക്കുട്ടി സാഹിബ് നയിക്കുന്ന മുസ്ലിം ലീഗാണ്. ലീഗില്‍ തന്നെ എല്ലാ വിഭാഗം ആളുകളും ഉണ്ടല്ലോ. മുജാഹിദ് വിഭാഗക്കാരും ലീഗിലുണ്ട്. അതുപോലെ കോണ്‍ഗ്രസുകാരും മറ്റ് പാര്‍ട്ടിക്കാരും സമസ്തയിലുണ്ട്,’ ജിഫ്രി തങ്ങള്‍ പറഞ്ഞു.

വധഭീഷണിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയും താന്‍ പരാതി നല്‍കിയിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. തനിക്കെതിരെയുള്ള ആക്ഷേപങ്ങള്‍ക്ക് പുല്ലു വിലയാണ് കല്‍പ്പിക്കുന്നത്. വധഭീഷണി എന്നൊന്നും താന്‍ ആരോടും പറഞ്ഞിട്ടില്ല. തനിക്കെതിരെ ആരും വധ ഭീഷണി നടത്തിയിട്ടുമില്ല. ഒരു പ്രസംഗത്തില്‍ കുട്ടികളോട് തനിക്കുണ്ടായ അനുഭവം പങ്കുവെക്കുക മാത്രമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTNT HIGHLIGHTS: Samastha Kerala Education Board General Secretary M.T. Abdullah Musliyar Statement about Muslim league