ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National Politics
തിരിച്ചടിയില്‍ പതറി ബി.ജെ.പി; തെരഞ്ഞെടുപ്പ് മുന്നേറ്റം പടക്കംപൊട്ടിച്ച് ആഘോഷിച്ച് സമാജ് വാദി -ബി.എസ്.പി പ്രവര്‍ത്തകര്‍
ന്യൂസ് ഡെസ്‌ക്
Wednesday 14th March 2018 12:44pm

ഗോരഖ്പൂര്‍: ഗോരഖ്പൂര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിയെ ആഘോഷമാക്കി സമാജ്‌വാദി-ബി.എസ്.പി പ്രവര്‍ത്തകര്‍. പടക്കം പൊട്ടിച്ചാണ് എസ്.പി സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റത്തെ പ്രവര്‍ത്തകര്‍ ആഘോഷമാക്കുന്നത്.

ഗോരഖ്പൂരിലും ഫുല്‍പൂര്‍പൂരിലും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണ് ഇപ്പോള്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നത്.


Also Read യോഗിയുടെ മണ്ഡലമായ ഗോരഖ്പൂര്‍ തെരഞ്ഞെടുപ്പ് ട്രെന്റ് റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങള്‍ക്ക് വിലക്ക്: വിലക്ക് ബി.ജെ.പി പിന്നിലായതിനു പിന്നാലെ


മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ ഫലം പുറത്തുവന്ന ഘട്ടത്തില്‍ സമാജ്വാദി പാര്‍ട്ടിയാണ് ഗോരഖ്പൂരില്‍ മുന്നിട്ടു നില്‍ക്കുന്നത്. 43,456 വോട്ടുകള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഉപേന്ദ്ര ദത്ത ശുക്ല നേടിയപ്പോള്‍ സമാജ്വാദി പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് 44979 വോട്ടുകള്‍ നേടി മുന്നിട്ടുനില്‍ക്കുകയാണ്.

എട്ടാം റൗണ്ട് പോളിങ് നടക്കുകയാണെങ്കിലും മൂന്നാം റൗണ്ടിനുശേഷമുള്ള ഫലങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

25വര്‍ഷത്തിനുശേഷം ആദ്യമായി സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയും ഒരുമിച്ച് മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഇത്തവണത്തെ യു.പി തെരഞ്ഞെടുപ്പിന്. അടുത്തവര്‍ഷം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഡ്രസ് റിഹേഴ്സല്‍ എന്ന നിലയിലാണ് ഉപതെരഞ്ഞെടുപ്പിനെ ഇരുപാര്‍ട്ടികളും കാണുന്നത്.

ഉപതെരഞ്ഞെടുപ്പു നടക്കുന്ന ഫൂലൂരിലും സമാജ്വാദി പാര്‍ട്ടി തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇവിടെ എസ്.പി സ്ഥാനാര്‍ത്ഥി വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഇരുമണ്ഡലങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.

അതേസമയം ഗോരഖ്പൂരില്‍ തെരഞ്ഞെടുപ്പ് ട്രെന്റ് റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങള്‍ക്കു വിലക്കുണ്ട്. റിപ്പോര്‍ട്ടര്‍മാരെ വോട്ടെണ്ണല്‍ നടക്കുന്നിടത്തുനിന്നും ജില്ലാ കലക്ടര്‍ പുറത്താക്കി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഗോരഖ്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു നടന്നത്. സമാജ് വാദി പാര്‍ട്ടിയും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്ന ഘട്ടത്തിലാണ് മാധ്യമങ്ങളെ വോട്ടെണ്ണല്‍ നടക്കുന്നയിടത്തു നിന്നും പുറത്താക്കിയത്.

Advertisement